SignIn
Kerala Kaumudi Online
Monday, 15 June 2026 8.52 PM IST

തൊഴിലുറപ്പ് പദ്ധതി ആരുടെ കുഞ്ഞ്?

p

തിരുവനന്തപുരം: ഒന്നാം യു.പി.എ സർക്കാർ നടപ്പാക്കിയ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ആരുടെ കു‌ഞ്ഞെന്നതിനെച്ചൊല്ലി നിയമസഭയിൽ ഭരണ- പ്രതിപക്ഷ വാഗ്വാദം.

ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയോടെ അധികാരമേറ്റ ഒന്നാം മൻമോഹൻ സിംഗ്

സർക്കാർ നടപ്പാക്കിയ സുപ്രധാന പദ്ധതിയാണിതെന്ന്, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ അവതരിപ്പിക്കവേ മന്ത്രി എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു. ആ സർക്കാരിനെ ഇടതുപക്ഷം പിന്തുണച്ചത് കൊണ്ട് നടപ്പാക്കിയതാണെന്ന് സി.പി.എം തെറ്റിദ്ധരിപ്പിക്കുന്നുവെന്നായി പി.ടി. തോമസിന്റെ വാദം. . കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കിയത് സി.പി.എം പിന്തുണ കാരണമാണെന്ന് പറയുന്നതിനെ മാത്യു കുഴൽനാടൻ പരിഹസിച്ചു . രമേശ് ചെന്നിത്തലയും ഇത് ശരി വച്ചു.

എന്നാൽ, ഇടതുപക്ഷ പിന്തുണയോടെയാണ് ആ സർക്കാർ നിലനിന്നതെന്ന കാര്യം മറക്കരുതെന്ന് മന്ത്രി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ വരാതിരിക്കാനാണ് ഒന്നാം ഇടതുപക്ഷം പിന്തുണച്ചത്. അല്ലാതെ കോൺഗ്രസിനോടുള്ള സ്നേഹം കൊണ്ടല്ല. ആ സഖ്യത്തിലെ പൊതുമിനിമം പരിപാടിയുടെ ഭാഗമായാണ് തൊഴിലുറപ്പ് പദ്ധതിയും നടപ്പായത്. ജനപക്ഷ വാഗ്ദാനങ്ങൾ നടപ്പാക്കുന്ന ശീലമില്ലാത്തതിനാലാണ് കോൺഗ്രസിനെ വലതുപക്ഷമെന്ന് പറയുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മദ്ധ്യവർത്തി ഇടതുപക്ഷമാണ് കോൺഗ്രസെന്നും,സഭയെ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

അതോടെ, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും മന്ത്രി ഗോവിന്ദൻ നിർവചിച്ചു. ജനങ്ങളുടെ സമ്മർദ്ദം മനസ്സിലാക്കിയുള്ള നിയമങ്ങൾ നിർമ്മിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇടതുപക്ഷം. അത്തരത്തിൽ നിയമം നിർമ്മിച്ചാലും അത് നടപ്പാക്കാത്തവരാണ് വലതുപക്ഷം. ബ്രിട്ടീഷുകാർ നിർവചിച്ചത് പോലെ രാജാവിന്റെ ഇടത് വശത്തിരിക്കുന്നവർ ഇടതുപക്ഷമല്ലെന്നും മന്ത്രി പറഞ്ഞു. സഭയിൽ ഇടതുവശത്തിരിക്കുന്ന തങ്ങൾ തന്നെയാണ് ഇടതുപക്ഷമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വാദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA