SignIn
Kerala Kaumudi Online
Friday, 05 June 2026 2.47 AM IST

ദയാഹർജി രാഷ്ട്രപതി തള്ളിയിട്ടും സഹോദരിമാർക്ക് തൂക്ക് കയർ ഒഴിവായി, തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത് ഒൻപത് കുട്ടികളെ 

shinde-gavitte-case

മുംബയ്: ദയാഹർജിയിൽ തീരുമാനമെടുക്കുന്നതിൽ വന്ന അകാരണമായ കാലതാമസം പരിഗണിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്ത് ബോംബെ ഹൈക്കോടതി ഉത്തരവ്. 1990കളുടെ അവസാനം ഇന്ത്യയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഷിൻഡെ ഗാവിറ്റ് കേസിലെ പ്രതികളായ രേണുക, സീമ എന്നിവരുടെ ശിക്ഷയാണ് ജീവപര്യന്തമാക്കിയത്. ദയാഹർജിയിലെ അകാരണമായ കാലതാമസം ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, 25 വർഷമായി ജയിലിൽ തുടരുകയാണെന്നും തങ്ങളെ വെറുതെ വിടണമെന്നുമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളി.

ഷിൻഡെ ഗാവിറ്റ് കേസ്

മഹാരാഷ്ട്രയിലെ നാസിക് സ്വദേശിനിയായ അഞ്ജനാ ബായി, മക്കളായ സീമാ ഗാവിറ്റ്, രേണുകാ ഷിൻഡെ എന്നിവരാണ് കേസിലെ പ്രതികൾ. അഞ്ജനയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് രേണുക. രണ്ടാം ഭർത്താവ് മോഹൻ ഗാവിറ്റിലുള്ള മകളാണ് സീമ.

മോഹനുമായുള്ള വിവാഹത്തിന് മുമ്പ് മോഷണങ്ങൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ അഞ്ജന ഏർപ്പെട്ടിരുന്നു. വിവാഹ ശേഷവും ഇതിൽ നിന്ന് അഞ്ജന പിന്തിരിയുന്നില്ലെന്ന് കണ്ടതോടെ മോഹൻ ഇവരെയും മക്കളേയും ഉപേക്ഷിച്ച് പോയി. തുടർന്ന് ഇയാൾ പ്രതിഭ എന്ന നാസിക് സ്വദേശിനിയെ വിവാഹം കഴിച്ചു.

പെൺമക്കളുമായി മോഷണങ്ങൾ തുടർന്ന അഞ്ജനയ്ക്ക് മോഹനോട് കടുത്ത വിരോധമുണ്ടായിരുന്നു. തുടർന്ന് മോഹൻ പ്രതിഭ ദമ്പതികളുടെ മൂത്തമകളെ മൂവരും ചേർന്ന് തട്ടിക്കൊണ്ടു പോയി. മൂവരിലും സംശയം തോന്നിയതോടെ ദമ്പതികൾ പൊലീസിനെ സമീപിച്ചു.

വൈകാതെ, മോഹന്റെ ഇളയ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ 1996 നവംബറിൽ പൊലീസ് ഇവരെ പിടികൂടി. മൂത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നും അഞ്ജനയുടെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നും രേണുക പൊലീസിന് മൊഴി നൽകി. തുടർന്ന് കേസിൽ അപ്രതീക്ഷിത വഴിത്തിരിവുണ്ടാവുകയായിരുന്നു.

മൂവരും ചേർന്ന് പലയിടങ്ങളിൽ നിന്നായി കുട്ടികളെ തട്ടിക്കൊണ്ടു പോയിരുന്നതായി പൊലീസ് കണ്ടെത്തി. ആദ്യം കുട്ടികളെ തങ്ങളുടെ മോഷണ പരമ്പരകൾക്ക് മറയാക്കി. വൈകാതെ എതിർത്ത് കരയുന്ന കുഞ്ഞുങ്ങളെ ഇവർ കൊല്ലാനും തുടങ്ങി. മൂവരും ഒറ്റക്കെട്ടായാണ് കൊലപാതകങ്ങൾ നടത്തിയതെങ്കിലും എല്ലാത്തിന്റെയും ബുദ്ധി കേന്ദ്രം അഞ്ജനയായിരുന്നു. 13 കുട്ടികളെ ഇവർ തട്ടിക്കൊണ്ടു പോയെന്നും 9 പേരെ കൊന്നതായും പൊലീസ് പറയുന്നു. എന്നാൽ അഞ്ച് കൊലപാതകങ്ങൾ മാത്രമേ തെളിഞ്ഞിട്ടുള്ളു. 1997ൽ ജയിലിൽ വച്ച് അഞ്ജന അസുഖബാധിതയായി മരിച്ചു.

2006 ൽ സുപ്രീം കോടതി സഹോദരിമാരുടെ വധശിക്ഷ ശരിവയ്ക്കുകയും 2014 ൽ ഇരുവരുടെയും ദയാഹർജി പ്രസിഡന്റ് പ്രണബ് മുഖർജി തള്ളുകയും ചെയ്തിരുന്നു. ഇതോടെ സ്വതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ ആദ്യമായി തൂക്കിലേറ്റാൻ പോകുന്ന സ്ത്രീകൾ എന്ന നിലയിൽ ഇരുവരും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ, ദയാഹർജി പരിഗണിക്കുന്നതിൽ ഏഴ് വർഷത്തിലേറെ നീണ്ട അകാരണമായ കാലതാമസം സംഭവിച്ചെന്ന് കാട്ടി കോടതിയിലേക്ക് വീണ്ടും ഇവരുടെ ഹർജിയെത്തുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, PRESIDENT, PRANAB MUKHERJEE, SHINDE GAVITTE CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY