
മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ... കഴിഞ്ഞ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് വിജയം മാത്രം ലക്ഷ്യമിട്ടുകൊണ്ട് ട്രംപ് ആഹ്വാനം ചെയ്തു! ട്രംപ് വീണ്ടും വരികയാണ്. ട്രംപിന്റെ രണ്ടാംവരവ് യു.എസ് ജനതയ്ക്ക് പ്രതീക്ഷയാണ്. അവരുടെ തകർന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥ, ആദ്യ ട്രംപ് ഭരണകാലഘട്ടത്തിലെന്നതു പോലെ മെച്ചപ്പെടുമെന്നും, അമേരിക്ക ലോകത്തെ ചോദ്യം ചെയ്യപ്പെടാത്ത വൻശക്തിയായി തുടരുമെന്നും അവർ പ്രതീക്ഷിക്കുന്നു. ഇന്ത്യക്കും ട്രംപിന്റെ വരവ് പ്രതീക്ഷയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപിന് അടുത്ത ബന്ധമുണ്ട്. രണ്ടാം വരവിൽ ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തമാകുമെന്ന് കരുതാം.
ട്രംപിന്റെ ക്യാബിനറ്റിൽ തലയെടുപ്പോടെ നിരവധി ഇന്ത്യൻ വംശജരുണ്ടെന്നത് നമുക്ക് അഭിമാനവും പ്രതീക്ഷയുമാണ്. ഇന്ത്യൻ വംശജരായ കാഷ് പട്ടേൽ, ജയ് ഭട്ടാചാര്യൻ, വിവേക് രാമസ്വാമി, ശ്രീറാം കൃഷ്ണൻ, ഹർമീത് ദില്ലൻ എന്നിവരാണ് ട്രംപ് ക്യാബിനറ്രിൽ നിർണായക പദവികളിലെത്തുക. രാജാ കൃഷ്ണമൂർത്തി (ഇലിനോയി), ശ്രീ തനേദാർ (മിഷിഗൺ),റോ ഖന്ന (കാലിഫോർണിയ), പ്രമീള ജയപാൽ (വാഷിംഗ്ടൺ), ആമി ബേര (കാലിഫോർണിയ), സുഹാസ് സുബ്രമണ്യം (വിർജീനിയ) എന്നീ ഇന്ത്യൻ വംശജർ ജനപ്രതിനിധി സഭയിലുമുണ്ട്. ട്രംപ് ക്യാബിനറ്റിൽ സെക്രട്ടറിമാർ ആരൊക്കെയായിരിക്കുമെന്നതിൽ ഏറെനാൾ ചർച്ച നടന്നു. ഒടുവിൽ സമയമെടുത്ത്, പല സന്ദർഭങ്ങളിലാണ് ട്രംപ് തന്റെ നോമിനികളെ പ്രഖ്യാപിച്ചത്. ഏറ്റവും വിശ്വസ്തരെ ഒപ്പം നിറുത്തിയാണ് ട്രംപ് തന്റെ ക്യാബിനറ്റിന് രൂപം നൽകിയിട്ടുള്ളത്.
മാർകോ റൂബിയോ
സ്റ്റേറ്റ് സെക്രട്ടറി
ട്രംപിന്റെ വിശ്വസ്തൻ. ഫ്ളോറിഡയിലെ സെനറ്ററായിരുന്നു. ക്യൂബൻ വംശജൻ. 2016ൽ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറിയിൽ മത്സരിച്ചു.
പാം ബോണ്ടി
അറ്റോർണി ജനറൽ
2011- 2019ൽ ഫ്ളോറിഡ അറ്റോർണി ജനറൽ ആയിരുന്നു. ആ പദവിയിലെത്തിയ ആദ്യ വനിത.
പീറ്റ് ഹെഗ്‌സെത്ത്
പ്രതിരോധ സെക്രട്ടറി
ഫോക്സ് ന്യൂസ് അവതാരകനും ആർമി മുൻ മേജറുമാണ്. എഴുത്തുകാരൻ കൂടിയായ പീറ്റ്, ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നാറ്റോയുടെ വിമർശകൻ.
സ്കോട്ട് ബെസന്റ്
ട്രഷറി സെക്രട്ടറി
ശതകോടീശ്വരൻ. കീ സ്‌ക്വയർ ഗ്രൂപ്പ് എന്ന നിക്ഷേപക സ്ഥാപനത്തിന്റെ സി.ഇ.ഒ, ധനകാര്യ വിദഗ്ദ്ധൻ. ട്രംപിന്റെ പ്രസിഡൻഷ്യൽ പ്രചാരണത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു.
ഡഗ്ലസ് ബർഗം
ആഭ്യന്തര സെക്രട്ടറി
നോർത്ത് ഡക്കോട്ട മുൻ ഗവർണർ. വ്യവസായിയും അതിസമ്പന്നനും.
ലിൻഡ മക്‌മൻ
വിദ്യാഭ്യാസ സെക്രട്ടറി
പ്രമുഖ ബിസിനസുകാരി. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ സജീവ സാന്നിദ്ധ്യം. പ്രൊഫഷണൽ റസ്‌ലിംഗ് കമ്പനിയായ ഡബ്ല്യു.ഡബ്ല്യു.ഇ സ്ഥാപിച്ചത് ലിൻഡയും ഭർത്താവ് വിൻസ് മക്മാനും ചേർന്നാണ്.
റോബർട്ട് എഫ്. കെന്നഡി ജൂനിയർ
ആരോഗ്യ സെക്രട്ടറി
ഏറെ വിവാദമായ ട്രംപിന്റെ നോമിനേഷനുകളിൽ ഒന്ന്. പരിസ്ഥിതി പ്രവർത്തകനും വാക്സിൻ വിരുദ്ധ ആക്ടിവിസ്റ്റും. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് വിമർശനങ്ങൾ നേരിട്ടു. മുൻ സെനറ്റർ റോബർട്ട് എഫ്. കെന്നഡിയുടെ മകൻ.
ക്രിസ് റൈറ്റ്
ഊർജ്ജ സെക്രട്ടറി
എൻജിനിയറും ബിസിനസുകാരനുമായ അദ്ദേഹം ലിബർട്ടി എനർജി കമ്പനി സി.ഇ.ഒയാണ്. ഷെയ്ൽ ഗ്യാസ് ഉത്പാദന രംഗത്ത് പ്രവർത്തിക്കുന്ന പിനക്കിൾ ടെക്നോളജീസ് എന്ന കമ്പനിയുടെ സ്ഥാപകൻ. എണ്ണ, വാതക കമ്പനികളിലും പങ്കാളിത്തം. കാലാവസ്ഥാ വ്യതിയാന പ്രസ്ഥാനങ്ങൾക്ക് എതിരാണ് ക്രിസ്.
ഹോവാർഡ് ലുട്നിക്ക്
വാണിജ്യ സെക്രട്ടറി
ബിസിനസുകാരൻ. കാന്റർ ഫിറ്റ്സ്‌ജെറാൾഡിന്റെയും ബി.ജി.സി ഗ്രൂപ്പിന്റെയും ചെയർമാനും സി.ഇ.ഒയും. ട്രംപ് ക്യാമ്പെയിനുകളിലെ പ്രധാനി.
ബ്രൂക്ക് റോളിൻസ്
കാർഷിക സെക്രട്ടറി
ട്രംപിന്റെ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് 52കാരിയായ ബ്രൂക്ക്. യു.എസ് ഡൊമസ്റ്റിക് പോളിസി കൗൺസിലിന്റെ മുൻ ഡയറക്ടർ.
ഷോൺ ഡഫി
ഗതാഗത സെക്രട്ടറി
ടെലിവിഷൻ അവതാരകൻ. അഭിഭാഷകൻ. 2011 -2019ൽ വിസ്കോൺസിനിൽ നിന്നുള്ള ജനപ്രതിനിധി സഭാംഗം.
ലോറി മിഷേൽ ഷാവേസ്-ഡി റെമർ
ലേബർ സെക്രട്ടറി
ഒറിഗണിൽ നിന്നുള്ള മുൻ ജനപ്രതിനിധി സഭാംഗം. 2011- 2019ൽ ഒറിഗണിലെ ഹാപ്പി വാലിയിൽ മേയറായിരുന്നു.
സ്കോട്ട് ടർണർ
ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്റ് (എച്ച്.യു.ഡി) സെക്രട്ടറി. ബിസിനസുകാരൻ, മോട്ടിവേഷണൽ സ്പീക്കർ, മുൻ പ്രൊഫഷണൽ ഫുട്ബോൾ താരം.
മസ്‌ക് എന്ന
മന്ത്രം
ട്രംപിന്റെ പ്രചാരണങ്ങളിൽ ഏറ്റവും സജീവ സാന്നിദ്ധ്യമായിരുന്നു ശതകോടീശ്വരനും ടെസ്‌ല സ്ഥാപകനുമായ ഇലോൺ മസ്‌ക്. യു.എസിനെ രക്ഷിക്കാൻ ട്രംപിന്റെ വിജയം അനിവാര്യമാണെന്ന് യു.എസ് ജനതയെ ബോദ്ധ്യപ്പെടുത്താൻ മസ്‌കിനു കഴിഞ്ഞു. അധികാരത്തിലെത്തിയാൽ മസ്കിന് സുപ്രധാന പദവി നൽകുമെന്ന് ട്രംപ് തിരഞ്ഞെടുപ്പ് വേദികളിൽ പ്രഖ്യാപിക്കുകയും ചെയ്തു. 'കാര്യക്ഷമതാ ഡിപ്പാർട്ട്‌മെന്റിന്റെ' തലപ്പത്ത് നിയമിച്ചാണ് ട്രംപ് ആ വാക്ക് പാലിച്ചത്. മസ്‌കിനെയും പ്രചാരണത്തിൽ മുന്നിലുണ്ടായിരുന്ന ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമിയേയുമാണ് ട്രംപ് പുതുതായി പ്രഖ്യാപിച്ച സർക്കാർ ഏജൻസിയായ ഡോഷിന്റെ ( DOGE- ഡിപ്പാർട്ട്‌മെന്റ് ഒഫ് ഗവൺമെന്റ് എഫിഷ്യൻസി)ചുമതല ഏൽപ്പിച്ചത്.
ട്രംപിന്റെ വരവ് മാസ് ആണ്! 2020 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടപ്പോൾ ട്രംപ് എന്ന ബ്രാൻഡ് തകർന്നില്ല. ഉറച്ച നിശ്ചയദാർഢ്യത്തിന്റെ പേരു കൂടിയാണ് ഇന്ന് ലോകത്തിന് ട്രംപ്. യുക്രെയ്ൻ യുദ്ധം, കുടിയേറ്രം ഉൾപ്പെടെ നിരവധി വെല്ലുവിളികളാണ് മുന്നിലുള്ളത്. ട്രംപിന്റെ രണ്ടാം വരവ് മാസും ക്ലാസുമാകുമോ എന്നാണ് ലോകം ഉറ്രുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |