
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രയിൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കിയുമായുള്ള ഉന്നതതല ചർച്ച നമ്മുടെ നാട്ടിൻപുറത്തെ ചായക്കട തർക്കം പോലെ കലാശിച്ചു. ലോകം മുഴുവൻ ഈ കാഴ്ച കണ്ട് ആസ്വദിച്ചു. ലോകചരിത്രത്തിൽ രണ്ട് രാഷ്ട്രത്തലവന്മാർ ഈ രീതിയിൽ ബഹളം വയ്ക്കുന്നത് ആരും ഇതുവരെ കണ്ടിട്ടില്ല.
എന്തുകണ്ടിട്ടാണ് സെലൻസ്കി ഈ വിധം പൊങ്ങച്ചമെല്ലാം ട്രംപിനോടു പറഞ്ഞതെന്ന് മനസിലാകുന്നില്ല. യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കിൽ മൂന്നു ദിനംകൊണ്ട് മൊത്തം യുക്രെയിൻ റഷ്യയുടെ കീഴിലായേനെ. യൂറോപ്പിന്റെ ആയുധങ്ങളും അമേരിക്കയുടെ പണവുമാണ് റഷ്യ- യുക്രെയിൻ യുദ്ധം മൂന്നു വർഷം നീണ്ടുപോകാൻ കാരണം. ഇപ്പോൾ ട്രംപ് പറയുന്നു, ഇനി മുടക്കാൻ അമേരിക്കയുടെ കൈയിൽ പണമില്ല. ഇപ്പോൾത്തന്നെ 350 ബില്യൻ ഡോളർ യുക്രെയിനായി ചെലവാക്കിക്കകഴിഞ്ഞു.
സെലൻസ്കിയുടെ ധാരണ അങ്ങേരെന്തോ ലോകമഹാ നേതാവാണെന്നും സഹായിക്കാൻ മറ്റുള്ളവർക്കെല്ലാം ബാദ്ധ്യതയുണ്ടെന്നുമാണ്. യുദ്ധത്തിൽ ഏർപ്പെടുന്ന രാജ്യത്തെ മറ്റൊരു രാജ്യം സഹായിക്കുന്നത് നീതി നടപ്പാക്കാൻ വേണ്ടിയിട്ടൊന്നുമല്ല, ആ യുദ്ധത്തിൽ നിന്ന് തങ്ങൾക്ക് എന്തെങ്കിലും പ്രയോജനത്തിനായാണ്. അമേരിക്ക യുക്രെയിനെ സഹായിച്ചതും ഇതുപോലെയാണ്. യുക്രെയിൻ എന്ന രാജ്യത്ത് അപൂർമായ ധാതുസമ്പത്ത് ധാരാളമുണ്ട്. മുൻപറഞ്ഞ ചർച്ചയിൽ ഡൊണാൾഡ് ട്രംപ് ഇത് തുറന്നുപറഞ്ഞു. അമേരിക്കയിൽ ഇഷ്ടം പോലെ എണ്ണയും പ്രകൃതിവാതകവും ഉണ്ടെങ്കിലും അപൂർവ ധാതുശേഖരമില്ല. അതിനാൽ, ഒന്നുകിൽ തങ്ങൾ മുടക്കിയ 350 ബില്യൻ ഡോളർ തിരിച്ചുതരിക, അല്ലെങ്കിൽ യുക്രെയിന്റെ ധാതുസമ്പത്തിന്റെ പകുതിയുടെ അവകാശം തരിക, യുദ്ധം ഉടൻ നിറുത്തി വയ്ക്കുക. ബാക്കി കാര്യങ്ങൾ പിന്നെ. ഇതാണ് അമേരിക്കയുടെ നിലപാട്.
നിസഹായനായ സെലൻസ്കി ഈ ധാരണാപത്രം ഒപ്പിടാൻ തയ്യാറായില്ല, പക്ഷേ ഒരു നിർദേശം മുന്നോട്ടുവച്ചു, യുക്രെയിന്റെ സുരക്ഷ അമേരിക്ക ഏറ്റെടുക്കണം. ട്രംപ് അത് എഴുതിക്കൊടുക്കാനൊന്നും തയ്യാറായിരുന്നില്ല. നിങ്ങളുടെ ധാതുസമ്പത്തിൽ പകുതിയിൽ ഞങ്ങൾക്ക് അവകാശമുണ്ടെന്ന കരാർ നിലനിൽക്കുമ്പോൾ ഞങ്ങൾ യുക്രെയിനിലുണ്ട് എന്നാണ് അതിന്റെ അർത്ഥം. അതുതന്നെയാണ് നിങ്ങളുടെ സുരക്ഷയും. ഇനി കൂടുതലായി എന്തെങ്കിലും വേണമെങ്കിൽ നമുക്ക് പിന്നീടാലോചിക്കാം. ഇപ്പോൾ ഈ കരാർ ഒപ്പിട്ട് യുദ്ധം അവസാനിപ്പിക്കുക- ഇതാണ് ട്രംപ് സുവ്യക്തമായി പറഞ്ഞത്.
പുട്ടിന്റെ സ്വരത്തിൽ സംസാരിക്കുന്നു, പുട്ടിൻ ഭീകരവാദിയാണ്, കൊലയാളിയാണ്. അയാളോടൊന്നും ചർച്ച ചെയ്യാൻ സാദ്ധ്യമല്ല... എന്നെല്ലാം സെലൻസ്കി തട്ടിവിട്ടു. ട്രംപ് അത് ക്ഷമയോടെ കേട്ടിരുന്നു. എന്നാൽ സെലൻസ്കിയുടെ അടുത്ത പ്രശ്നവും ട്രംപിനെ വല്ലാതെ ചൊടിപ്പിച്ചു. റഷ്യയെ ഇപ്പോൾ പിടിച്ചുനിറുത്തിയില്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്കും റഷ്യയെ ഭയക്കേണ്ടി വരും എന്ന് സെലൻസ്കി മുന്നറിയിപ്പു കൊടുത്തു. അവിടെ വച്ച് ട്രംപിന് ചർച്ചയിലെ ബാലൻസ് തെറ്റിപ്പോയി. അമേരിക്കയ്ക്ക് സംഭവിക്കാൻ പോകുന്നത് എന്താണെന്ന് ഞാൻ നോക്കിക്കോളാമെന്നും, അതിലൊന്നും വെറുതേ കയറി അഭിപ്രായം പറയേണ്ടെന്നും ട്രംപ് തിരിച്ചടിച്ചു.
പിന്നെ നിറുത്താതെ ഒരു സംസാരമായിരുന്നു. കൈയിൽ ഒരു വകയുമില്ലാതെ ആ പൊങ്ങച്ചം പറയരുതെന്നും നിങ്ങളുടെ പെരുമാറ്റംകൊണ്ട് മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനിടയുണ്ടെന്നും ഭീഷണിയുടെ സ്വരത്തിൽ ട്രംപ് പറഞ്ഞു. സെലൻസ്കി വല്ലാതെ വിഷമത്തിലായെങ്കിലും ക്യാമറക്കണ്ണുകളുടെ മുന്നിൽ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ എങ്ങുമെത്താതെ, ഒപ്പിടാൻ വച്ചിരുന്ന കരാർ അതുപോലെ ഉപേക്ഷിച്ച് സെലൻസ്കിയ്ക്ക് വൈറ്റ് ഹൗസിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നു. ഇറക്കിവിട്ടു എന്ന ഭാഷ്യമുണ്ടെങ്കിലും സെലൻസ്കിയോ വൈറ്റ്ഹൗസോ പ്രതികരിച്ചിട്ടില്ല.
പത്രസമ്മേളനത്തെ തുടർന്ന് നടത്തേണ്ടിയിരുന്ന വിരുന്നും മറ്റു ചടങ്ങുകളും റദ്ദാക്കിയെന്നു മാത്രമാണ് പുറത്തേക്കു വന്ന അറിയിപ്പ്. അമേരിക്കയിലെ വലിയൊരു മാദ്ധ്യമമായ ഫോക്സ് ന്യൂസ് സെലൻസ്കിയുമായി അഭിമുഖം നടത്തി. അമേരിക്കയെ അപമാനിച്ചതിൽ ഖേദമുണ്ടോ, മാപ്പുപറയുന്നുണ്ടോ എന്നൊക്കെ ചോദിച്ചു. കണ്ണുനിറഞ്ഞുപോയ സെലൻസ്കി വ്യക്തമായ ഉത്തരം കൊടുക്കാതെ അവിടെയും ഉരുണ്ടുകളിച്ചു. സെലൻസ്കിയുടെ ഈ നിലപാടുകൾക്കു പിന്നിൽ ആരെന്ന് അറിയില്ല. ഇപ്പോൾ പ്രചാരം നേടിയിരിക്കുന്ന, ഡീപ് സ്റ്റേറ്റാണെന്നും യുക്രെയിൻ യുദ്ധം നിറുത്താൻ കാരണക്കാരൻ ട്രംപാണെന്നും കരുതുന്നത് അവർക്കൊരു ക്ഷീണമാകുമെന്നും കരുതുന്നതിനാൽ മന:പൂർവം നാടകം കളിപ്പിച്ചതാണെന്നും കരുതുന്നവരുണ്ട്. അതല്ല, സെലൻസകിക്കും അയാളെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങൾക്കും ശക്തമായ ഒര സന്ദേശം കൊടുക്കാൻ ട്രംപ് നടത്തിയ നാടകമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്.
ഒരു കാര്യം സത്യമാണ്. തുർക്കി, ഇംഗ്ളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ കഴിഞ്ഞയാഴ്ച സമാധാനസേന എന്ന പേരിൽ താന്താങ്ങളുടെ പട്ടാളത്തെ യുക്രെയിനിൽ വിന്യസിച്ചാലോ എന്ന് ആലോചിച്ചതാണ്. ആ വാർത്ത ലോകമൊട്ടാകെ പരക്കുകയും ചെയ്തു. ഇതും ട്രംപിനെ വല്ലാതെ പ്രകോപിപ്പിച്ചിരിക്കണം. സാമ്പത്തികമായ വലിയ സ്ഥിതിയിലൊന്നുമല്ല യൂറോപ്യൻ രാജ്യങ്ങൾ. എന്നിട്ടും സമാധാന സേനയെ അയച്ച് തന്റെ സമാധാന ശ്രമങ്ങളെ തുരങ്കംവയ്ക്കാൻ അവർ ശ്രമിക്കുന്നുവെന്ന് ട്രംപിനു തോന്നുക സ്വാഭാവികം.
തുടർന്നുണ്ടാവുക യൂറോപ്യൻ രാജ്യങ്ങളും അമേരിക്കൻ രാജ്യങ്ങളും തമ്മിലുള്ള ധാരണ ഇല്ലാതാവുകയാണ്. അതിനർത്ഥം ഇപ്പോൾ നാം കാണുന്ന ലോകക്രമം അടിമുടി മാറും എന്നതാണ്. അമേരിക്ക, ഇസ്രയേൽ, റഷ്യ തുടങ്ങിയവർ ഒരു ചേരിയിലും യൂറോപ്പ് മറുചേരിയിലുമാകുന്ന അവസ്ഥ. ചൈനയും ഭാരതവും തീർത്തും നിഷ്പക്ഷത പാലിക്കുകയും ചെയ്യും. ഈ അവസ്ഥയിൽ തങ്ങളുടെ അതിർത്തിയിലുള്ള ഫിൻലൻഡ് എന്ന ചെറിയ രാജ്യത്തെ റഷ്യ ഒന്നാക്രമിച്ചാൽ അത് മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമാകും. അതായിരിക്കും ട്രംപിന്റെ മുന്നറിയിപ്പിന്റെ അർത്ഥം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |