
പിഴവുകളെ അഴിമതിയാക്കുന്നതും ജീവനക്കാരെ ക്രിമിനലാക്കുന്നതും നിഗൂഢ പദ്ധതിയുടെ ഭാഗമാണ്. റാങ്കുലിസ്റ്റുകൾ പരിശോധിച്ച് ഒരു പ്രത്യേക പാർട്ടിയോട് അനുഭാവമുള്ളവരുണ്ടെങ്കിൽ അഴിമതി ആരോപിക്കുകയാണ്. നിലവിലെ പി.എസ്.സിയിൽ മൊത്തം കുഴപ്പമാണ് എന്ന് വരുത്തിതീർക്കുന്നത് പലരും കരുതുന്നത് പോലെ സത്യാന്വേഷണമല്ല. സത്യാന്വേഷണത്തിൽ അതിന്റെ തെളിച്ചവും വെളിച്ചവുമുണ്ടാകും. ഇപ്പോഴുള്ളത് ഊഹോപോഹങ്ങളും സംശയങ്ങളും വസ്തുതാവിരുദ്ധ വ്യാഖ്യാനങ്ങളുമാണ്.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ രാഷ്ട്രീയം നോക്കി യോഗ്യതയും അയോഗ്യതയും നിശ്ചയിച്ചാൽ നിലവിൽ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന പലരും അയോഗ്യരാവും. അല്ലെങ്കിൽ നിശ്ചിത രാഷ്ട്രീയ അനുഭാവമുള്ളവർ അപേക്ഷ സമർപ്പിക്കരുത് എന്ന് വിജ്ഞാപനത്തിൽ പറയേണ്ടിവരും. ചെയർമാൻ ഇന്റർവ്യൂവിന് നേതൃത്വം കൊടുത്താൽ ആകെ അഴിമതിയായിയിരിക്കുമെന്നത് മറ്റൊരു വ്യാഖ്യാനമാണ്. അതിനെന്ത് മറുപടി പറയാനാണ്.
റാങ്ക് ലിസ്റ്റിൽ ഒരാളെ ഉൾപ്പെടുത്തുന്നത് മത്സരപരീക്ഷ, അഭിമുഖം തുടങ്ങിയ സെലക്ഷൻ പരിശോധനയുടെ മാർക്ക് നോക്കിയാണ്. അക്കാഡമിക് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല. പല റാങ്ക് ലിസ്റ്റുകളിലും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരേക്കാൾ എഴുത്തുപരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങുന്ന കുറഞ്ഞ യോഗ്യതയുള്ളവരെ കാണാം. ഉദ്യോഗാർത്ഥിയുടെ സ്വഭാവദൂഷ്യം പരിശോധിച്ച് അർഹത നിശ്ചയിക്കുന്ന രീതി പി.എസ്.സിക്കില്ല. മത്സര പരീക്ഷയടക്കമുള്ള സെലക്ഷൻ പ്രക്രിയയിലെ മാർക്കാണ് മാനദണ്ഡം. നിയമനം കിട്ടിയാൽ ഉദ്യോഗാർത്ഥിയുടെ സ്വഭാവ ദൂഷ്യം, ക്രിമിനൽ പശ്ചാത്തലം എന്നിവ പരിശോധിക്കേണ്ടത് പൊലിസാണ്.
പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ പിന്നിലാക്കി ഇന്റർവ്യൂവിന് കൂടുതൽ മാർക്ക് നൽകിയെന്ന ആരോപണവും വസ്തുതാവിരുദ്ധമാണ്. ഇന്റർവ്യൂവിന് മാർക്കിടുന്നത് പരീക്ഷയുടെ മാർക്ക് നോക്കിയാണെന്ന് ആരാണ് പറഞ്ഞത്? ഇന്റർവ്യൂ ബോർഡിനു മുന്നിൽ പരീക്ഷാമാർക്ക് വരാറില്ല. ഇന്റർവ്യൂവിലെ പ്രകടനമാണ് മാനദണ്ഡം. ഇതൊന്നും അറിയാത്തവരെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ഡിവൈ.എസ്.പി നിയമനത്തിൽ, എഴുത്തു പരീക്ഷയിൽ കൂടിയ മാർക്ക് നേടിയവർക്ക് ഇന്റർവ്യൂവിൽ കുറഞ്ഞ മാർക്ക് നൽകിയെന്നും കുറഞ്ഞ മാർക്ക് നേടിയ എസ്.എഫ്.ഐ നേതാവിന് കൂടിയ ഇന്റർവ്യൂ മാർക്ക് നൽകിയെന്നതും വസ്തുതാപരമല്ല. റാങ്ക് ലിസ്റ്റ് ഇതിനകം പ്രസിദ്ധീകരിച്ചതാണ്. ഓരോ ഉദ്യോഗാർത്ഥിക്കും എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും കിട്ടിയ മാർക്ക് പരസ്യപ്പെടുത്തിയതാണ്. ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാർത്ഥിക്ക് തന്നെയാണ് എഴുത്തുപരീക്ഷയിലും ഉയർന്നമാർക്ക് (68.67). അഭിമുഖത്തിൽ 13മാർക്കും. വേറെയും ഉദ്യോഗാർത്ഥികൾക്ക് 13മാർക്ക് കിട്ടിയിട്ടുണ്ട്.
(സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |