SignIn
Kerala Kaumudi Online
Thursday, 05 November 2026 2.05 AM IST

സ്പെഷ്യൽറൂൾ വൈകരുത്; 33 ദിവസം സമയപരിധി, പി.എസ്.സി ഒത്തുകളി പൊളിച്ച് സർക്കാർ

READ ENGLISH VERSION
psc


താത്കാലിക നിയമനം
തടയുക ലക്ഷ്യം

തിരുവനന്തപുരം: നിയമനങ്ങൾക്കുള്ള സ്പെഷ്യൽറൂൾ അംഗീകാരം വൈകിപ്പിച്ച് താത്കാലിക നിയമനത്തിന് വഴിയൊരുക്കുന്ന പി.എസ്.സിയുടെ ഒത്തുകളിക്ക് തടയിട്ട് സർക്കാർ. അതത് വകുപ്പുകൾ തയ്യാറാക്കുന്ന സ്പെഷ്യൽറൂളിൽ 33 ദിവസത്തിനകം പി.എസ്.സി അഭിപ്രായമറിയിക്കണം. ഇല്ലെങ്കിൽ സർക്കാരിന്റെ അധികാരമുപയോഗിച്ച് വകുപ്പ് മന്ത്രിയുടെ അംഗീകാരത്തോടെ സ്പെഷ്യൽറൂൾ ഗസറ്റിൽ വിജ്ഞാപനം ചെയ്യാമെന്ന് നിർദ്ദേശിച്ച് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് ഭേദഗതി ഉത്തരവിറക്കി.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം സ്പെഷ്യൽറൂൾ വൈകുന്നതിനാൽ വൻതോതിൽ താത്കാലിക നിയമനങ്ങൾ നടത്തുന്നുവെന്ന ആരോപണത്തെ തുടർന്നാണിത്.

ഒൻപതു വർഷം വരെയായിട്ടും സ്പെഷ്യൽറൂളാവാത്ത സംഭവങ്ങളുണ്ട്. ഫുൾകമ്മിഷൻ യോഗം ചേരണമെന്നടക്കം കാരണങ്ങൾ പറഞ്ഞ് പലപ്പോഴും പി.എസ്.സി അംഗീകാരം വൈകിപ്പിക്കാറുണ്ട്.

വകുപ്പുകൾ സ്വന്തംനിലയിൽ സ്പെഷ്യൽറൂൾ തയ്യാറാക്കി സെക്രട്ടറിയുടെ അംഗീകാരത്തോടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. സർവീസ് സംഘടനകളിൽ നിന്നടക്കമുള്ള അഭിപ്രായങ്ങൾ പരിഗണിച്ച് 15 ദിവസത്തിനകം അന്തിമമാക്കണം. അഭിപ്രായമറിയിക്കുന്നവരെ ഓൺലൈനായി കേൾക്കാം. സ്പെഷ്യൽറൂളിന്റെ കരട് വകുപ്പ്സെക്രട്ടറി അടക്കമുള്ളവരടങ്ങുന്ന സമിതി അംഗീകരിക്കണം. സൂക്ഷ്മപരിശോധന നടത്തി ഒരാഴ്ചയ്ക്കകം നിയമവകുപ്പ് അഭിപ്രായമറിയിക്കണം.

തുടർന്ന് പി.എസ്.സിയുടെ ഉപദേശത്തിന് അയയ്ക്കണം. 30 ദിവസത്തിനകം പി.എസ്.സി ഉപദേശം നൽകണം. ഇതുകൂടി പരിഗണിച്ച് ഭേദഗതി വരുത്തി മന്ത്രിയുടെ അംഗീകാരത്തോടെ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് കൈമാറണം. കമ്മിറ്റിയുടെ ശുപാർശകൂടി പരിഗണിച്ച് അന്തിമമാക്കണം. 30 ദിവസത്തിനകം പി.എസ്.സി അഭിപ്രായമറിയിച്ചില്ലെങ്കിൽ മൂന്നു ദിവസംകൂടി നൽകും. അപ്പോഴും പി.എസ്.സി അനങ്ങിയില്ലെങ്കിൽ സർക്കാരിന് തുടർനടപടിയെടുക്കാം.

ഇതിന് മന്ത്രിസഭായോഗത്തിന്റെ അനുമതി ആവശ്യമില്ല. ഈ നടപടികളിൽ ഏതെങ്കിലും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഒഴിവാക്കാം. 90 ദിവസത്തിനകം സ്പെഷ്യൽ റൂളുണ്ടാക്കാനുള്ള നടപടികൾ പൂർത്തിയാക്കണം. വീഴ്ചവരുത്തിയാൽ നടപടിക്രമങ്ങളുടെ ലംഘനമായി കണക്കാക്കും. പി.എസ്.സി അഭിപ്രായം അറിയിച്ചിട്ടില്ലാത്ത എല്ലാ ഭേദഗതികൾക്കും ഇത് ബാധകമാണെന്നാണ് ഉത്തരവിൽ.

കെ.എ.എസ്

സ്പെഷ്യൽറൂൾ ഉടൻ

1.കെ.എ.എസ് നിയമനത്തിനുള്ള സ്പെഷ്യൽറൂൾ അതിവേഗം തയ്യാറാക്കും. കേഡർസ്ട്രെംഗ്ത് മാറ്റാനും ഒഴിവുകൾ സൃഷ്ടിക്കാനുമടക്കമുള്ള വ്യവസ്ഥകൾ ഇതിലുണ്ടാവും

2.ജനുവരി30ന് നിലവിൽ വന്ന രണ്ടാംബാച്ച് റാങ്ക്ലിസ്റ്റിലുള്ള 31പേരുടെ നിയമനത്തിനാണിത്. റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ മൂന്നു മാസമേയുള്ളൂ. ഇതുവരെ മൂന്നുപേർക്ക് മാത്രമാണ് നിയമനശുപാർശ നൽകിയത്

3.റഗുലർ ഒഴിവുകളില്ലാത്തതിനാൽ വയോജന വകുപ്പിൽ നോഡൽഓഫീസറടക്കം കെ.എ.എസ് കേഡറിലുൾപ്പെടുത്തിയേക്കും. മറ്റ് വകുപ്പുകളിലും ഒഴിവുകൾ കണ്ടെത്തും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA