
തിരുവനന്തപുരം: പരീക്ഷാ, നിയമന ക്രമക്കേടുകളിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജുവിന്റെ പങ്ക് എസ്.ഐ.ടിയോട് അഡി. സെക്രട്ടറി ആർ.ഹരി വെളിപ്പെടുത്തിയതായി സൂചന. റിമാൻഡിലുള്ള ഹരിയെ ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ആസൂത്രണ ബോർഡ് പരീക്ഷയിൽ എല്ലാ ചോദ്യങ്ങളും മൂല്യനിർണയം നടത്താതെ വേണ്ടപ്പെട്ടയാളെ നിയമിക്കാനുള്ള തട്ടിപ്പിൽ ചെയർമാന്റെ പങ്ക് വെളിപ്പെടുത്തിയെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യൽ തുടരുകയാണ്. അത് പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാക്കും. പരീക്ഷാകൺട്രോളർ ബിനി കെ.എബ്രഹാം ഇന്നലെ ചോദ്യംചെയ്യലിന് ഹാജരായില്ല.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ എഴുത്തു പരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാൻ സാധ്യതയുണ്ടെന്ന് കമ്മിഷനിലെ ഏതാനും അംഗങ്ങൾ നേരത്തേ മൊഴി നൽകിയെന്നറിയുന്നു. പല പരീക്ഷകളുടെയും മാർക്ക്, ചെയർമാൻ ഉദ്യോഗസ്ഥരോട് ചോദിക്കുന്നത് പതിവാണെന്നും എസ്.ഐ.ടിക്ക് വിവരം കിട്ടി.
ആസൂത്രണബോർഡ് ചീഫ് പരീക്ഷയിലെ പൊതു ഒന്നാംപേപ്പറിൽ ആകെയുള്ള 228ഉദ്യോഗാർത്ഥികളിൽ 51പേരുടെ ഒന്നു മുതൽ 9വരെയുള്ള ഉത്തരങ്ങളും, 18മുതൽ 28വരെയുള്ള ഉത്തരങ്ങളും മാത്രം മൂല്യനിർണയം നടത്തി. ബാക്കിയുള്ള 177ഉദ്യോഗാർത്ഥികളുടെ ഒന്നു മുതൽ 8വരെയുള്ള ഉത്തരങ്ങളും 18മുതൽ 28വരെയുള്ള ഉത്തരങ്ങളുമാണ് മൂല്യനിർണയം നടത്തിയത്. 10മുതൽ 18വരെയുള്ള ആരുടേയും ഉത്തരങ്ങൾ (58മാർക്കിന്റെ) മൂല്യനിർണയം നടത്തിയില്ല. ഹരിയാണ് സോഫ്‌റ്റ്‌വെയറിൽ ലോഗിൻ ചെയ്ത് മൂല്യനിർണ്ണയം പൂർത്തിയാവുംമുമ്പ് അത് അവസാനിപ്പിച്ചത്. അതിനുള്ള നിർദ്ദേശം തനിക്ക് ആരാണ് നൽകിയെന്നതടക്കമുള്ള വിവരങ്ങൾ ഹരി വെളിപ്പെടുത്തിയെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |