SignIn
Kerala Kaumudi Online
Sunday, 07 June 2026 3.22 PM IST

കൽക്കരി കൈവിട്ടു; രക്ഷയായി ജലവൈദ്യുതി, 20 വർഷത്തിനിടെ ആദ്യമായി ഉത്പാദനം 31 ദശലക്ഷം യൂണിറ്റ്

kk

താപവൈദ്യുതിക്കായി കാത്തിരിക്കരുതെന്ന് കേന്ദ്രം

തിരുവനന്തപുരം: താപ വൈദ്യുതിക്കായി കാത്തിരിക്കേണ്ടെന്നും കഴിയുന്നത്ര ജല വൈദ്യുതി ഉത്പാദനം കൂട്ടി പ്രതിസന്ധി മറികടക്കണമെന്നും കേരളത്തിന് കേന്ദ്ര നിർദ്ദേശം. ഒക്ടോബർ 31 വരെയെങ്കിലും ജലവൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കേണ്ടി വരുമെന്ന് കേന്ദ്ര ഊർജ്ജ സെക്രട്ടറി അലോക് കുമാർ സംസ്ഥാന ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ പറയുന്നു. 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതിയിൽ ഉത്പാദനം കൂട്ടി വൈകിട്ട് 6 മുതൽ 8 വരെയുള്ള പീക്ക് അവറിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും നിർദ്ദേശിച്ചു.

പ്രതിസന്ധി കണക്കിലെടുത്ത് സംസ്ഥാനത്തെ ജലവൈദ്യുതി ഉദ്പാദനം ഇരട്ടിയാക്കി. 18 ദശലക്ഷം യൂണിറ്റായിരുന്ന പ്രതിദിന ഉത്പാദനം ഇപ്പോൾ 31 ദശലക്ഷം യൂണിറ്റിന് മേലെയാണ്. ജലം ഒഴുകി എത്തുന്നതിന് അനുസരിച്ച് ചെറുകിട ജലവൈദ്യുത പദ്ധതികൾ പൂർണ്ണമായും പ്രവർത്തിപ്പിച്ചാണിത്. ഇരുപത് വർഷത്തിനിടെ, ഇതാദ്യമാണ് സംസ്ഥാനം ഇത്രയധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഇടുക്കി ,ശബരിഗിരി,ഇടമലയാർ ,ഷോളയാർ ,പള്ളിവാസൽ എന്നീ അഞ്ച്‌ പദ്ധതികളിൽ നിന്ന് 19. 2 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ലഭിക്കുന്നത്. കേന്ദ്ര വിഹിതവും കരാറുകളും വഴി 51 ദശലക്ഷം യൂണിറ്റ് വൈദ്യുതി കിട്ടിക്കൊണ്ടിരുന്നത് 36 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. വില യൂണിറ്റിന് 1.90 രൂപയിൽ നിന്ന് 20 രൂപ വരെയായി. ഇപ്പോൾ 0.12 ദശലക്ഷം യൂണിറ്റ് മാത്രമാണ് ഉയർന്ന വിലയ്ക്ക് വാങ്ങുന്നത് .

താപ-ആണവ നിലയങ്ങളെയും സ്ഥിരതയില്ലാത്ത സോളാർ, കാറ്റ് വൈദ്യുതിയെയും ആശ്രയിച്ച് അധികം മുന്നോട്ട് പോകാനാവില്ല. 135 താപനിലയങ്ങളിൽ 112ലും കൽക്കരി സ്റ്റോക്കില്ലാത്തത് പല സംസ്ഥാനങ്ങളെയും പവർക്കട്ടിലെത്തിച്ചു. വൻകിട വ്യവസായ സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. കൽക്കരി ഇറക്കുമതിയിലുടെ വൈദ്യുതി കമ്മി 11 ജിഗാ വാട്ടിൽ നിന്ന് 5 ജിഗാ വാട്ടായി കുറയ്ക്കാനായെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും രാജ്യത്ത് പ്രതിസന്ധി രൂക്ഷമാണ്.

സംസ്ഥാനത്തെ വൈദ്യുതി സ്ഥിതി

(ദശലക്ഷം യൂണിറ്റ്)

69.52 : ഉപഭോഗം

31.3 : ജലവൈദ്യുതി

1.96 : മറ്റ് മാർഗ്ഗങ്ങളിലുടെ

36.25 : കേന്ദ്ര ഗ്രിഡ്, കരാർ

``ജലലഭ്യത പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് സജീവ പരിഗണനയിലാണ്. നിലവിൽ പവർക്കട്ട് പോലുള്ള കർശന നടപടികൾ വേണ്ടി വരില്ല.''

-കെ.കൃഷ്ണൻകുട്ടി, വൈദ്യുതി മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POWER SHORTAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA