
ലക്‌നൗ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മാൻസിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. ലക്‌നൗവിലാണ് സംഭവം. പിന്നാലെ സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവ് സാഗർ രജ്‌പുതും അയാളുടെ ബന്ധുക്കളും നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് കാട്ടി യുവതിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തി. മാൻസിയെ അവർ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.
കാൺപൂർ സ്വദേശിയായ മാൻസി 2024ലാണ് രജ്‌പുത്തിനെ വിവാഹം കഴിച്ചത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. രജ്‌പുത്തിന് ഇൻസ്റ്റഗ്രാമിൽ ഏകദേശം എട്ട് ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട്. വിവാഹസമയത്ത് മൻസിയുടെ കുടുംബം ഏഴ് ലക്ഷം രൂപയും വീട്ടുപകരണങ്ങളും സമ്മാനമായി നൽകിയിരുന്നു. എന്നാൽ, രജ്‌പുത്തിന്റെ കുടുംബം ഇതിൽ തൃപ്‌തരായിരുന്നില്ല. അവർ കൂടുതൽ സ്‌ത്രീധനവും കാറും ആവശ്യപ്പെട്ടതായി മാൻസിയുടെ കുടുംബം ആരോപിച്ചു.
വിവാഹം കഴിഞ്ഞതുമുതൽ സ്‌ത്രീധനത്തിന്റെ പേരിൽ മാൻസിയെ അവർ പരിഹസിക്കാറുണ്ടായിരുന്നു. സ്‌ത്രീധനം കിട്ടാതായതോടെ രജ്‌പുത്തിന്റെ കുടുംബാംഗങ്ങൾ മാൻസിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി. ഇക്കാര്യം മാൻസി തന്റെ വീട്ടുകാരെ അറിയിച്ചിരുന്നു. യുവതിയുടെ കുടുംബാംഗങ്ങൾ മദ്ധ്യസ്ഥ ചർച്ചകൾക്കായി പലതവണ ലക്‌നൗവിലേക്ക് വന്നിട്ടുമുണ്ട്. ശനിയാഴ്‌ചയാണ് മാൻസി ആത്മഹത്യ ചെയ്‌തതായി രജ്‌പുത്തിന്റെ ബന്ധുക്കൾ അവരുടെ വീട്ടിൽ വിളിച്ച് അറിയിച്ചത്. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് പൊലീസിനോട് മാൻസിയുടെ ബന്ധുക്കൾ പറഞ്ഞിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |