
സംസ്ഥാനത്ത് സ്ത്രീ സുരക്ഷിതയാണെന്ന് വാദിക്കുമ്പോഴും, സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായാണ് ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ സ്‌ത്രീകൾ അപമാനത്തിനും ആക്രമണത്തിനും പീഡനത്തിനും ഇരയാവുന്ന സംഭവങ്ങളും കൂടുകയാണ്. മാളിലും നടുറോഡിലും വാഹനങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെല്ലാം സ്ത്രീകൾക്ക് രക്ഷയില്ല. അഭയം തേടിയെത്തുന്നവർക്ക് അർഹതപ്പെട്ട നീതിയും കെെയകലത്താണ്. പീഡനശ്രമം ചെറുക്കുന്നതിനിടെ കോഴിക്കോട് മുക്കത്ത് മോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്ന് ചാടി ഗുരുതര പരിക്കേറ്റ സംഭവം സ്ത്രീ സുരക്ഷയ്ക്ക് മങ്ങലേറ്റ ഏറ്റവും ഒടുവിലത്തെ സംഭവമാണ്. പീഡനത്തെ ചെറുത്തുനിന്ന യുവതി ധെെര്യപൂർവ്വം തന്നെ ഉപദ്രവിച്ചവരെ
പൊലീസിന് ചൂണ്ടിക്കാണിച്ചിട്ടും മൂക്കിന് താഴെയുള്ള പ്രതികളെ പിടികൂടാൻ പൊലീസ് എടുത്തത് നാല് ദിവസം. ഇത്രയും നാൾ പൊലീസ് എവിടെയായിരുന്നെന്നും പ്രതികളെ സംരക്ഷിക്കാൻ പൊലീസ് കൂട്ടുനിൽക്കുന്നെന്നാരോപിച്ച് നാട്ടുകാരും ബന്ധുക്കളും വിവിധ സംഘടനകളും രംഗത്തെത്തുകയും ചെയ്തു.
മാമ്പറ്റയിലെ 'സങ്കേതം" മോട്ടലുടമയായ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവരാണ് കേസിലെ പ്രതികൾ. ശനിയാഴ്ച രാത്രി സംഭവമുണ്ടായിട്ട് ഇന്നലെയാണ് പൊലീസ് കേസിലെ പ്രാധാന പ്രതിയായ മോട്ടൽ ഉടമയെ പിടികൂടിയത്. കേസിലെ കൂട്ടു പ്രതികളെ പിടികൂടാൻ ഇനിയും സാധിച്ചിട്ടില്ല. മുഖ്യപ്രതിയും മോട്ടലുടമയുമായ ദേവദാസിനെ എറണാകുളത്തേക്കുള്ള ബസിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ബസ് കുന്ദംകുളത്തെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിക്രമിച്ചു കടക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
ആക്രമണം
കരുതിക്കൂട്ടി?
പയ്യന്നൂർ സ്വദേശിനിയായ യുവതി 'സങ്കേതം" മോട്ടലിലെ ജീവനക്കാരിയാണ്. ജീവനക്കാർക്ക് താമസിക്കാൻ മോട്ടലിന് സമീപം തന്നെ വീടുണ്ട്. ഇവിടെയാണ് പീഡനശ്രമമുണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയോടെ യുവതി താമസിക്കുന്ന വീട്ടിലേക്ക് മൂന്നുപേരും അതിക്രമിച്ചെത്തുകയായിരുന്നു. തുടർന്ന് പീഡനശ്രമം ചെറുക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് യുവതി താഴേക്ക് ചാടി. ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ കഴിഞ്ഞ ദിവസം യുവതി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ ബന്ധുക്കൾ പുറത്ത് വിട്ടിരുന്നു. കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് തൊട്ടുമുൻപ് മോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്ന വീഡിയോയാണ് കുടുംബം പുറത്തുവിട്ടത്. 'എന്നെ ഒന്നും ചെയ്യല്ലേ, വിടൂ" എന്ന് യുവതി കരഞ്ഞ് നിലവിളിക്കുന്നതും യുവതിയോട് മിണ്ടാതിരിക്കാൻ പ്രതികൾ ആവശ്യപ്പെടുന്നതും വ്യക്തമായി കേൾക്കാം. യുവതി താമസിച്ചിരുന്ന സ്ഥലത്തേക്ക് പ്രതികളെത്തിയപ്പോൾ ഇവർ ഫോണിൽ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അതിക്രമം. ഫോൺ ക്യാമറ ഓൺ ആയിരുന്നതിനാൽ വീഡിയോ റെക്കോർഡായി. യുവതി ബഹളമുണ്ടാക്കി പീഡനം തടയാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. തുടർന്നാണ് യുവതി വീട്ടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടിയത്. മറ്റ് യുവതികൾ വീട്ടിൽ താമസിച്ചിരുന്നെങ്കിലും സംഭവം നടക്കുന്ന ദിവസം അവർ വീട്ടിലുണ്ടായിരുന്നില്ല. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കോഴിക്കോട് ജില്ല റൂറൽ എസ്.പിയോട് വനിത കമ്മിഷൻ അടിയന്തര റിപ്പോർട്ടും തേടിയിട്ടുണ്ട്.
ചാടിയത് ജീവൻ രക്ഷിക്കാൻ
മോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥമാണ് താഴേക്കു ചാടിയതെന്നാണ് യുവതിയും ബന്ധുക്കളും പൊലീസിന് നൽകിയ മൊഴി. മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റയിൽ അടുത്തിടെ തുടങ്ങിയ മോട്ടലിൽ മൂന്ന് മാസം മുമ്പാണ് യുവതി ജോലിക്കെത്തിയത്. ഇതിന് മുൻപും പ്രതികൾ യുവതിയോട് മോശമായ രീതിയിൽ സംസാരിച്ചിരുന്നു. ആദ്യം ദേവദാസ് യുവതിയുടെ വിശ്വാസ്യത നേടിയെടുക്കാൻ ശ്രമിച്ചുവെന്നും പിന്നാലെ പ്രലോഭനത്തിന് ശ്രമിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. മോശമായ രീതിയിൽ യുവതിക്ക് സന്ദേശങ്ങളും അയച്ചിരുന്നു. വാട്സ്ആപ്പിൽ അയച്ച വോയ്സ് മെസേജുകൾ ഉൾപ്പെടെയുള്ള തെളിവുകൾ കുടുംബത്തിന്റെ പക്കലുണ്ട്. അന്വേഷണം നടക്കുന്നതിന് അനുസരിച്ച് ഈ തെളിവുകളെല്ലാം കൈമാറുമെന്നും ബന്ധുക്കൾ പറഞ്ഞു. പ്രതികളെ പിടികൂടാൻ വൈകുന്നതിൽ സംശയവും ബന്ധുക്കൾ പ്രകടിപ്പിച്ചു.
പദ്ധതികളൊന്നും ഫലപ്രദമല്ല
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് ഓരോ ദിവസവും നടക്കുന്ന സംഭവങ്ങൾ സൂചിപ്പിക്കുന്നത്. സ്ത്രീകൾക്കെതിരെ അതിക്രമം നടക്കാത്ത ഒരു ദിവസം പോലുമില്ല. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും എന്തിനേറെ പറയുന്നു വീട്ടിനകത്ത് പോലും സ്ത്രീകൾ അതിക്രമത്തിന് ഇരയായിക്കൊണ്ടിരിക്കുകായാണ്. കാണാതായി, തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു തുടങ്ങി കേരളത്തിൽ ദിവസേനേ 50 ലധികം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്നത്. പൊലീസ് ക്രൈം രജിസ്റ്റർ കണക്ക് പ്രകാരം ഓരോ വർഷവും കേസുകളുടെ എണ്ണം പരിശോധിച്ചാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഗണ്യമായ വർദ്ധനവ് കാണാം. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾക്ക് പുറമെ അവരുടെ സ്വകാര്യത ലംഘിക്കുന്ന അതിക്രമങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നവരും വേണമെങ്കിൽ കൊല്ലുന്നവർ വരെ സമൂഹത്തിലുണ്ട്. രാത്രിയിൽ പുറത്തിറങ്ങി നടക്കുന്ന ഒരു സ്ത്രീയ്ക്ക് നേരെ പറക്കുന്ന കഴുകക്കണ്ണുകൾ നിരവധിയാണ്. സ്ത്രീകൾക്കെതിരെ അതിക്രമം നടക്കുമ്പോൾ മാത്രമല്ല സ്ത്രീ സുരക്ഷയ്ക്കായി അലമുറയിടേണ്ടത്. സമൂഹത്തിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ പ്രാധാന്യത്തോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. സ്ത്രീയ്ക്ക് ഏത് സമയത്തും പുറത്തിറങ്ങാനും ഭയപ്പെടാതെ ഒറ്റയ്ക്ക് ജീവിക്കാനും സാധിക്കണം. കഴുകൻ കണ്ണുകൾ കൊണ്ടുള്ള തുറിച്ച് നോട്ടം അവൾക്ക് നേരെയുണ്ടാകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |