SignIn
Kerala Kaumudi Online
Friday, 06 November 2026 1.32 AM IST

പി.എസ്.സി പരീക്ഷാത്തട്ടിപ്പ്, രാഷ്ട്രപതിയുടെ നടപടി ഉടൻ, ഗവർണറും മുൻ ഗവർണറും സന്ദർശിച്ചു

psc

തിരുവനന്തപുരം: പരീക്ഷാ, നിയമന ക്രമക്കേടുകളിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പ്രതികളാക്കിയ എഫ്.ഐ.ആർ വിവരങ്ങൾ സഹിതം രാഷ്ട്രപതിയെ കണ്ട് ഗവർണർ ഓം പ്രകാശ് മാഥൂർ. മുൻ ഗവർണർ ആർ.വി.ആർലേക്കർ നൽകിയ പിരിച്ചുവിടൽ ശുപാർശയിൽ തുടർനടപടിക്ക് അഭ്യർത്ഥിച്ചു. പിന്നാലെ തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കറും രാഷ്ട്രപതിയെ സന്ദർശിച്ചു. പി.എസ്.സിയിലെ സ്വജനപക്ഷപാതം, ക്രമക്കേടുകൾ എന്നിവ വിശദീകരിച്ച് പിരിച്ചുവിടൽ ശുപാർശ നൽകാനിടയായ സാഹചര്യം അറിയിച്ചു. ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘവും രാഷ്ട്രപതിയെ കണ്ടു.

ഗവർണറുടെ ശുപാർശയിൽ ചെയർമാനും അംഗങ്ങൾക്കുമെതിരെ സുപ്രീംകോടതി അന്വേഷണത്തിനുള്ള നിർദ്ദേശം അറ്റോർണി ജനറൽ വഴി രാഷ്ട്രപതി ഉടൻ കൈമാറുമെന്നാണ് സൂചന. അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണി അമേരിക്കൻ സന്ദർശനം കഴിഞ്ഞെത്തിയാലുടൻ ഇതുണ്ടാകുമെന്നാണ് അറിയുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസിൽ പി.എസ്.സി ചെയർമാൻ, അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കിയതും അഡി.സെക്രട്ടറിയും റിട്ട. ഡെപ്യൂട്ടിസെക്രട്ടറിയും ജയിലിലായതുമടക്കം ഗവർണർ മാഥൂർ രാഷ്ട്രപതിയെ അറിയിച്ചു. നിയമോപദേശകനെ ലോക്ഭവനിൽ വിളിച്ചുവരുത്തി വിവരങ്ങൾ തേടിയശേഷമായിരുന്നു അദ്ദേഹം രാഷ്ട്രപതിയെ കണ്ടത്.

അഞ്ചംഗ ബെഞ്ച്

രൂപീകരിക്കും

ഭരണഘടന അനുച്ഛേദം 317പ്രകാരം രാഷ്ട്രപതിയുടെ റഫറൻസിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി അഞ്ചംഗബെഞ്ച് രൂപീകരിച്ച് നേരിട്ട് അന്വേഷണം നടത്തും. ചെയർമാനും അംഗങ്ങൾക്കും നോട്ടീസ് അയയ്ക്കും. രേഖകൾ വിളിച്ചുവരുത്തും. പൊലീസ് റിപ്പോർട്ടും ആവശ്യപ്പെടും. സുപ്രീംകോടതി അന്വേഷണം തുടങ്ങിയാൽ ചെയർമാനെയും അംഗങ്ങളെയുെം സസ്പെൻഡ് ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. അതേസമയം, പുറത്താക്കണമെങ്കിൽ സുപ്രീംകോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകേണ്ടതുണ്ട്.

സർക്കാരും ശുപാർശ

നൽകിയേക്കും

1.സുപ്രീംകോടതി അന്വേഷണം തുടങ്ങിയാൽ ചെയർമാനെയും അംഗങ്ങളെയും സസ്പെൻഡ് ചെയ്യാൻ സർക്കാരും ഗവർണർക്ക് ശുപാർശ നൽകിയേക്കും. മന്ത്രിസഭയുടെ ഉപദേശമില്ലാതെ ഗവർണർ സസ്പെൻഡ് ചെയ്താൽ നടപടിക്രമത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി പി.എസ്.സി കോടതിയിൽ പോകാനിടയുണ്ട്.

2.നേരത്തെ ഇക്കാരണത്താൽ കർണാടക പി.എസ്.സി ചെയർമാന്റെ സസ്പെൻഷൻ കോടതി റദ്ദാക്കിയിരുന്നു. യുവമോർച്ചയുടെ പരാതിയിൽ ഗവർണർ നൽകിയ ശുപാർശപ്രകാരം നടപടികളുണ്ടായാൽ രാഷ്ട്രീയമായി തിരിച്ചടിയാവുമെന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA