SignIn
Kerala Kaumudi Online
Saturday, 04 July 2026 5.03 PM IST

ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ഒരുകോടി രൂപ കമ്മിഷൻ കിട്ടി, വിവരങ്ങളെല്ലാം സ്വപ്‌നയ‌്ക്കും സംഘത്തിനും ചോർത്തികൊടുത്തു: കുറ്റപത്രം സമർപ്പിച്ച് കസ്‌റ്റംസ്

sivasankar

കൊച്ചി: സ്വപ്‌ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ ഉണ്ടായിരുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ പണമായിരുന്നുവെന്ന് കസ്‌റ്റംസ്. ഡോളർ കടത്തു കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കസ്‌റ്റംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശിവശങ്കറിനെ ആറാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച കമ്മിഷനാണ് ലോക്കറിലുണ്ടായിരുന്നത്. ശിവശങ്കർ ഇന്റലിജൻസ് രഹസ്യങ്ങൾ സ്വപ്‌നയ്‌ക്ക് ചോർത്തിക്കൊടുത്തുവെന്നും കുറ്റപത്രത്തിൽ പറയുന്നു. യുഎഇ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ ഖാലിദ് മുഹമ്മദ് അൽ ഷൗക്രിയാണ് ഒന്നാം പ്രതി. സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ്, സന്തോഷ് ഈപ്പൻ, എം.ശിവശങ്കർ എന്നിവരാണ് മറ്റുപ്രതികൾ. കേസിൽ ആകെ 40 പേജുകളുള്ള കുറ്റപത്രമാണ് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

യുഎഇ കോൺസുൽ ജനറൽ അടക്കം ഉൾപ്പെട്ട ഡോളർ കടത്തിനെക്കുറിച്ച് അറിയാമായിരുന്നിട്ടും ശിവശങ്കർ അക്കാര്യം മറച്ചുവെച്ചെന്നും ഇവരുടെ കള്ളക്കടത്തിനെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടുകൾ പലതവണ സ്വപ്‌നയെയും സരിത്തിനെയും അറിയിച്ചെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. എല്ലാ ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നു. ലൈഫ് മിഷൻ കരാറിലെ വഴിവിട്ടനീക്കങ്ങൾക്ക് നേതൃത്വം നൽകിയതും ശിവശങ്കറായിരുന്നു. ലൈഫ് മിഷന്റെ വടക്കാഞ്ചേരിയിലെ കരാർ യൂണിടാക്കിന് നൽകിയത് അദ്ദേഹത്തിന്റെ നിർദേശപ്രകാരമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ഒരുകോടി രൂപ കമ്മിഷൻ കിട്ടിയതായി കുറ്റപത്രത്തിൽ പരാമർശമുണ്ട്. സ്വപ്‌നയുടെ ലോക്കറിലെ തുക ശിവശങ്കറിനു കിട്ടിയ കമ്മിഷനാണ്. മുഖ്യമന്ത്രിക്കു വേണ്ടി വിദേശ കറൻസി കടത്തിയെന്ന സ്വപ്‌നയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUSTOMS, DOLLAR CASE, M SIVASANKAR, SWAPNA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY