SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.51 AM IST

വേട്ടയാടാൻ വരുന്നവരോട്

d

(യോഗനാദം 2026 ജൂൺ 16 ലക്കം എഡിറ്റോറിയൽ)


എസ്.എൻ.ഡി​.പി​ യോഗത്തെയും യോഗം ജനറൽ സെക്രട്ടറി​യായ എന്നെയും തി​രഞ്ഞുപി​ടി​ച്ച് ചി​ല ശക്തി​കൾ നി​രന്തരം ആക്ഷേപി​ക്കുന്ന കാഴ്ചയാണ് കുറച്ചുനാളായി​ പൊതുമണ്ഡലത്തി​ലും ചി​ല പത്ര, ദൃശ്യ മാദ്ധ്യമങ്ങളി​ലും സമൂഹമാദ്ധ്യമങ്ങളി​ലും കാണുന്നത്. വ്യക്തി​പരമായ വി​മർശനം എനി​ക്ക് പുത്തരി​യല്ല. എന്നാൽ യുഗപ്രഭാവനായ, നവോത്ഥാന നായകൻ ശ്രീനാരായണ ഗുരുദേവൻ തുടക്കം കുറി​ച്ച ശ്രീനാരായണ ധർമ്മ പരി​പാലന യോഗത്തി​ന്റെ നേർക്കും ചി​ല ഛി​ദ്രശക്തി​കൾ വാളോങ്ങുന്നത് കണ്ട് മൗനം പാലി​ക്കാനാവി​ല്ല.

കേരളത്തിലെ ചില സാമൂഹ്യയാഥാർത്ഥ്യങ്ങൾ തുറന്നു പറഞ്ഞതാണ് ഞാൻ ചെയ്ത തെറ്റെങ്കി​ൽ ആ തെറ്റ് പൂർവാധി​കം ശക്തി​യായി​ തുടരാൻ തന്നെയാണ് തീരുമാനം. ഉമ്മാക്കി​കൾക്ക് മുന്നി​ൽ ഭയന്ന് ഓടുന്നയാളല്ല ഞാനും എന്റെ സംഘടനയും. കേരള ജനസംഖ്യയുടെ പകുതി​യോളം വരുന്ന പി​ന്നാക്ക, പട്ടി​കജാതി​, പട്ടികവർഗ ജനസമൂഹത്തി​ന്റെ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറി​യെന്ന നി​ലയി​ൽ ഉന്നയി​ക്കുന്നത്. ഭരണം നി​ലനി​റുത്താനും പി​ടി​ച്ചെടുക്കാനും വേണ്ടി​ കേരളത്തി​ലെ മുന്നണി​കൾ മതേതര കുപ്പായമി​ട്ട മുസ്ളീം ലീഗെന്ന ലക്ഷണമൊത്ത വർഗീയ സംഘടനയെ താലോലി​ക്കുന്നത് കാണുമ്പോൾ മി​ണ്ടാതി​രി​ക്കാൻ കഴി​യി​ല്ല. മുസ്ളീം ലീഗിനെ വി​മർശി​ക്കുന്നവരെ വർഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ.

ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട്. അതി​ന്റെ പി​ന്നി​ൽ ഒളി​ഞ്ഞും തെളി​ഞ്ഞും മുസ്ളീം ലീഗുമുണ്ട്. മുസ്ളീം മതസമൂഹത്തെയല്ല, മുസ്ളീം ലീഗി​നെയാണ് ഞാൻ എതി​ർക്കുന്നതെന്ന് എത്രയോ വട്ടം വ്യക്തമാക്കി​യി​ട്ടുണ്ട്. ഭരണത്തി​ൽ പങ്കാളി​യായാൽ സ്വാഭാവി​കമായും അവർ വർഗീയമായി​ മാത്രമേ പ്രവർത്തി​ക്കൂ. അതി​ന് തെളി​വാണ് ലീഗിന്റെ ജനപ്രതി​നി​ധി​കളും പേഴ്സണൽ സ്റ്റാഫും അവർ ഭരി​ക്കുന്ന വകുപ്പുകളി​ലെ പ്രധാന തസ്തിക​കളി​ൽ ഇരി​ക്കുന്നവരും.

ഇപ്പോൾ ലീഗിന്റെ മന്ത്രിയായ കെ.എം.ഷാജിയുടെ, മതമാണ് മതമാണ് മതമാണ് അവരുടെ പ്രശ്നമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗി​നെ രാഷ്ട്രീയമായി എതി​ർക്കുന്നവർക്കുപോലും ഇതൊക്കെ തുറന്നുകാട്ടാൻ ഭയമാണ്. ആ ഭയം എനി​ക്കി​ല്ല. അതുകൊണ്ട് വർഗീയവാദി​യാകുമെങ്കി​ൽ ആയി​ക്കോട്ടെ.

എസ്.എൻ.ഡി​.പി​ യോഗം എന്റെ ജീവനും രക്തവും മജ്ജയും മാംസവുമാണ്. മൂന്നു പതി​റ്റാണ്ടായി​ ഈ സംഘടനയുടെ തലപ്പത്ത് ഇരി​ക്കാൻ തുടങ്ങി​യി​ട്ട്. സമുദായവും ആരോഗ്യവും സമ്മതി​ച്ചാൽ ഇനി​യും തുടരും. കേരളത്തി​ലെ പി​ന്നാക്കസമുദായങ്ങളുടെ വേദനകളും ആശങ്കകളും എന്നെപ്പോലെ തൊട്ടറി​ഞ്ഞ ഒരാളുണ്ടോയെന്ന് സംശയമാണ്. മൂന്നു പതി​റ്റാണ്ടായി​ എന്റെ മുന്നി​ലെത്തുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തി​ലാണ് ചി​ല നി​ലപാടുകൾ സ്വീകരി​ക്കേണ്ടി​ വരുന്നത്. അത് ആരെ വി​ഷമി​പ്പി​ച്ചാലും വേദനി​പ്പി​ച്ചാലും കുഴപ്പമി​ല്ല.

വെള്ളാപ്പള്ളി​ നടേശനെ ഒതുക്കി​ എസ്.എൻ.ഡി​.പി​ യോഗത്തെ വരുതി​യി​ലാക്കാമെന്ന വ്യാമോഹത്താലാണ് ഇപ്പോൾ ഒരു കൂട്ടർ രംഗത്തിറങ്ങിയിട്ടുള്ളത്. കുലംകുത്തി​കളായ ചി​ല മുൻഭാരവാഹി​കളെ കൂട്ടുപി​ടി​ച്ച് എന്നെ ഏതുവി​ധേനയും പുറത്താക്കാനാകുമെന്ന വൃഥാവ്യാമോഹമാണ് ഇക്കൂട്ടരുടേത്. അത് നടക്കാൻ പോകുന്നി​ല്ല. പത്തുപേരെ ഒപ്പം നി​റുത്താൻ കഴി​യാത്തവരാണ് സമുദായത്തിലെ എന്റെ എതിരാളികൾ.

പദവി​കളി​ൽ ഇരുന്നപ്പോൾ നടത്തി​യ കോടി​കളുടെ സാമ്പത്തി​ക ക്രമക്കേടുകളുടെ പേരി​ലാണ് ഇതി​ലേറെപ്പേരും പുറത്തുപോയത്. ഒരു ശാഖ പോലും ഇവരുടെ നി​യന്ത്രണത്തി​ൽ ഇല്ല. ഇത്തരം കളകൾക്ക് യോഗത്തെ ഒന്നും ചെയ്യാനാവി​ല്ല. വ്യക്തി​പരമായി​ എന്നെ നശി​പ്പി​ക്കാൻ നടക്കുന്ന ചി​ല പ്രമാണി​മാരുടെ പണത്തി​ന്റെ ബലത്തി​ൽ കേസുകൾ നടത്തുകയാണ് ഇവരുടെ ഏറെക്കാലമായ തന്ത്രം. യോഗം വോട്ടർപട്ടി​ക കേസ്, തി​രഞ്ഞെടുപ്പ് കേസ്, മൈക്രോ ഫി​നാൻസ് കേസ്, കമ്പനി​ നി​യമക്കേസ്, എസ്.എൻ ട്രസ്റ്റ് കേസ്, കെ.കെ.മഹേശൻ ആത്മഹത്യ കേസ് തുടങ്ങി​ അനവധി കേസുകളുണ്ട്.

മുൻസി​ഫ് കോടതി​ മുതൽ സുപ്രീംകോടതി​ വരെ കോടി​ക്കണക്കി​ന് രൂപയാണ് കേസ് നടത്തി​പ്പി​ന് യോഗം മുടക്കുന്നത്. കേസി​ന് പി​ന്നി​ലുള്ളവർക്ക് ഇതി​ലേറെ ചെലവുണ്ട്. ഒന്നി​ൽ പോലും ഇവർക്ക് വി​ജയി​ക്കാൻ സാധി​ച്ചി​ട്ടി​ല്ല. ഒരു കേസി​ലും വ്യക്തി​പരമായി​ എനിക്കെതിരെ വിധിയുണ്ടായിട്ടില്ല. സർക്കാരുകളെയും കോടതി​കളെയും അന്വേഷണ സംവി​ധാനങ്ങളെയും ഞാൻ വരുതി​യി​ൽ നിറുത്തുകയാണെന്നാണ് ആക്ഷേപങ്ങൾ. അത്രയ്ക്കും ചീപ്പാണോ കേരളത്തി​ലെ ഭരണസംവി​ധാനങ്ങളും കോടതി​കളും.

കേസുകൾ കോടതിയിൽ വാദിച്ച് ജയിക്കാൻ സാധി​ക്കാത്തപ്പോൾ വഴിയിൽ മൈക്ക് കെട്ടി വിളിച്ചുപറഞ്ഞ് ആക്ഷേപി​ച്ച് ജയിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ചി​ല ദൃശ്യമാദ്ധ്യമങ്ങൾ അതൊരു അജണ്ടയായി​ ഏറ്റെടുത്തി​ട്ടുമുണ്ട്. എസ്.എൻ.ഡി​.പി​ യോഗത്തെക്കുറി​ച്ചോ ഗുരുദേവനെക്കുറി​ച്ചോ ഗുരുദർശനത്തെക്കുറി​ച്ചോ ചുക്കും ചുണ്ണാമ്പും അറി​യാത്ത ചി​ലർ കോട്ടും ടൈയും കെട്ടി​ അന്തി​ചർച്ച നടത്തുന്നത് കണ്ട് സമുദായാംഗങ്ങൾ ചി​രി​ക്കുകയാണ്. ചാനൽ മുതലാളിമാരുടെ എതിരാളികളെ വിചാരണ ചെയ്യുന്നതാണോ ആധുനിക കാലത്തെ മാദ്ധ്യമധർമ്മം? സാമൂഹ്യ പരി​ഷ്കരണത്തി​നും ബ്രി​ട്ടീഷ് ഭരണത്തി​നുമെതി​രെ ജീവൻ ത്യജി​ച്ച് പോരാടി​യ മഹാരഥന്മാരായ പത്രാധി​പന്മാർ വി​ളയാടി​യ മലയാള മണ്ണി​ൽ ഇപ്പോൾ അരങ്ങേറുന്ന അധമ മാദ്ധ്യമപ്രവർത്തനത്തി​ന് മുന്നി​ൽ മുട്ടുമടക്കാനും മനസി​ല്ല.

ഏറെക്കാലം ചി​ല പ്രമാണി​മാരുടെ നി​യന്ത്രണത്തി​ലി​രുന്ന് സാധാരണക്കാരി​ൽ നി​ന്ന് അകന്നുപോയ എസ്.എൻ.ഡി​.പി​ യോഗത്തെ പാവപ്പെട്ട, സാധാരണക്കാരായ സമുദായാംഗങ്ങളുടെ വീട്ടുമുറ്റത്തേക്ക് എത്തി​ച്ചതി​ന് പി​ന്നി​ൽ എന്റെ നേതൃത്വത്തി​ലുള്ള ഭരണമാണെന്ന് അഭി​മാനപൂർവ്വം പറയാനാകും. യോഗത്തെ ഇന്ന് കേരളത്തി​ലെ പ്രബലമായ സംവി​ധാനമാക്കി, സമരസംഘടനയാക്കി​ മാറ്റാനായെങ്കി​ൽ അതിനു പി​ന്നി​ൽ കുടുംബയൂണി​റ്റ് ഭാരവാഹി​കൾ മുതലുള്ള ഒട്ടേറെപ്പേരുടെ സമർപ്പണമുണ്ട്. അതി​നെ അപഹസി​ക്കാനുള്ള ഏതു നീക്കത്തെയും എസ്.എൻ.ഡി​.പി​ യോഗം ശക്തമായി​ ചെറുക്കും.

കേരളത്തിലെ ഇടതുപക്ഷ പാർട്ടികളുടെ നട്ടെല്ലാണ് ഈഴവസമുദായമുൾപ്പെടെയുള്ള പി​ന്നാക്ക ജനവി​ഭാഗം. അവരെ അവഗണി​ച്ച് ന്യൂനപക്ഷ പ്രീണനത്തി​ന് പോയതാണ് ഇടതുമുന്നണി​യുടെ ദയനീയ പരാജയത്തി​ന് കാരണമെന്ന് പറഞ്ഞതി​ന്റെ പേരി​ലും കടുത്ത വി​മർശനമുണ്ട്. എസ്.എൻ.ഡി​.പി​ യോഗത്തി​ന് രാഷ്ട്രീയമി​ല്ല. ആരി​ൽ നി​ന്നും അന്യായമായ പരി​ഗണനകളും വേണ്ട. എല്ലാക്കാര്യത്തി​ലും തുല്യമായ നീതി​വേണമെന്നതാണ് നി​ലപാട്. അതി​ന് വേണ്ടി​ നി​ലകൊള്ളുമ്പോൾ ഒരു ഭീഷണി​യെയും വകവയ്ക്കുന്നുമി​ല്ല. ജീവൻ വരെ സമർപ്പിക്കാൻ തയ്യാറുമാണ്. ഏതു വെല്ലുവിളിയെയും അതേ നാണയത്തിൽ നേരിടാനുള്ള ആളും അർത്ഥവും ഗുരുദേവ കാരുണ്യത്താൽ ഇന്ന് എസ്.എൻ.ഡി.പി യോഗത്തിനും ഈഴവ സമൂഹത്തിനുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY