SignIn
Kerala Kaumudi Online
Wednesday, 17 June 2026 8.15 PM IST

ഇന്ത്യയിലും ഇസ്രയേലിലും ഇങ്ങനെ സംഭവിച്ചിട്ടില്ല, ഞങ്ങളാണ് തീവ്രവാദത്തിന്റെ വിത്ത് വിതച്ചത്, പള്ളിയിലെ ഭീകരാക്രമണത്തിൽ നൂറ് പേർ മരിച്ചപ്പോൾ പാക്  പ്രതിരോധ മന്ത്രിക്ക് ബോധോദയം 

peshawar-masjid

ഇസ്ലാമാബാദ് : പെഷവാർ മസ്ജിദിൽ തിങ്കളാഴ്ചയുണ്ടായ ചാവേർ ആക്രമണത്തിൽ മരണ സംഖ്യ നൂറായി ഉയർന്നതോടെ തീവ്രവാദത്തിന്റെ ദോഷവശങ്ങൾ മനസിലാക്കി പാകിസ്ഥാൻ. വളർത്തിയ ഭീകരർ സ്വന്തം മണ്ണിൽ രക്തം ചിന്തിയതോടെയാണ് പാക് സർക്കാരിന് ബോധാദയമുണ്ടായത്. കഴിഞ്ഞ ദിവസം പാക് പാർലമെന്റിൽ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് തീവ്രവാദം വിതച്ചത് തങ്ങളാണെന്ന് എടുത്തുപറഞ്ഞു. പാകിസ്ഥാനിലെ ദേശീയ അസംബ്ലിയിൽ നടത്തിയ ലഘു പ്രസംഗത്തിൽ പ്രതിരോധ മന്ത്രി തീവ്രവാദം എങ്ങനെ പാകിസ്ഥാനിൽ മുളച്ചു എന്നും, എന്തുകൊണ്ട് ഭീകരവാദത്തെ അവസാനിപ്പിക്കണമെന്നും പ്രസ്താവിച്ചു.

പെഷവാറിലെ മസ്ജിദ് വളപ്പിൽ സ്വയം പൊട്ടിത്തെറിച്ച ചാവേർ പ്രാർത്ഥനയ്ക്കിടെ മുൻനിരയിൽ നിൽക്കുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. 'ഇന്ത്യയിലോ ഇസ്രയേലിലോ പോലും വിശ്വാസികൾ പ്രാർത്ഥനയ്ക്കിടെ കൊല്ലപ്പെടുന്നില്ല, എന്നാൽ പാകിസ്ഥാനിൽ അത് സംഭവിച്ചു'വെന്ന് മന്ത്രി പറഞ്ഞു.


'തീവ്രവാദം ഒരു മതത്തെയും വിഭാഗത്തെയും വേർതിരിക്കുന്നില്ല, വിലപ്പെട്ട ജീവനെടുക്കാൻ മതത്തിന്റെ പേരിൽ തീവ്രവാദത്തെ ഉപയോഗിക്കുന്നു' വെന്ന് പറഞ്ഞ ഖവാജ ആസിഫ് രാജ്യം മുഴുവൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും എങ്കിൽ മാത്രമേ ഭീകരതയ്‌ക്കെതിരെ പോരാടാനാകൂവെന്നും പറഞ്ഞു. പാകിസ്ഥാനിൽ തീവ്രവാദം മുളച്ചതിനെ അഫ്ഗാനുമായി ചേർത്താണ് മന്ത്രി പ്രസംഗിച്ചത്. പണ്ട് അഫ്ഗാനിസ്ഥാനിലെ റഷ്യൻ അധിനിവേശത്തെ എതിർക്കാൻ അമേരിക്കയ്ക്ക് പാകിസ്ഥാൻ സഹായം ചെയ്തുവെന്നും, യുഎസുമായി ഉണ്ടാക്കിയ കരാർ എട്ട് മുതൽ ഒമ്പത് വർഷം വരെ നീണ്ടുനിന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ റഷ്യ പരാജയപ്പെട്ടപ്പോൾ സന്തോഷത്തോടെ അമേരിക്ക തിരികെ പോയി, വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലും ഇതു തന്നെ വീണ്ടും ആവർത്തിച്ചു. എന്നാൽ ഈ രണ്ട് സംഭവങ്ങളിലും പാകിസ്ഥാനാണ് ഇരയായതെന്ന ധ്വനിയാണ് മന്ത്രി ഉയർത്തിയത്.

പെഷവാർ മസ്ജിദ് സ്‌ഫോടനത്തിൽ പാകിസ്ഥാന് കനത്ത ആഘാതമാണുണ്ടായത്. മരണപ്പെട്ടവരുടെ എണ്ണം കഴിഞ്ഞ ദിവസം നൂറായി ഉയർന്നു. സ്‌ഫോടനത്തിൽ 170 ഓളം പേർക്ക് പരിക്കേറ്റു, വിശ്വാസികൾ ഉച്ച നമസ്‌കാരം നടത്തുന്നതിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ പള്ളിയുടെ മുകൾ നില തകർന്നു വിശ്വാസികളുടെ മേൽ പതിക്കുകയായിരുന്നു. അഫ്ഗാൻ അതിർത്തിക്കടുത്തുള്ള വടക്കുപടിഞ്ഞാറൻ നഗരത്തിൽ കഴിഞ്ഞ പത്തുവർഷത്തിനിടെയുണ്ടായ മാരകമായ ഭീകരാക്രമണമായിരുന്നു പെഷവാർ മസ്ജിദിലുണ്ടായത്. പാക് താലിബാൻ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ഇത് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, PAK, PAKISTAN, TERRORISM, PAK DEFENSE MINISTER, PESHAWAR MASJID BLAST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360