
ഒരു രാജ്യത്തിന്റ ശക്തി നിർണയിക്കുന്നത് അവിടത്തെ ഭരണത്തിന്റെ ഗുണനിലവാരം, സംവിധാനങ്ങൾ, ജനങ്ങൾ,പ്രതിരോധമേഖലയിലെ ശേഷി എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്. 12 വർഷങ്ങൾക്കു ശേഷം ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥകളിൽ ഒന്നായും കൂടുതൽ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയ ശക്തിയായും മാറുമെന്ന് കണക്കാക്കപ്പെടുന്നു. യഥാർത്ഥ ചോദ്യം ഇന്ത്യ വളർന്നോ എന്നതല്ല, മറിച്ച് ഘടനാപരമായി കൂടുതൽ ശക്തമാണോ എന്നതാണ്.
2,300 വർഷങ്ങൾക്കു മുൻപ് തന്നെ ചാണക്യൻ അർത്ഥശാസ്ത്രത്തിൽ ഈ ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ശക്തി സമ്പത്തിലോ സൈനിക ശക്തിയിലോ മാത്രമല്ല, പരസ്‌പരാശ്രിതമായ ഏഴ് സ്‌തംഭങ്ങളുടെ യോജിച്ചുള്ള പ്രവർത്തനത്തിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം വാദിച്ചു. സ്വാമി (ഭരണാധികാരി), അമാത്യ (മന്ത്രിമാരും സ്ഥാപനങ്ങളും), ജനപദ (അതിർത്തി,ജനസംഖ്യ), ദുർഗ (അടിസ്ഥാനസൗകര്യം),കോശ (ഖജനാവ്), ദണ്ഡ (സുരക്ഷ, സൈന്യം), മിത്ര (സഖ്യരാജ്യങ്ങൾ) എന്നിവയാണവ.
ഇന്ത്യയെ ഇന്ന് ചാണക്യൻ
ഓഡിറ്റ് ചെയ്‌തിരുന്നെങ്കിൽ
1.സ്വാമി
ഭരണാധികാരി ദൈനംദിന ഭരണത്തിനപ്പുറം ചിന്തിക്കുകയും തലമുറകൾക്ക് ശേഷവും രാജ്യം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് ചാണക്യൻ പ്രതീക്ഷിക്കും. ആ മാനദണ്ഡം അനുസരിച്ച് വിലയിരുത്തുമ്പോൾ, കഴിഞ്ഞ ദശകം നിരവധി ഘടനാപരമായ പരിഷ്‌കാരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ജി.എസ്.ടി, പാപ്പരത്ത നിയമ ഭേദഗതി,കോർപ്പറേറ്റ് നികുതി യുക്തിസഹീകരണം, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം,ഡിജിറ്റൽ വളർച്ച,അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സുസ്ഥിര മൂലധന ചെലവ് എന്നിവ സമ്പദ്‌വ്യവസ്ഥയുടെ ദീർഘകാല അടിത്തറ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടായിരുന്നു.
2.അമാത്യ
കഴിവുള്ള ഭരണാധികാരികളും മന്ത്രിമാരും കരുത്തുറ്റ സ്ഥാപനങ്ങളും പരമപ്രധാനമാണ്. കഴിഞ്ഞ ദശകത്തിൽ ആധാർ അധിഷ്ഠിത ഭരണനിർവഹണം,യു.പി.ഐ,ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ,നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങൾ എന്നിവ ₹ 34 ലക്ഷം കോടി കവിഞ്ഞു. ചോർച്ചകളെ ഗണ്യമായി കുറച്ചു. സുതാര്യതയും വിതരണവും മെച്ചപ്പെടുത്തി. കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി നികുതി നയം രൂപപ്പെടുത്തുന്ന സഹകരണ ഫെഡറലിസത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമായി ജി.എസ്.ടി കൗൺസിൽ ഉയർന്നുവന്നിട്ടുണ്ട്.
3.ജനപദ
മികച്ച പൗരന്മാർ,ഫലഭൂയിഷ്ഠമായ ഭൂമി,അഭിവൃദ്ധി പ്രാപിക്കുന്ന വാണിജ്യം. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്കു കീഴിലുള്ള നാല് കോടിയിലധികം വീടുകൾ,ആയുഷ്മാൻ ഭാരതിലൂടെ വിപുലമായ ആരോഗ്യ പരിരക്ഷ,ജൻധനിലൂടെ സാർവത്രിക ബാങ്കിംഗ്,വലിയ തോതിലുള്ള നൈപുണ്യ സംരംഭങ്ങൾ എന്നിവ ജനങ്ങൾക്ക് അവസരങ്ങളുടെ വാതിൽ തുറന്നിട്ടു. തൊഴിലുകളിൽ സ്ത്രീ പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചു, പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിൽ. ക്യു.എസ് വേൾഡ് ഫ്യൂച്ചർ സ്കിൽസ് സൂചിക 2027 പ്രകാരം എ.ഐ അധിഷ്‌ഠിത ഭാവിക്കുള്ള സാമ്പത്തിക ശേഷിയിൽ ഇന്ത്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്.
4.ദുർഗ
അടിസ്ഥാന സൗകര്യങ്ങൾ സാമ്പത്തിക മത്സരക്ഷമതയുടെ കോട്ടയാണ്. ദേശീയപാത വികസനമുണ്ടായി. 2014ൽ 91,000 കിലോമീറ്റർ ആയിരുന്നെങ്കിൽ ഇന്നത് 1,46,000 കിലോമീറ്ററാണ്. വിമാനത്താവളങ്ങൾ ഇരട്ടിയിലധികമായി. ചരക്ക് ഇടനാഴികൾ,പ്രധാനമന്ത്രി ഗതി ശക്തി,മെട്രോ റെയിൽ വികസനം,ഉൾനാടൻ ജലപാതകൾ,നവീകരിച്ച തുറമുഖങ്ങൾ,പുനരുപയോഗ ഊർജ്ജം എന്നിവ ഇന്ത്യയുടെ ഉത്പാദന ശേഷി ഗണ്യമായി മെച്ചപ്പെടുത്തി.
5.കോശ
ചാണക്യൻ ട്രഷറിയെ പരമാധികാരത്തിന്റെ നട്ടെല്ലായി കണക്കാക്കും. ഒരു നല്ല ട്രഷറിയില്ലാതെ,ഒരു രാജ്യത്തിനും സ്വയം പ്രതിരോധിക്കാനോ വികസനത്തിൽ നിക്ഷേപിക്കാനോ ബാഹ്യ ആഘാതങ്ങളെ ചെറുക്കാനോ കഴിയില്ല. ഇക്കാര്യത്തിൽ ഇന്ത്യ ഒരു ദശാബ്‌ദം മുമ്പുള്ളതിനേക്കാൾ ഭൗതികമായി ശക്തമാണ്. വിദേശ വിനിമയ കരുതൽ ശേഖരം ഇരട്ടിയിലധികമായി. പണപ്പെരുപ്പ മാനേജ്മെന്റ് കൂടുതൽ വിശ്വസനീയമായി. ബാങ്കിംഗ് പരിഷ്കാരങ്ങൾ,റീകാപ്പിറ്റലൈസേഷൻ,ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി കോഡ് എന്നിവ സാമ്പത്തിക അച്ചടക്കം ശക്തിപ്പെടുത്തി. ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. സ്വകാര്യ നിക്ഷേപം കൂടുതൽ ശക്തമാക്കണം. ഉത്പാദന മത്സരശേഷി മെച്ചപ്പെടുത്തണം. ഉത്പാദനക്ഷമതാ വളർച്ച ത്വരിതപ്പെടുത്തണം. എന്നിരുന്നാലും ഇന്നത്തെ സാമ്പത്തിക അടിത്തറ നിഷേധിക്കാനാവാത്തവിധം ശക്തമാണ്.
6.ദണ്ഡ
സുരക്ഷയെ കേവലം സൈനിക ശക്തിയായിട്ടല്ല,മറിച്ച് ക്രമസമാധാനം നിലനിറുത്താനും അതിർത്തികൾ സംരക്ഷിക്കാനും ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്താനുമുള്ള സംസ്ഥാനത്തിന്റെ കഴിവായാകും ചാണക്യൻ കാണുക. തദ്ദേശീയമായുള്ള പ്രതിരോധ സാമഗ്രികളുടെ ഉത്പാദനം,ആധുനികവത്കരിച്ച സൈനിക കഴിവുകൾ,അതിർത്തി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ ഇന്ത്യ ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്. 2013-14ൽ 700 കോടിയിൽ താഴെയായിരുന്ന പ്രതിരോധ കയറ്റുമതി 2025-26ൽ 38,000 കോടിയിലധികമായി വളർന്നു. സൈബർ പ്രതിരോധശേഷി,സമുദ്ര സുരക്ഷ,ഊർജ്ജ സുരക്ഷ,അർദ്ധചാലക ശേഷി,വിതരണ ശൃംഖല പ്രതിരോധശേഷി എന്നിവ ശക്തമായി.
7.മിത്ര
തന്ത്രപരമായ സഖ്യങ്ങൾ വികാരത്തേക്കാൾ ദേശീയ താത്പര്യത്തെ പിന്തുണയ്‌ക്കണമെന്ന് ചാണക്യൻ വിലയിരുത്തും. ഇന്ത്യയുടെ നയതന്ത്രം ഇതിനു തെളിവാണ്. ബ്രിക്‌സ്,ക്വാഡ്,ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ,ഗ്ലോബൽ സൗത്ത് എന്നിവയുമായി ഇന്ത്യ സഹകരണം തുടരുന്നു. അമേരിക്ക, യൂറോപ്പ്, ജപ്പാൻ, ഓസ്‌ട്രേലിയ, ആസിയാൻ,ഗൾഫ് എന്നിവയുമായുള്ള പങ്കാളിത്തം വികസിച്ചു. ജി 20 അദ്ധ്യക്ഷത വിജയകരമായി നടപ്പാക്കിയതും,ഇന്ത്യ-മിഡിൽഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള സംരംഭങ്ങളും ഇന്ത്യയുടെ നയതന്ത്ര രംഗത്തെ ആത്മവിശ്വാസം പ്രതിഫലിക്കുന്നതാണ്.
ശരിയായ ദിശയിലേക്ക്
ഇന്ത്യ ഇന്ന് ഒരു ദശാബ്‌ദം മുമ്പുള്ളതിനേക്കാൾ സ്ഥാപനപരമായി ശക്തവും സാമ്പത്തികമായി കൂടുതൽ പ്രതിരോധശേഷിയുള്ളതും സാങ്കേതികമായി കൂടുതൽ കഴിവുള്ളതും തന്ത്രപരമായി കൂടുതൽ ആത്മവിശ്വാസമുള്ളതുമായി കാണപ്പെടുന്നു. വികസിത ഭാരതത്തിലേക്കുള്ള പാത നീണ്ടതാണ്. ചാണക്യന്റെ കാലാതീതമായ ചട്ടക്കൂടിലൂടെ വിലയിരുത്തുമ്പോൾ, ഇന്ത്യ ശരിയായ ദിശയിലേക്കാണ് ചലിക്കുന്നതെന്ന് തോന്നുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |