SignIn
Kerala Kaumudi Online
Sunday, 08 November 2026 1.19 AM IST

ചൂളം വിളിച്ചെത്തുന്നു വേഗസ്വപ്നങ്ങൾ

1

@പ്രതീക്ഷയ്ക്ക് വക നൽകി മെട്രോമാന്റെ വരവ്

 ജനസഞ്ചയത്തിന് മുന്നിൽ അദ്ദേഹം വരച്ചുകാട്ടിയത് കേവലം ഒരു പാതയുടെ രൂപരേഖയായിരുന്നില്ല, മറിച്ച് തുരങ്കങ്ങളും മേൽപ്പാലങ്ങളും കടന്ന് വയനാടിന്റെ ഭാവിയിലേക്ക് അതിവേഗം കുതിക്കുന്ന ഒരു വികസന വിപ്ലവമായിരുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ പഠനരേഖ ഓരോന്നായി തുറന്നുവെച്ചപ്പോൾ ആ സദസ് ആവേശത്തോടെ ശ്രവിച്ചു. കോഴിക്കോട്ടുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കേവലം 35 മിനിറ്റ്! ആ വാക്കുകൾ ജനങ്ങളിൽ സമ്മാനിച്ച ആശ്വാസം ചെറുതായിരുന്നില്ല.

വയനാടിന്റെ റെയിൽവേ സ്വപ്നങ്ങൾ വാനോളമുയർത്തി ഇ.ശ്രീധരന്റെ അതിവേഗ റയിൽപാത സംബന്ധിച്ച അവതരണം പ്രതീക്ഷയ്ക്ക് വക നൽകുന്നു. യാത്രാ പ്രശ്നം കൊണ്ട് പൊറുതി മുട്ടുന്ന വയനാടൻ ജനതയ്ക്ക് പുതിയ പ്രതീക്ഷകൾ. അതിവേഗപാതയുടെ എക്സ്റ്റൻഷൻ രൂപരേഖ തയാറാക്കി കോർപറേഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എക്സ്റ്റൻഷൻ ഒന്നാംഘട്ടം വയനാട്‌- കോഴിക്കോട് എന്നാണ് ഡി.എം.ആർ.സി വിഭാവനം ചെയ്യുന്നത്. പാതയുടെ പരിസ്ഥിതി ആഘാതം, സാമ്പത്തികവശങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഇ.ശ്രീധരൻ അവതരിപ്പിച്ചു. പാതയുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിന് പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും അവസരം ഉണ്ടായിരുന്നു. അവതരണത്തിന് ശേഷം മാദ്ധ്യമപവർത്തകരുമായി ഡോ.ശ്രീധരൻ കൂടിക്കാഴ്ച നടത്തി. സുൽത്താൻ ബത്തേരി ടൗൺഹാളിൽ തിങ്ങിനിറഞ്ഞ സദസിന് മുമ്പാകെയാണ് കേരളത്തിന്റെ തിരുവനന്തപുരം - കണ്ണൂർ അതിവേഗ റെയിൽപാത സംബന്ധിച്ചും പാതയുടെ കോഴിക്കോട് സുൽത്താൻ ബത്തേരി ശാഖ സംബന്ധിച്ചും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡി.എംആർസി ) നടത്തിയ പഠനത്തിന്റെ പ്രസക്തഭാഗം അവതരിപ്പിച്ചത്.

തിരുവനന്തപുരം കണ്ണൂർ പാതയ്ക്ക് എൽ.ഡി.എഫ് സർക്കാർ വിഭാവനം ചെയ്ത കെ. റെയിൽ പദ്ധതിക്ക് ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഡി.എം.ആർ.സി തയ്യാറാക്കിയ പദ്ധതി പ്രകാരം ഇത് 60,000 കോടിയാക്കി ചുരുക്കി. ബ്രോഡ് ഗേജിൽനിന്ന് അതിവേഗ പാതയ്ക്ക് പ്രയോഗികമായ സ്റ്റാൻഡേഡ് ഗേജിലേക്ക് മാറ്റിയതോടെ 30% ചെലവ് ലാഭിക്കാനായി. പാത തിരുവനന്തപുരം നഗരത്തിലൊഴികെ മേൽപ്പാലങ്ങളിലൂടെയാണ് നിർമ്മിക്കുക. 30 മീറ്റർ അകലത്തിലാണ് തൂണുകൾ വേണ്ടിവരിക. പാതയ്ക്ക് 20 മീറ്റർ വീതിയിലേ സ്ഥലം ഏറ്റെടുക്കേണ്ടതുള്ളൂ. ഇതിന് നിലവിലെ നിയമപ്രകാരം നഷ്ടപരിഹാരം ലഭിക്കും. എന്നാൽ പാതയുടെ പണി പൂർത്തിയായാൽ സ്ഥലം ഉടമകൾക്ക് തിരികെ നൽകും. ഇവിടെ കൃഷിയും അനുവദനീയമായ മറ്റ് പ്രവൃത്തികളും ചെയ്യാം.

 പാത പവർ ഹൗസ്

പാത ഒരു പവർഹൗസ്‌ കൂടിയായിരിക്കും. പൂർണമായും സൗരോർജത്തിലാണ് പാത പ്രവർത്തിക്കുക. ഇതിനായി പാതയിലുടനീളം സൗരോർജ പാനൽ സ്ഥാപിക്കും. വൈദ്യുതി ബാറ്ററികളിൽ ശേഖരിച്ച് പീക്ക് അവേഴ്സിൽ പുറമേ വിൽക്കും. യാത്രാ വരുമാനത്തിന് പുറമേ പാതയുടെ പ്രധാന വരുമാന സ്രോതസുകളിൽ ഒന്ന് വൈദ്യുതി വിൽപ്പന ആയിരിക്കും. ഒരു കിലോമിറ്ററിന് 2 രൂപയാണ് യാത്രാക്കൂലിയായി നിശ്ചയിച്ചത്. കണ്ണൂരിൽനിന്ന് 3 മണിക്കൂർ 20 മിനിറ്റിലും കോഴിക്കോട്നിന്ന് 2 മണിക്കൂർ 40 മിനിറ്റിലും തിരുവനന്തപുരത്തെത്താം. കോഴിക്കോട് എറണാകുളം യാത്രാസമയം 1 മണിക്കൂർ 5 മിനിറ്റ്. പാത കേരളത്തിലെ 4 വിമാനത്താവളങ്ങളിലൂടെയും കടന്ന് പോകും. കോഴിക്കോട്നിന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം 10 മിനിറ്റാണ്. വയനാടിന്റെ പ്രത്യേക സാഹചര്യങ്ങളും യാത്രാദുരിതവും പരിഗണിച്ച് വയനാട്ടിലേക്ക് പാത നീട്ടാനാവുമോ എന്ന് ഡി.എം.ആർ.സി പരിശോധിച്ച്‌ നോക്കിയിരുന്നു. ഫലം അതിശയിപ്പിക്കുന്നതായിരുന്നു. കോഴിക്കോട് സുൽത്താൻബത്തേരി റോഡിൽ ഒരു ദിശയിൽ മാത്രം ദിവസേന 50,000ൽ അധികം ആളുകൾ യാത്ര ചെയ്യുന്നുണ്ട്. തുടർന്ന് സാങ്കേതിക പഠനം നടത്തിനോക്കി. പാത പ്രാവർത്തികമാക്കാം എന്നതാണ് കണ്ടെത്തൽ. പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ അതിവേഗ റെയിൽപാത ഒന്നാംഘട്ടമായി കോഴിക്കോട് സുൽത്താൻ ബത്തേരി റൂട്ടിൽ നടപ്പാക്കണം എന്നതാണ് ഡി.എം.ആർ.സിയുടെ നിർദ്ദേശം. പാത ഭാവിയിൽ മൈസൂറിലേക്ക് ദീർഘിപ്പിക്കാനുള്ള സാദ്ധ്യത കൂടി കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ കേരളവും ബംഗളൂരുവുമായുള്ള യാത്ര അതിവേഗത്തിൽ സാദ്ധ്യമാകും.

 20 കി.മി ദൂരമുള്ള ഇരട്ട തുരങ്കപാത

വയനാട് പാതയ്ക്ക് കൊടുവള്ളി, അടിവാരം, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ സ്‌റ്റേഷനുണ്ടാകും. അടിവാരത്തിനും കൽപ്പറ്റയ്ക്കുമിടയിൽ 20 കി.മി ദൂരമുള്ള ഇരട്ട തുരങ്കപാതയാണ് നിർമ്മിക്കുക. ആധുനിക സാങ്കേതിക വിദ്യയായ ടണൽ ബോറിംഗ് മെഷിൻ ഉപയോഗിച്ച് 400 മീറ്റർ വരെ അടിയിലൂടെയാണ് തുരങ്കം നിർമിക്കുക. 2 വർഷം കൊണ്ട് തുരങ്കനിർമാണം പൂർത്തിയാക്കാം.. കോഴിക്കോട് ബത്തേരി ടിക്കറ്റ് നിരക്ക് ഏകദേശം 150 രൂപയായിരിക്കും. ട്രെയിനിൽ 800 പേർക്ക് ഒരു സമയം യാത്ര ചെയ്യാം. വയനാടിന്റെ സാഹചര്യം പരിഗണിച്ച് ഒരു ബോഗിയിൽ അടിയന്തര സാഹചര്യമുള്ള രോഗികളെ കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കും. വയനാട് പാതയിൽ രാത്രികാലങ്ങളിൽ ചരക്ക് നീക്കത്തിന് റോറോ സംവിധാനവും ഒരുക്കും. സർക്കാറിന് സ്വന്തമായി ഒരു രൂപ പോലും ചെലവില്ലാതെ പദ്ധതി നടപ്പാക്കാവുന്ന സാമ്പത്തിക സംവിധാനമാണ് പ്രധാന ആകർഷണം. വയനാട് പാതയ്ക്ക് 15,000 കോടി ചെലവ് വരും . പാതയുടെ ചെലവിന്റെ 60% തുല്യമായി കേന്ദ്ര സംസ്ഥാനവിഹിതവും 40% പൊതുജനപങ്കാളിത്തവും ആയിരിക്കും . സർക്കാറുകളുടെ വിഹിതം അടിസ്ഥാന വികസനത്തിനും ടൂറിസം വികസനത്തിനുമുള്ള പത്യേക കേന്ദ്രസർക്കാർ ഫണ്ടും ദീർഘകാല വായ്പകളുമാണ്.

 ആദ്യം ഡി.പി.ആ‌ർ

ആദ്യദിവസം മുതൽ ലാഭകരമാകുന്ന പാതയാണ് വയനാട് പാത. അതിനാൽ വായ്പാ തിരിച്ചടവ് ബുദ്ധിമുട്ടാകില്ല. കോഴിക്കോട് സുൽത്താൻ ബത്തേരി അതിവേഗ പാതയുടെ ഡി.പി.ആർ ആദ്യം തയ്യാറാക്കണം. ഇതിന് 6മാസം സമയമെടുക്കും. 5 കോടി യാണ് ചെലവ് വരിക. ഇത് സംസ്ഥാന സർക്കാർ നൽകണം. എന്നാൽ പണം അനുവദിക്കാമെന്ന് ഉറപ്പ് നൽകിയാൽ ഉടൻതന്നെ ഡി.പി.ആർ നടപടികൾ ആരംഭിക്കാൻ ഡി.എം.ആർ.സി തയ്യാറാണ്. തുരങ്കം ആരംഭിക്കുന്നതും അവസാനിക്കുന്നതും വനമേഖലയിലല്ല. ടണൽബോറിംഗ് മെഷിൻ ഉപയോഗിച്ചുള്ള നിർമാണം പരിസ്ഥിതിക്ക് യാതൊരു ക്ഷതവുമേൽപിക്കില്ല. മേൽപ്പാലങ്ങളിലൂടെയുള്ള നിർമാണമായതിനാൽ നീരൊഴുക്ക് തടസപ്പെടില്ല. ആയിരക്കണക്കിന് വാഹനങ്ങളെ ദിനേന അകറ്റി നിറുത്തുന്നതിൽ ടൺകണക്കിന് കാർബൺ പുറംതള്ളൽ ഇല്ലാതാക്കും. കാർബൺ ക്രഡിറ്റ് ലഭിക്കാനും ഇത് സഹായിക്കും. കോഴിക്കോട് മെഡിക്കൽ കോളജിന് തൊട്ടടുത്ത് അരയിടത്ത്പാലത്താണ് കോഴിക്കോട്ടെ സ്റ്റേഷൻ. കൽപ്പറ്റയിൽ നിന്ന് 25 മിനിറ്റാണ് യാത്രാ സമയം എന്നതും വയനാടിന് വലിയ അനുഗ്രഹമായി മാറും. പാതയിൽ തുടക്കത്തിൽ അരമണിക്കൂർ ഇടവിട്ട് അതിവേഗ തീവണ്ടികൾ ഓടിക്കും. പിന്നിട് ഇടവേള കുറക്കും. തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും നേരിട്ട് സർവീസ് നടത്തും. വയനാടിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കുന്ന പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാറിന്റെ പൂർണ്ണ സഹകരണം ഇ.ശ്രീധരൻ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് നടന്ന യോഗത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽഎ, സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്സൺ റസീന അബ്ദുൽഖാദർ, നീലഗിരി വയനാട് എൻ.എച്ച് ആൻഡ് റയിൽവേ ആക്ഷൻ കമ്മിറ്റി കൺവീനർ അഡ്വ.ടി.എം.റഷീദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DMRC, RAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION