
'വൃക്ഷ് കബഹും നഹിം ഫൽ ഭഖൈ, നദീ ന സഞ്ചൈ നീർ; പരമാരഥ് കേ കാരണേ, സാധുൻ ധരാ ശരീർ' എന്ന മനോഹരമായ ഒരു ചൊല്ലുണ്ട്. വൃക്ഷം സ്വന്തം ഫലം ഭക്ഷിക്കുന്നില്ല; നദി സ്വന്തം ജലം സൂക്ഷിച്ചുവയ്ക്കുന്നുമില്ല എന്നാണ് ഇതിനർത്ഥം. രണ്ടും മറ്റുള്ളവരുടെ നന്മയ്ക്കായാണ് നിലകൊള്ളുന്നത്. വ്യക്തിഗത നേട്ടങ്ങളേക്കാൾ എത്രയോ വലിയ അർത്ഥമാണ് ചുറ്റുമുള്ളവരുടെ ക്ഷേമത്തിനായി സമർപ്പിക്കപ്പെട്ട ജീവിതത്തിന് കൈവരുന്നതെന്ന് നമ്മുടെ സന്യാസിമാരും ദാർശനികരും പണ്ടേ പഠിപ്പിച്ചിട്ടുണ്ട്. ഈ ഭാവം നിരന്തരം പ്രതിഫലിച്ച ഒരാളുണ്ടെങ്കിൽ അത് അശോക് സിംഗാൾ ജി ആയിരുന്നു.
ആത്മീയ അന്വേഷണം, സാംസ്‌കാരിക ഉണർവ്, പതിറ്റാണ്ടുകൾ നീണ്ട സമർപ്പിത സംഘടനാ പ്രവർത്തനം എന്നിവയെ ഒരുമിപ്പിച്ച ആ അസാധാരണ വ്യക്തിത്വത്തെ ആദരിക്കുന്നതിന് സെപ്തംബർ 27 മുതൽ നാം അദ്ദേഹത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുകയാണ്. അശോക് ജിയുമായി ഇടപഴകാനും അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങൾ ഏറ്റുവാങ്ങാനും എണ്ണമറ്റ അവസരങ്ങൾ ലഭിച്ചത് ഒരു സുകൃതമായി ഞാൻ കരുതുന്നു. സംഘടനാ ചുമതലകൾ നിർവഹിച്ചുപോന്ന യുവ കാര്യകർത്തയായിരുന്ന സമയത്ത് 1981ലായിരുന്നു ആദ്യ അനുഭവങ്ങളിലൊന്ന്.
അദ്ദേഹത്തിന്റെ കൈപ്പടയിലെഴുതിയ ഒരു കത്ത് എനിക്ക് ലഭിച്ചു. സ്വാഭാവികമായും എനിക്കത് ഒരു ശ്രദ്ധേയ നിമിഷമായിരുന്നു. വരാനിരിക്കുന്ന ഒരു പ്രധാന പരിപാടിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം ചെയ്യേണ്ട ചില ചുമതലകളും അതിൽ ചേർത്തിരുന്നു. പതിറ്റാണ്ടുകളായി രാപകലില്ലാതെ അദ്ദേഹം അദ്ധ്വാനിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വിദൂര ദേശങ്ങളിലേക്ക് അദ്ദേഹം ദീർഘവും പലപ്പോഴും ദുഷ്‌കരവുമായ യാത്രകൾ നടത്തുമായിരുന്നു. ഗുജറാത്തിലെ ആദിവാസി മേഖലകളിലൂടെ യാത്ര ചെയ്യുന്നതിൽ അദ്ദേഹത്തിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടവർക്കുവേണ്ടി കൂടുതലായി എന്തുചെയ്യാനാവുമെന്ന് അദ്ദേഹത്തിന്റെ മനസ് നിരന്തരം ചിന്തിച്ചുകെണ്ടേയിരുന്നു. രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് പ്രകൃതിദുരന്തമുണ്ടാകുമ്പോഴെല്ലാം അവിടെ ആദ്യം നേരിട്ടെത്തുന്നവരിലൊരാളായി, അല്ലെങ്കിൽ ദുരിതബാധിതരെ സഹായിക്കാൻ കാര്യകർത്താക്കൾക്ക് മാർഗനിർദ്ദേശം നൽകുന്നവരിലൊരാളായി.
കാരുണ്യവും കരുതലും
മറ്റുള്ളവരോടുള്ള കാരുണ്യവും കരുതലും അശോക് ജിയുടെ ജീവിതത്തിൽ വളരെ ചെറുപ്പത്തിലേ കടന്നുവന്ന ഒന്നാണ്. വളരെ പ്രശസ്തവും സമ്പന്നവുമായ കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മഹാവീർ ജി പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു. സഹോദരന്മാരിൽ ഒരാളായ ബി.പി.സിംഗാൾ ജി പിന്നീട് പൊലീസ് ഉദ്യോഗസ്ഥനും തുടർന്ന് പാർലമെന്റ് അംഗവുമായി. മറ്റൊരു സഹോദരൻ വി.പി.സിംഗാൾ ജി ത്രിപുര സംസ്ഥാനം രൂപീകരിക്കപ്പെട്ട സമയത്ത് അവിടെ ചീഫ് സെക്രട്ടറിയായിരുന്നു. കുടുംബത്തിലെ മറ്റംഗങ്ങൾ വാണിജ്യകാർഷിക രംഗങ്ങളിൽ വിജയം കൈവരിച്ചു.
എന്നാൽ ചെറുപ്പം മുതൽതന്നെ അശോക് ജി ആകർഷിക്കപ്പെട്ടത് തീർത്തും വ്യത്യസ്തമായ ഒരു മേഖലയിലേക്കായിരുന്നു; ഭാരതത്തിന്റെ പുനരുത്ഥാനത്തിലേക്കും ഭാരതാംബയുടെ മക്കൾക്ക് മഹത്വം കൊണ്ടുവരുന്നതിലേക്കും. മറ്റുള്ളവർക്കായി ജീവിക്കണമെന്ന ആഗ്രഹമാണ് അദ്ദേഹത്തെ ആർ.എസ്.എസിലേക്ക് ആകർഷിച്ചത്. തേടിയെത്തിയ ഒരോ ഉത്തരവാദിത്വവും ആവേശത്തോടെയും അച്ചടക്കത്തോടെയും കർത്തവ്യബോധത്തോടെയുമാണ് അദ്ദേഹം ഏറ്റെടുത്തത്. സ്ഥിരോത്സാഹത്തിലൂടെയും കഠിനാദ്ധ്വാനത്തിലൂടെയും സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും വളർത്തിയെടുത്തു. ഒരു സദസിനെ മുഴുവൻ ആകർഷിച്ചു നിറുത്താൻ പോന്ന ഗംഭീര ശബ്ദവും പ്രസംഗപാടവവും അദ്ദേഹത്തിനുണ്ടായിരുന്നു.
ഇതിഹാസതുല്യമായ വ്യക്തിത്വം
അശോക് സിംഗാൾ ജിയുടെ ഇതിഹാസതുല്യമായ വ്യക്തിത്വം വെളിപ്പെടുത്തിയ രണ്ട് സന്ദർഭങ്ങൾ ഞനോർക്കുന്നു. 1993ലായിരുന്നു ആദ്യത്തേത്; സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 100 വർഷങ്ങൾ അടയാളപ്പെടുത്തി വിശ്വഹിന്ദു പരിഷത്ത് അമേരിക്കയിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. കടൽ കടന്ന് അത്തരമൊരു സമ്മേളനം സംഘടിപ്പിക്കാനുള്ള ദീർഘവീക്ഷണവും അതിന്റെ ആസൂത്രണവും വൈവിദ്ധ്യമാർന്ന പങ്കാളികളെ ഒരു വേദിയിലെത്തിച്ചതും അശോക് ജിയുടെ സംഘടനാപാടവം വെളിപ്പെടുത്തി.
രണ്ടാമത്തെ സന്ദർഭം 2000ത്തിലേതാണ്. ട്രിനിഡാഡ് ആൻഡ് ടൊബഗോയിലെ പോർട്ട് ഓഫ് സ്‌പെയിനിൽ ലോക ഹിന്ദു സമ്മേളനം സംഘടിപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മറ്റ് പ്രതിനിധികൾക്കിടയിൽ എത്രമാത്രം ആവേശം പടർത്തിയെന്ന് ഞാൻ നേരിൽ കണ്ടു. എന്റെ പ്രസംഗത്തിനുശേഷം അദ്ദേഹത്തിന്റെ അഭിനന്ദന വാക്കുകൾ എന്നെ ആഴത്തിൽ സ്പർശിച്ചു.
രാമജന്മഭൂമി പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ നിർണായക പങ്ക് അനുസ്മരിക്കാതെ
അദ്ദേഹത്തെക്കുറിച്ചുള്ള ഒരു പരാമർശവും പൂർണമാകില്ല. 1991ലെ ബോട്ട് ക്ലബ് റാലിയിൽ അദ്ദേഹം നടത്തിയ പ്രസംഗം ആർക്കാണ് മറക്കാനാവുക. പ്രക്ഷോഭം ഉച്ചസ്ഥായിയിൽ നിൽക്കെ പരിക്കേറ്റ് ചോരവാർന്ന അശോക് ജിയുടെ മായാത്ത ആ ചിത്രം ഓർക്കാത്തവരുണ്ടോ. അയോദ്ധ്യയിൽ ഇന്ന് മഹത്തായ രാമക്ഷേത്രം യാഥാർത്ഥ്യമായത് നിസ്വാർത്ഥമായി സ്വയം സമർപ്പിച്ച അദ്ദേഹത്തെപ്പോലുള്ള പ്രഗത്ഭർ കാരണമാണ്. അയോദ്ധ്യയിൽ രാമക്ഷേത്രം പൂർത്തിയാകുന്ന നിമിഷത്തിന് സാക്ഷ്യംവഹിക്കാൻ സാധിച്ചിരുന്നെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി അദ്ദേഹമായിരുന്നേനെ.
സാമൂഹ്യ ഐക്യവും സമത്വവും ശക്തിപ്പെടുത്തുന്നതിനായി അദ്ദേഹം നിലകൊണ്ടു. സമൂഹത്തിൽ യാതൊരുവിധ വിവേചനങ്ങളും ഉണ്ടാകാൻ പാടില്ലെന്നും ഒരോ വ്യക്തിയും തുല്യ അന്തസും ആദരവും അർഹിക്കുന്നുണ്ടെന്നും അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
പാർശ്വവൽകൃത വിഭാഗത്തിൽ നിന്നുള്ള ബീഹാറിലെ സാധാരണ വി.എച്ച്.പി കാര്യകർത്തയായ കമേശ്വർ ചൗപാൽ ജി അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ആദ്യ ശില പാകണമെന്നത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. രാഷ്ട്രനിർമാണത്തിനപ്പുറം അശോക് സിംഗാൾ ജിയുടെ ഹൃദയത്തോട് ചേർന്നുനിന്ന രണ്ട് മേഖലകളുണ്ടായിരുന്നു: വിദ്യാഭ്യാസം (പ്രത്യേകിച്ച് വൈദിക വിദ്യാഭ്യാസം), സംഗീതം. വാരണാസിയിലെ എം.പി എന്നനിലയിൽ ഞാൻ പ്രതിനിധീകരിക്കുന്ന അനശ്വര നഗരമായ കാശി അശോക് സിംഗാൾജിയുടെ ജീവിതത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്.
വിദൂര ഗ്രാമങ്ങളിലേക്ക് പ്രത്യേകിച്ച് ഗോത്രവർഗ സമൂഹങ്ങൾക്കിടയിലേക്ക് പ്രാഥമിക വിദ്യാഭ്യാസം വ്യാപിപ്പിക്കാൻ പ്രവർത്തിച്ച ഏകൽ വിദ്യാലയ സംരംഭവുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. അശോക് സിംഗാൾജിയുടെ ജന്മശതാബ്ദി വേളയിൽ അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ച് രാജ്യത്തെ യുവത കൂടുതലറിയുന്നുവെന്ന് നമുക്ക് ഉറപ്പാക്കാം. രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി അദ്ദേഹം കണ്ട സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് പ്രതിജ്ഞ പുതുക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |