
തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാണ് തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജും ജനറൽ/ജില്ലാ ആശുപത്രിയും. സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം സാമ്പത്തികമായി താഴെത്തട്ടിലുള്ളവർക്ക് അത്യാധുനിക ചികിത്സകൾ ലഭ്യമാക്കുന്ന ജനക്ഷേമ ഭരണത്തിന്റെ തിളക്കമാർന്ന ഉദാഹരണമാണ്. എങ്കിലും, പ്രശ്‌നങ്ങളും ഈ സംവിധാനങ്ങളിൽ അവശേഷിക്കുന്നുണ്ട്.
മുളങ്കുന്നത്തുകാവിലുള്ള തൃശൂർ മെഡിക്കൽ കോളേജ് കാൻസർ സംരക്ഷണം, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി തുടങ്ങിയവയ്‌ക്ക് അത്യാധുനിക ചികിത്സ നൽകാൻ ശേഷിയുള്ള മികവിന്റെ കേന്ദ്രമാണ്. പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, അത്യാധുനിക ഇമർജൻസി ആൻഡ് ക്രിട്ടിക്കൽ കെയർ ബ്ലോക്ക്, അമ്മയും കുഞ്ഞും ബ്ലോക്ക് തുടങ്ങി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് ഇവിടെ യാഥാർത്ഥ്യമായത്.
ശസ്ത്രക്രിയകൾക്കും അടിയന്തര വിദഗ്‌ദ്ധ ചികിത്സകൾക്കുമായി വൻകിട സ്വകാര്യ ആശുപത്രികളെ ആശ്രയിച്ച് കടക്കെണിയിലായിരുന്ന പാവപ്പെട്ട രോഗികൾക് പുതിയ സ്‌പെഷ്യാലിറ്റി ബ്ലോക്കുകൾ വലിയ ആശ്വാസമാണ്. മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, അത്യാധുനിക കാത്ത് ലാബുകൾ, റേഡിയോ ഡയഗ്‌നോസ്റ്റിക് യൂണിറ്റുകൾ, ഐ.സി.യു സൗകര്യങ്ങൾ എന്നിവയെല്ലാം പണം തടസമാകാതെ സാധാരണക്കാരനും ലഭ്യമാകുന്നു. കാൻസർ പ്രതിരോധത്തിലും അതിവേഗ നിർണയത്തിലും സ്വീകരിച്ച മുന്നേറ്റം മദ്ധ്യകേരളത്തിലെ ജനങ്ങൾക്കുള്ള പുതിയ പ്രതീക്ഷയാണ്.
തൃശൂർ ജില്ലാ ആശുപത്രിയിലും നിത്യേന ആയിരങ്ങളാണ് ചികിത്സ തേടുന്നത്. അടിസ്ഥാന വികസന പദ്ധതികളുടെ ഭാഗമായി ബഹുനില കെട്ടിടം ഐ.പി ഒ.പി ബ്ലോക്കുകൾ, മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങൾ, ഡയാലിസിസ് യൂണിറ്റുകൾ, ലാബ് നെറ്റ്‌വർക്കുകൾ എന്നിവ ജനറൽ ആശുപത്രിയിലും വിപുലീകരിക്കപ്പെട്ടു.
മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കുന്നതിനും അടിയന്തര ഘട്ടങ്ങളിൽ നഗരവാസികൾക്ക് നിമിഷങ്ങൾക്കകം വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനും ജില്ലാ ആശുപത്രിയുടെ പങ്ക് നിർണായകമാണ്. ഡിജിറ്റലൈസേഷൻ വഴി ഒ.പി ടിക്കറ്റുകൾ, ഇ-ആരോഗ്യ സംവിധാനങ്ങൾ, പരിശോധനാ ഫലങ്ങൾ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്നതിയിലൂടെ മണിക്കൂറുകളുടെ കാത്തിരിപ്പും ഒഴിവായി.
സർക്കാർ ആശുപത്രികളുടെ വികസനം കെട്ടിടങ്ങളുടെയോ യന്ത്രങ്ങളുടെയോ നിർമ്മാണത്തിൽ ഒതുങ്ങില്ല. സർക്കാരിന്റെ കരുണ, കാരുണ്യ സുരക്ഷാ മിഷൻ, ആയുഷ്മാൻ ഭാരത് - കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തുടങ്ങിയ പദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ സൗജന്യ ചികിത്സയാണ് ഈ രണ്ട് കേന്ദ്രങ്ങളിലൂടെയും ദിവസേന പാവപ്പെട്ട രോഗികൾക്ക് നൽകുന്നത്. മരുന്നുകളും ജീവൻരക്ഷാ ശസ്ത്രക്രിയകളും സൗജന്യമായി ലഭിക്കുമ്പോൾ അത് സാധാരണക്കാരന്റെ ജീവിത ഭദ്രതയ്ക്ക് നൽകുന്ന സുരക്ഷ ചെറുതല്ല.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ്
ആവശ്യത്തിനുള്ള തസ്തികകൾ സൃഷ്ടിക്കാത്തത് ഇവിടങ്ങളിലെ വലിയ ശാപമാണ്. തൃശൂർ മെഡിക്കൽ കോളേജിലെ പല ഡിപ്പാർട്ട്‌മെന്റുകളിലും ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരമെഡിക്കൽ സ്റ്റാഫുകളുടെയും കുറവുണ്ട്. ഇത് കിടത്തി ചികിത്സയിലുള്ള രോഗികൾക്കും അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്കും ബുദ്ധിമുട്ടാണ്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ആവശ്യത്തിന് കിടക്കകളില്ല. ഇതുകാരണം ഒരു കട്ടിലിൽ ഒന്നിലധികം രോഗികളെ കിടത്തേണ്ട ദയനീയ സാഹചര്യമുണ്ട്. രോഗികളിൽ അണുബാധയ്‌ക്കും സാദ്ധ്യതയുണ്ട്.
ജീവൻരക്ഷയ്‌ക്കടക്കമുള്ള ചില മരുന്നുകൾ ആശുപത്രിയിലെ ഫാർമസികളിൽ പലപ്പോഴും ലഭ്യമാകില്ല. ഇതുകാരണം പാവപ്പെട്ട രോഗികൾ പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് മരുന്ന് വാങ്ങാൻ നിർബന്ധിതരാക്കുന്നു. ചില പ്രധാനപ്പെട്ട ലബോറട്ടറി പരിശോധനകൾക്ക് ആഴ്ചയോളം കാത്തിരിക്കണം. മെഡിക്കൽ കോളേജിലേക്കുള്ള പ്രധാന പ്രവേശന പാതകളുടെ വീതികൂട്ടലും ഗതാഗത ക്രമീകരണങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല. ആംബുലൻസുകൾ ഗതാഗതക്കുരുക്കിൽപ്പെടുന്നതും പതിവാണ്.
ആശുപത്രിയിലെ പല വാർഡുകളിലും ടോയ്ലറ്റുകൾ ശരിയായി പരിപാലിക്കപ്പെടാത്തത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതമാകുന്നുണ്ട്. അത്യാഹിത വിഭാഗത്തിന്റെ ശേഷി വർദ്ധിപ്പിച്ച് കൂടുതൽ ഐ.സി.യു ബെഡുകൾ യാഥാർത്ഥ്യമാക്കണം. ഫാർമസികളിൽ മരുന്നു ലഭ്യത ഉറപ്പാക്കാൻ ഡിജിറ്റൽ ഇൻവെന്ററി മാനേജ്‌മെന്റ് കർശനമാക്കണം. ആശുപത്രി ജീവനക്കാരുടെ പെരുമാറ്റത്തിൽ കൂടുതൽ കരുണ ഉറപ്പാക്കാൻ നിരന്തരമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |