SignIn
Kerala Kaumudi Online
Friday, 29 May 2026 9.46 PM IST

നടതുറന്നു, ശരണാരവങ്ങളിലേക്ക് ശബരീശ സന്നിധി

s

ശബരിമല: വ്രതവിശുദ്ധിയുടെ ശരണാരവങ്ങളുമായി മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യിൽ നിന്നുണർത്തി ശ്രീകോവിലിൽ ദീപം തെളിച്ചു. ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം പകർന്ന ശേഷം പതിനെട്ടാംപടിയിറങ്ങി ആഴി ജ്വലിപ്പിച്ചു.

ഇരുമുടിക്കെട്ടുമായി കാത്തുനിന്ന നിയുക്ത ശബരിമല മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയെയും മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിയെയും കൈപിടിച്ച് പതിനെട്ടാംപടി കയറ്റി. വൈകിട്ട് ആറുമണിയോടെ ശ്രീകോവിലിന് മുന്നിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയുടെ അവരോധന ചടങ്ങ് നടന്നു. കലശം പൂജിച്ച് മേൽശാന്തിയെ അഭിഷേകം ചെയ്തശേഷം തന്ത്രി ശ്രീകോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി അയ്യപ്പസ്വാമിയുടെ മൂലമന്ത്രം പകർന്നുനൽകി. തുടർന്ന് മാളികപ്പുറം ക്ഷേത്രത്തിൽ മാളികപ്പുറം മേൽശാന്തി ശംഭുനമ്പൂതിരിയുടെ അവരോധന ചടങ്ങും നടന്നു.

കഴിഞ്ഞ ഒരു വർഷം പുറപ്പെടാമേൽശാന്തിമാരായിരുന്ന ശബരിമല മേൽശാന്തി വി. കെ. ജയരാജ് പോറ്റിയും മാളിപ്പുറം മേൽശാന്തി രജിനമ്പൂതിരിയും രാത്രി ഒൻപത് മണിയോടെ നാട്ടിലേക്ക് മടങ്ങി. വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ ഇരുക്ഷേത്രനടകളും പുതിയ മേൽശാന്തിമാരാണ് തുറക്കുക. ദേവസ്വം മന്ത്രി എൻ. രാധാകൃഷ്ണൻ, പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, മെമ്പർ മനോജ് ചരളേൽ എന്നിവരും ശബരിമലയിൽ എത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങൾ ഇങ്ങനെ

വെർച്വൽ‌ ക്യൂവിൽ മുൻകൂർ അനുമതി വാങ്ങിയവർക്ക് മാത്രം ദർശനത്തിന് അനുമതി. സ്പോട്ട് രജിസ്ട്രേഷൻ താത്കാലകമായി നിറുത്തി. പമ്പാനദിയിൽ സ്നാനം അനുവദിക്കില്ല. കൊവിഡിന്റെ രണ്ട് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം.

നിലയ്ക്കലിൽ കൊവിഡ് പരിശോധനയ്ക്ക് സൗകര്യം. ഭക്തർക്ക് രാത്രി 8 മണി വരെ മാത്രം സന്നിധാനത്ത് തങ്ങാം

എല്ലാ ദിവസവും പടിപൂജ

ഇത്തവണ എല്ലാ ദിവസവും പടിപൂജയുണ്ട്. മാസപൂജാ വേളകളിൽ നടത്തേണ്ടിയിരുന്ന നിരവധി പടിപൂജകൾ കൊവിഡ് കാരണം മുടങ്ങിയതിനാലും രാത്രി എട്ടുമണിക്ക് മുമ്പായി തീർത്ഥാടകരുടെ പടികയറ്റം അവസാനിക്കുന്നതിനാലുമാണ് എല്ലാ ദിവസവും പടിപൂജ നടത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA