SignIn
Kerala Kaumudi Online
Tuesday, 23 June 2026 1.32 PM IST

വരൾച്ചയ്ക്ക് മുന്നിൽ തോറ്റു, മൺസൂൺ ഇനിയില്ല !

elephant

നെയ്റോബി : ഒന്നും രണ്ടുമല്ല, അഞ്ച് തവണ വേട്ടക്കാരുടെ വെടിയേറ്റിട്ടും അസാധാരണ തിരിച്ചുവരവ് നടത്തിയ ' മൺസൂണി"ന് ഒടുവിൽ വരൾച്ചയ്ക്ക് മുന്നിൽ തോൽക്കേണ്ടി വന്നു. ആഫ്രിക്കൻ രാജ്യമായ കെനിയയുടെ വടക്കൻ മേഖലയിലുള്ള സാംബുറു നാഷണൽ റിസേർവിൽ ജീവിച്ചിരുന്ന ഒരു ആനയായിരുന്നു മൺസൂൺ. 40 വർഷത്തിനിടെയുള്ള ഏറ്റവും വരണ്ട കാലാവസ്ഥയിലൂടെയാണ് സാംബുറു കടന്നുപോകുന്നത്. ആരോഗ്യം ക്ഷയിച്ച് കൊടുംചൂടിൽ തുടർച്ചയായി തളർന്നുവീണ മൺസൂണിനെ വെറ്ററിനറി ഡോക്ടർമാർ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.

ഏകദേശം 60 നും 70നുമിടെയിൽ പ്രായം മൺസൂണിനുണ്ടെന്ന് കരുതുന്നു. കാട്ടിൽ ജീവിക്കുന്ന ആനകളിലെ ഏറ്റവും ഉയർന്ന ആയുർദൈർഘ്യമാണിത്. വാർദ്ധ്യ സഹജമായ അനാരോഗ്യം നേരിട്ട മൺസൂൺ വരൾച്ചയുടെ വരവോടെ തീരെ അവശയാവുകയായിരുന്നു എന്ന് കെനിയ ആസ്ഥാനമായുള്ള വന്യജീവി സംരക്ഷണ സംഘടനയായ ' സേവ് ദ എലിഫെന്റ്സ് " ഇന്നലെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഏഴ് മക്കളുണ്ട് മൺസൂണിന്. ഒരു ദശാബ്ദം മുമ്പ് ആനവേട്ട വ്യാപകമായിരുന്ന ഒരു ഘട്ടത്തിലാണ് മൺസൂണിന് അഞ്ച് തവണ വേട്ടക്കാരിൽ നിന്ന് വെടിയേറ്റത്. ആനക്കൊമ്പിനായി മനുഷ്യർ നടത്തിയ വേട്ടയിൽ മൺസൂണിന് രണ്ട് കുഞ്ഞുങ്ങളെയും നഷ്ടമായിരുന്നു. വെടിയേറ്റതിന്റെ ഫലമായി മൺസൂൺ വീണ്ടും അമ്മയാകില്ലെന്ന് ഗവേഷകർ കരുതിയിരുന്നു.

എന്നാൽ, ഒമ്പത് വർഷങ്ങൾക്ക് ശേഷം 2018ൽ മൺസൂൺ വീണ്ടും അമ്മയായി.

ആദ്യമായല്ല മൺസൂൺ ഗവേഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. 2006ൽ സുരക്ഷിതത്വത്തിനായി സാംബുറുവിലെ ഒരു വലിയ കുന്നിലേക്ക് മൺസൂൺ തന്റെ കുടുംബത്തെ എത്തിച്ചിരുന്നു. ആനകൾ ചെങ്കുത്തായ പ്രദേശങ്ങൾ ഒഴിവാക്കാനുള്ള പ്രവണത കാട്ടുന്നു എന്ന് സേവ് ദ എലിഫെന്റ്സിന്റെ ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്.

തുടർച്ചയായി നാല് സീസണുകളിലും വേണ്ടത്ര മഴ ലഭിക്കാതെ വന്നതോടെ കൊടുംവരൾച്ചയിലേക്ക് വഴുതിവീണ കെനിയ, സൊമാലിയ, എത്യോപ്യ എന്നിവടങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യർ കടുത്ത ഭക്ഷ്യക്ഷാമവും നേരിടുന്നു. പ്രായം കൂടിയ ആനകളെയും കുട്ടിയാനകളെയുമാണ് വരൾച്ച കാര്യമായി ബാധിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360