
കൊച്ചി: പലിശ നിരക്ക് ഉയർത്തിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ റിസർവ് ബാങ്കിന് ആത്മവിശ്വാസമേറുന്നു. രാജ്യാന്തര തലത്തിലെ വെല്ലുവിളികളുണ്ടെങ്കിലും 2026-27 വർഷത്തിലെ ജി.ഡി.പി വളർച്ചാ പ്രവചനം റിസർവ് ബാങ്ക് 6.7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ഉയർത്തി.
വിപണിയിലെ പണലഭ്യത നിയന്ത്രിക്കാൻ ബാങ്കുകളുടെ കരുതൽ ധന അനുപാതം റിസർവ് ബാങ്ക് മൂന്ന് ശതമാനത്തിൽ നിലനിറുത്തി. ബോണ്ട് വില്പനയും വിദേശ നാണയ സ്വാപ്പ് ഇടപാടുകളിലൂടെയും പണലഭ്യത നിയന്ത്രിക്കാനാണ് ആർ.ബി.ഐയുടെ ശ്രമം. ശക്തമായ വായ്‌പാ വളർച്ചയും വിലക്കയറ്റ സമ്മർദ്ദത്തിന് കാരണമാകുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു. വളർച്ചയും നാണയപ്പെരുപ്പവും വിലയിരുത്തിയാകും ഭാവിയിലെ പലിശ വർദ്ധന തീരുമാനമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഉപഭോഗം കരുത്ത്
ശക്തമായ ഉപഭോഗം, നിക്ഷേപം, സേവന, ഉത്പാദന മേഖലകളിലെ ഉണർവ് എന്നിവയാണ് വളർച്ചയ്ക്ക് കരുത്ത്. എന്നാൽ, നാണയപ്പെരുപ്പ പ്രവചനം 5.2 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തി. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധന വില കുതിച്ചുയർന്നതും ദുർബലമായ കാലവർഷവും എൽനിനോ പ്രതിഭാസവും വിലക്കയറ്റ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.
യു.പി.ഐ ഇടപാടുകളെ എം.ഡി.ആർ ബാധിക്കില്ല
ഒക്ടോബർ 15 മുതൽ 2,000 രൂപയ്ക്ക് മുകളിലുള്ള തിരഞ്ഞെടുത്ത യു.പിഐ വ്യാപാരി ഇടപാടുകൾക്ക് 0.4 ശതമാനം എം.ഡി.ആർ ഏർപ്പെടുത്താനുള്ള തീരുമാനം ചെലവ് ഘടനയിൽ മാറ്റം വരുത്തും. 75,000 രൂപയോ അതിലധികമോ തുക വരുന്ന ഇടപാടുകൾക്ക് പരമാവധി 300 രൂപയാണ് ചാർജ്. എന്നാൽ ചെറിയ ഫീസ് യു.പി.ഐ ഉപയോഗത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ഗവർണർ സഞ്ജയ് മൽഹോത്രയുടെ വിലയിരുത്തൽ.
റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്താനും സാമ്പത്തിക നയത്തിൽ ജാഗ്രതയോടെയുള്ള നിയന്ത്രണം നിലനിർത്താനും റിസർവ് ബാങ്ക് കൈക്കൊണ്ട തീരുമാനം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശക്തമായ പ്രതിരോധശേഷിയാണ് വ്യക്തമാക്കുന്നത്. സാമ്പത്തിക വർഷത്തെ വളർച്ചാ മുന്നേറ്റത്തെക്കുറിച്ചുള്ള ആർ.ബി.ഐയുടെ പുതുക്കിയ വിലയിരുത്തൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഇത് രാജ്യത്തെ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങളുടെ കരുത്തിൽ ആത്മവിശ്വാസം ഇരട്ടിയാക്കുന്നു. വളർച്ചയുടെ വേഗത ചോർന്നുപോകാതെ തന്നെ, പണപ്പെരുപ്പ ഭീഷണികളെ കൃത്യമായി നിയന്ത്രിക്കാനാണ് ആർ.ബി.ഐ നയമാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്.
വി. പി നന്ദകുമാർ
ചെയർമാൻ, മാനേജിംഗ് ഡയറക്ടർ
മണപ്പുറം ഫിനാൻസ് ലിമിറ്റഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |