
ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടവയാണ്. ആരോഗ്യനിലവാരം വിലയിരുത്തുന്നതിനുള്ള പ്രധാന സൂചികകളായ മാതൃമരണനിരക്കും ശിശുമരണനിരക്കും വികസിത രാജ്യങ്ങളുടേതിനോട് അടുത്തെത്തിയിട്ടുണ്ട്. സാമൂഹികവും ഭൂമിശാസ്ത്രപരവുമായ വ്യത്യാസങ്ങൾക്കപ്പുറം എല്ലാ വിഭാഗം ജനങ്ങൾക്കും ആരോഗ്യസേവനങ്ങൾ ലഭ്യമാക്കാനും താരതമ്യേന കുറഞ്ഞ ചെലവിൽ മികച്ച ആരോഗ്യനില കൈവരിക്കാനും കേരളത്തിന് കഴിഞ്ഞു.
സാമൂഹ്യനീതിയിലും തുല്യതയിലും അധിഷ്ഠിതമായ കുറഞ്ഞ ചെലവിലുള്ള മികച്ച ആരോഗ്യം എന്ന വിശേഷണം കേരളത്തിന് ലഭിച്ചത് ഈ നേട്ടങ്ങൾ പരിഗണിച്ചാണ്. കേരളത്തിന്റെ ആരോഗ്യനേട്ടങ്ങൾ ആധുനിക വൈദ്യസാങ്കേതിക വിദ്യയുടെയോ ചികിത്സാസംവിധാനങ്ങളുടെ ലഭ്യതയുടെയോ മാത്രം ഫലമല്ല. ഉയർന്ന വിദ്യാഭ്യാസനിലവാരം, പ്രത്യേകിച്ച് സ്ത്രീകളിലെ സാക്ഷരത, കുറ്റമറ്റ പൊതുവിതരണ സമ്പ്രദായം, ഭൂപരിഷ്‌കരണം, തൊഴിലാളികളുടെ അവകാശബോധം, വികേന്ദ്രീകൃത ഭരണം, പൊതുജനാരോഗ്യസംവിധാനത്തിന്റെ വ്യാപനം എന്നിവയിലൂടെ കൈവരിച്ച സാമൂഹികമാറ്റങ്ങളാണ് ഈ നേട്ടങ്ങളുടെ അടിത്തറ.
സർക്കാർ ആശുപത്രികൾക്കൊപ്പം ചെറുകിട,ഇടത്തരം സ്വകാര്യ ആശുപത്രികളും മിഷനറി ആശുപത്രികളും കേരളത്തിന്റെ ആരോഗ്യവികസനത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഈ നേട്ടങ്ങളിൽ മാത്രം അഭിമാനിച്ച് മുന്നോട്ടുപോകാനാവില്ല. വർദ്ധിച്ചുവരുന്ന രോഗാതുരതയും ചികിത്സാച്ചെലവും കേരളത്തിന്റെ ആരോഗ്യസംവിധാനത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കുന്നു.
ദേശീയ ആരോഗ്യ അക്കൗണ്ട് കമ്മറ്റിയുടെ കണക്കുകൾ പ്രകാരം പ്രതിശീർഷ ആരോഗ്യച്ചെലവ് കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മൊത്തം ആരോഗ്യച്ചെലവിന്റെ ഏകദേശം 70 ശതമാനവും ജനങ്ങൾ നേരിട്ട് വഹിക്കേണ്ടിവരുന്നു. ഇതിന്റെ പ്രധാനഭാരം കുടുംബങ്ങളിലാണ് പതിക്കുന്നത്. പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും വൻകിട സ്വകാര്യ ചികിത്സാമേഖലയുടെ അനിയന്ത്രിത വളർച്ച ചികിത്സാച്ചെലവ് വർദ്ധിപ്പിക്കുന്നു. നിരവധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ വലിയ വാണിജ്യസ്ഥാപനങ്ങളായി മാറുന്നതും വിദേശ കമ്പനികൾ അവ ഏറ്റെടുക്കുന്നതും ചെലവ് വീണ്ടും ഉയർത്താനുള്ള സാദ്ധ്യത സൃഷ്ടിക്കുന്നു.
ദീർഘകാല ചികിത്സ ആവശ്യമുള്ള രോഗികൾക്കും വയോജനങ്ങൾക്കും ഈ ചെലവ് വലിയ സാമ്പത്തികപ്രതിസന്ധിയുണ്ടാക്കാം. ചികിത്സയ്ക്കായി കുടുംബങ്ങൾ സമ്പാദ്യം ചെലവഴിക്കുകയും കടം വാങ്ങുകയും ചെയ്യേണ്ടിവരുന്ന സാഹചര്യം സാമൂഹികനീതിയുടെ അടിസ്ഥാനതത്വങ്ങൾക്കു വിരുദ്ധമാണ്. ആയുസ് വർദ്ധിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും രോഗാതുരത ഉയർന്നുനിൽക്കുകയും ചികിത്സ താങ്ങാനാവാത്തതാകുകയും ചെയ്യുന്നുവെങ്കിൽ ആരോഗ്യവികസനത്തിന്റെ ലക്ഷ്യം തന്നെ അപ്രസക്തമാവും.
പകർച്ചേതര രോഗങ്ങൾ
പ്രായമായവരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗങ്ങൾ, ക്യാൻസർ തുടങ്ങിയ ദീർഘകാല പകർച്ചേതര രോഗങ്ങൾ കൂടാനുള്ള സാദ്ധ്യതയുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം രോഗങ്ങളുടെ വ്യാപനം പ്രായാധിക്യം കൊണ്ടുമാത്രം വിശദീകരിക്കാനാവില്ല. ജീവിതശൈലി, ഭക്ഷണരീതി, വ്യായാമക്കുറവ്, രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിലും നിയന്ത്രിക്കുന്നതിലുമുള്ള വീഴ്ചകൾ എന്നിവയും പ്രധാനമാണ്.
പകർച്ചേതര രോഗങ്ങൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ടെങ്കിലും ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിക്കുന്നവർ വളരെ കുറവാണെന്നതും വലിയ വെല്ലുവിളിയായി ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിലെ പ്രധാനപ്പെട്ട പൊതുജനാരോഗ്യപ്രശ്നമായി വാഹനാപകടങ്ങൾ മാറിയിട്ടുണ്ട്. വാഹനാപകടം മൂലം വർഷംതോറും 4000ത്തോളം പേർ മരണമടയുകയും അതിന്റെ പത്തിരട്ടിപ്പേർക്ക് പലതരത്തിലുള്ള ഗുരുതരപരിക്കുകൾ പറ്റുകയും ചെയ്യുന്നുണ്ട്.
പകർച്ചവ്യാധികൾ
പകർച്ചേതര രോഗങ്ങൾക്കൊപ്പം ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, ജാപ്പനീസ് മസ്തിഷ്‌കജ്വരം, സ്‌ക്രബ് ടൈഫസ് തുടങ്ങിയ പകർച്ചവ്യാധികളും കേരളത്തിൽ നിലനിൽക്കുന്നു. നീപ പോലുള്ള രോഗങ്ങളുടെ സാന്നിദ്ധ്യവും പുതിയ പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീഷണിയും പൊതുജനാരോഗ്യ ജാഗ്രതയുടെ ആവശ്യകത വ്യക്തമാക്കുന്നു.
ഈഡിസ് ഈജിപ്തി കൊതുകുകളുടെ സാന്ദ്രത കുറയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാരകമായ മഞ്ഞപ്പനി കേരളത്തിൽ എത്താൻ സാദ്ധ്യതയുണ്ട്. മാലിന്യസംസ്‌കരണം, മലിനജലം, പരിസ്ഥിതിമലിനീകരണം, കൊതുകുകളുടെയും മറ്റ് രോഗവാഹകരുടെയും വർദ്ധന എന്നിവ നിയന്ത്രിക്കാതെ ഈ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ല.
തെരുവുനായ്ക്കളുടെ ആക്രമണവും പേവിഷബാധയും വാഹനാപകടങ്ങളും വലിയ ആരോഗ്യപ്രശ്നങ്ങളായി തുടരുന്നു. പകർച്ചവ്യാധികളുടെയും മറ്റും സാന്നിദ്ധ്യം പരിഗണിച്ച് നിഷേധ പരിഗണന നൽകിയാൽ കേരളം ആരോഗ്യമികവിൽ മറ്റ് രാജ്യങ്ങളുടെ പട്ടികയിൽ പിറകിലാവാൻ സാദ്ധ്യതയുണ്ട്.
മാനസികാരോഗ്യം
രാജ്യത്ത് ഏറ്റവും മോശം മാനസികാരോഗ്യ നിലവാരമുള്ള സംസ്ഥാനമാണ് കേരളം. വർദ്ധിച്ച് വരുന്ന ആത്മഹത്യാപ്രവണത, മയക്കുമരുന്ന് ആസക്തി, സ്ത്രീപീഡനം, മദ്യപാനം, ഹിംസാത്മകത, അന്ധവിശ്വാസങ്ങൾ തുടങ്ങിയ നിരവധി സാമൂഹ്യതിന്മകൾക്ക് കേരളീയരുടെ ദുർബലമായ മാനസികാരോഗ്യവും ഒരു പ്രധാന കാരണമാണ്. ഏറ്റവുമധികം ആത്മഹത്യ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. മാനസികാരോഗ്യത്തെ വ്യക്തിയുടെ പ്രശ്നമായി മാത്രം കാണാതെ കുടുംബം, വിദ്യാഭ്യാസം, തൊഴിൽ, സാമൂഹികസാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി സമീപിക്കണം.
ജനകീയ പ്രസ്ഥാനമാക്കണം
രോഗ പ്രതിരോധം
ഉയർന്ന രോഗാതുരതയും ചികിത്സാചെലവുമുള്ള രാജ്യമായ അമേരിക്കയിലെ ലോകമെമ്പാടും വിമർശിക്കപ്പെടുന്ന ആരോഗ്യമാതൃകയിലേക്ക് കേരളം എത്തിയിരിക്കുകയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. രോഗാതുരതയും ആരോഗ്യച്ചെലവും കുറയ്ക്കുകയാണ് കേരളം അടിയന്തരമായി ഏറ്റെടുക്കേണ്ട ദൗത്യം.
രോഗം വന്നശേഷമുള്ള ചികിത്സയ്ക്കു മാത്രമല്ല, രോഗപ്രതിരോധം, ആരോഗ്യവിദ്യാഭ്യാസം, ആരോഗ്യപരിപോഷണം, രോഗങ്ങൾ പ്രാരംഭഘട്ടത്തിൽ കണ്ടെത്തൽ എന്നിവയ്ക്കും മുൻഗണന നൽകണം.
സമ്പൂർണ സാക്ഷരതായജ്ഞത്തിന്റെ മാതൃകയിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് ജനകീയ ആരോഗ്യവിദ്യാഭ്യാസ പ്രസ്ഥാനം വളർത്തിയെടുക്കണം. തദ്ദേശസ്ഥാപനങ്ങൾ, ശാസ്ത്രപ്രസ്ഥാനങ്ങൾ, സന്നദ്ധസംഘടനകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, യുവജന,വനിതാ സംഘടനകൾ എന്നിവയ്ക്ക് ഇതിൽ പങ്കുവഹിക്കാനാകും.
പല ദീർഘകാല രോഗങ്ങളുടെയും അപകടസാദ്ധ്യത ചെറുപ്പത്തിൽത്തന്നെ ആരംഭിക്കുന്നതിനാൽ സ്‌കൂൾതലം മുതൽ പ്രതിരോധപ്രവർത്തനങ്ങൾ വേണം. ആരോഗ്യവിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി സ്‌കൂൾ ആരോഗ്യപദ്ധതികൾ നടപ്പാക്കുകയും കോളേജുകളിലേക്ക് വ്യാപിപ്പിക്കുകയും വേണം.
ആരോഗ്യകരമായ ഭക്ഷണശീലം, ശാരീരികപ്രവർത്തനം, ലഹരിവിരുദ്ധ ബോധവത്കരണം, മാനസികാരോഗ്യപരിപാലനം എന്നിവ ഇത്തരം പദ്ധതികളുടെ ഭാഗമാകണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ രോഗപ്രതിരോധത്തിനും തുടർച്ചയായ ആരോഗ്യപരിപാലനത്തിനും ഊന്നൽ നൽകുന്ന കേന്ദ്രങ്ങളായി പ്രവർത്തിക്കണം.
സ്വകാര്യച്ചികിത്സാ നിയന്ത്രണം
സ്വകാര്യ ആശുപത്രികളിലെ ചികിത്സാമാനദണ്ഡങ്ങൾ, പെരുമാറ്റച്ചട്ടങ്ങൾ, ചികിത്സാഫീസ് എന്നിവയ്ക്ക് ഫലപ്രദമായ നിയന്ത്രണം വേണം. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമം ഇതിനായി പ്രയോജനപ്പെടുത്തണം. മരുന്നുകളും മറ്റ് ആരോഗ്യ ഉത്പന്നങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ കൂടുതൽ ന്യായവില ഔഷധശാലകൾ ആരംഭിക്കണം.
കുടുംബഡോക്ടർ മാതൃകയിൽ പ്രാഥമിക, ദ്വിതീയ ചികിത്സയ്ക്ക് ഊന്നൽ നൽകുന്ന ചെറുകിട, ഇടത്തരം സ്വകാര്യ ആശുപത്രികളെ സർക്കാർ പ്രാഥമികാരോഗ്യ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതും പരിഗണിക്കണം. സഹകരണ ആശുപത്രികൾ വൻകിട സ്വകാര്യ ആശുപത്രികളുമായി മത്സരിക്കുന്നതിൽ മാത്രം ശ്രദ്ധിക്കാതെ വയോജനങ്ങളുടെ സമഗ്ര ആരോഗ്യപരിപാലനത്തിനും പ്രാധാന്യം നൽകുന്ന ജീഡിയാട്രിക്ക് ക്ളിനിക്കുകളും ആശുപത്രികളും സ്ഥാപിക്കുന്നതിനു മുൻഗണന നൽകണം.
ജനകീയാസൂത്രണം, അടിസ്ഥാനസൗകര്യ മാനവവിഭവ വികസനം, ആർദ്രം മിഷൻ തുടങ്ങിയ ഇടപെടലുകളിലൂടെ സർക്കാർ ആരോഗ്യസംവിധാനം ശക്തിപ്പെട്ടിട്ടുണ്ട്. ഈ മുന്നേറ്റം തുടരാൻ പൊതുആശുപത്രികൾ കൂടുതൽ വ്യാപിപ്പിക്കയും നിലവിലുള്ളവയുടെ അപര്യാപ്തകൾ മെച്ചപ്പെടുത്തുകയും പുതിയ മെഡിക്കൽ കോളേജുകൾ പൂർണമായി പ്രവർത്തനക്ഷമമാക്കുകയും വേണം.
സർക്കാർ ആരോഗ്യസേവനങ്ങളുടെ പ്രയോജനം ലഭിക്കുന്നവരുടെ അനുപാതം ഘട്ടംഘട്ടമായി വർദ്ധിപ്പിച്ച് ഇന്നത്തെ 30 ശതമാനത്തിൽ നിന്ന് 70 ശതമാനമാക്കാൻ ലക്ഷ്യമിടണം. ഇടക്കാലാശ്വാസമെന്ന നിലയിൽ സർക്കാർ ഇൻഷ്വറൻസ് പദ്ധതികൾ ഫലപ്രദമായി ഏകോപിപ്പിക്കുകയും വേണം.
കേരളത്തിന്റെ ആരോഗ്യഭാവി നിർണയിക്കുന്നത് ആശുപത്രികളുടെ എണ്ണവും ആധുനിക ചികിത്സാസാങ്കേതികവിദ്യയും മാത്രമല്ല. രോഗാതുരതയും ചികിത്സാച്ചെലവും കുറയ്ക്കുക, സ്വകാര്യചികിത്സയെ സാമൂഹിക നിയന്ത്രണത്തിന് വിധേയമാക്കുക, പൊതുമേഖലയെ ശക്തിപ്പെടുത്തുക, രോഗപ്രതിരോധത്തെ ജനകീയ പ്രസ്ഥാനമാക്കുക എന്നിവയിലൂടെയാണ് സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ കേരള ആരോഗ്യമാതൃക സംരക്ഷിക്കാനുള്ള സമഗ്രപദ്ധതികൾ ആവിഷ്‌കരിക്കുകയാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |