SignIn
Kerala Kaumudi Online
Friday, 26 June 2026 3.12 AM IST

ആരോഗ്യമാകട്ടെ പുതുയുഗത്തിന്റെ ലഹരി

oprtation-thoofan

ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം, ചികിത്സ, സാമൂഹിക പുനരധിവാസം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രവും ശാസ്ത്രീയവുമായ സമീപനങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യകത. ആരോഗ്യമുള്ള സമൂഹമാണ് നാടിന്റെ ശക്തി.

ആരോഗ്യമുള്ള സമൂഹമാണ് നാടിന്റെ ശക്തി. എന്നാൽ നാടിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന വലിയ ആപത്തായി ലഹരിവസ്തുക്കളുടെ വർദ്ധിച്ച ഉപയോഗം മാറിയിരിക്കുന്നു. യുവജനങ്ങൾക്കിടയിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ലഹരി ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ കൂടുതൽ പ്രാധാന്യമർഹിക്കുന്നത്.

ലഹരിയുടെ ഉപയോഗം ഹൃദ്രോഗം, കരൾരോഗം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മാനസികാരോഗ്യം തകരാറിലാകുന്നു. പഠനത്തിലും ജോലിയിലും ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശേഷി കുറയുന്നു. ഇവയെല്ലാം കുടുംബത്തിന്റെ അടിത്തറ താളം തെറ്റിക്കും. സിന്തറ്റിക് മയക്കുമരുന്നുകൾ, ഓൺലൈൻവഴിയുള്ള അനധികൃത വ്യാപനം, തുടങ്ങിയവ സമൂഹം നേരിടുന്ന പുതിയ വെല്ലുവിളികളാണ്.

ഇത്തരം സാഹചര്യങ്ങളിൽ പ്രതിരോധം, ചികിത്സ, സാമൂഹിക പുനരധിവാസം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രവും ശാസ്ത്രീയവുമായ സമീപനങ്ങളാണ് കാലഘട്ടത്തിന്റെ ആവശ്യകത. ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുന്നതോടൊപ്പം നാം ഓരോരുത്തരും ലഹരി ഉപയോഗിക്കില്ല എന്ന ദൃഢപ്രതിജ്ഞകൂടി എടുക്കണം.

ലഹരി വിമോചന

കേന്ദ്രങ്ങൾ

ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കാൻ ആരോഗ്യവകുപ്പിനുകീഴിൽ ലഹരിവിമോചന കേന്ദ്രങ്ങൾ നിലവിലുണ്ട്. ഇതിന്റെ ഭാഗമായി ഔഷധചികിത്സ, മന:ശാസ്ത്ര ചികിത്സ, സാമൂഹ്യചികിത്സ, ഗ്രൂപ്പ് തെറാപ്പി എന്നിവ നടന്നു വരുന്നു. താലൂക്ക്/ജില്ലാ/ജനറൽ ആശുപത്രികളിലും, മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായി 15 കേന്ദ്രങ്ങളിൽ ലഹരിവിമോചന ചികിത്സ ലഭ്യമാണ്.

ഇതിനുപുറമേ ആരോഗ്യവകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സംയുക്ത സംരംഭമായ വിമുക്തി പദ്ധതിയുടെ കീഴിൽ 14 ലഹരി വിമോചന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു. ഈ കേന്ദ്രങ്ങളിൽ സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. ഇതിലൂടെ ഡീടോക്സിഫിക്കേഷൻ തെറാപ്പി, ഫാമിലി തെറാപ്പി, ഗ്രൂപ്പ് തെറാപ്പി മാർഗങ്ങളും തുടർചികിത്സയും നടത്തിവരുന്നു. മാനസികാരോഗ്യ പരിപാടി വഴി സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക് ആശുപത്രികളിലുമായി 300 മാനസികാരോഗ്യ ക്ലിനിക്കുകളുമുണ്ട്. ഇതിലും ലഹരിവിമോചന ചികിത്സ ലഭ്യമാണ്.

മനുഷ്യന്റെ ഏറ്റവും നല്ല ലഹരി ആരോഗ്യകരമായ ജീവിതശൈലിയാണ്. കായിക വിനോദങ്ങൾ, വായന, സംഗീതം, കലാപ്രവർത്തനങ്ങൾ, സാമൂഹിക സേവനങ്ങൾ എന്നിവ ജീവിതത്തിന് സന്തോഷവും സംതൃപ്തിയും നൽകുന്നു. ശാരീരികവും മാനസികവുമായി ആരോഗ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ലഹരികളിൽ നിന്ന് അകന്നുനിൽക്കാൻ സാധിക്കും.


കേരള സർക്കാർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. ബോധവത്കരണ പരിപാടികൾ സമൂഹത്തിൽ നല്ല മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

കൂട്ടായ ഇടപെടൽ

ലഹരിയുടെ വേരറുക്കാൻ സർക്കാർ സംവിധാനങ്ങൾ മാത്രം മതിയാകില്ല. മാതാപിതാക്കൾ, അദ്ധ്യാപകർ, യുവജനസംഘടനകൾ, മത-സാമൂഹിക സംഘടനകൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ ഇടപെടൽ അനിവാര്യമാണ്. ലഹരിയിൽ നിന്ന് മോചിതമായ ആരോഗ്യകരമായ ഒരു പുതുയുഗ കേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY