
രാജ്യത്ത് നിലവിലുള്ള തൊഴിലാളിക്ഷേമ നിയമങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രോവിഡന്റ് ഫണ്ട് ആക്ട്. ഇതിന്റെ ഭാഗമായുള്ള എംപ്ലോയീസ് പെൻഷൻ സ്കീം നടപ്പിലാക്കിയത് 1995ലാണ്. ശമ്പള പരിധിയുടെ പേരിൽ നല്ലൊരു ശതമാനം തൊഴിലാളികളെ പി.എഫിൽ നിന്നും പുറത്ത് നിറുത്തിയിരിക്കുകയായിരുന്നു. ഈ നിലയിൽ മാറ്റം വരുത്താനും അംഗങ്ങളുടെ വരുമാന പരിധി 15000 രൂപയിൽ നിന്ന് 25000 രൂപയായി ഉയർത്താനും ക്രേന്ദസർക്കാർ അടുത്തിടെ നടപടിയെടുത്തു. ഇത് സ്വാഗതാർഹമാണെങ്കിലും വരുമാനപരിധി കുറഞ്ഞത് 50,000 രൂപയായെങ്കിലും ഉയർത്തിയാൽ മാത്രമേ ഭൂരിപക്ഷം തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കൂ.
അതേസമയം, പി.എഫ് പെൻഷൻകാരുടെ ഇന്നത്തെ സ്ഥിതി പരമദയനീയമാണ്. 81.5 ലക്ഷത്തോളം വരുന്ന പി.എഫ് പെൻഷൻകാരിൽ 90 ശതമാനം പേർക്കും (73.57 ലക്ഷം) 3000 രൂപയും അതിനു താഴെയും മാത്രമാണ് പെൻഷൻ. ഇവരിൽ 1000 രൂപയോ അതിൽ താഴെയോ ലഭിക്കുന്നവരുടെ എണ്ണം 36.8 ലക്ഷം വരും (45.19ശതമാനം). കേവലം 60475 പേർക്കാണ് (0.74ശതമാനം) പ്രതിമാസം 5000 രൂപയ്ക്ക് മുകളിൽ പെൻഷൻ ലഭിക്കുന്നതെന്ന് പി.എഫിന്റെ വാർഷിക റിപ്പോർട്ടിൽ വൃക്തമാക്കിയിട്ടുണ്ട്. പെൻഷൻ ഏറ്റവും കുറഞ്ഞത് 5000 രൂപയെങ്കിലുമാക്കി മാറ്റണമെന്ന ശക്തമായ ആവശ്യം രാജ്യത്തൊട്ടാകെ തൊഴിലാളികൾ ഉയർത്തിക്കൊണ്ടിരിക്കുകയാണ്.
തൊഴിലാളികളെ രണ്ടുതട്ടുകളാക്കി തിരിച്ച് അതിന്റെ പേരിൽ അവർക്കുള്ള പെൻഷൻ ആനുകൂല്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കങ്ങളാണ് പി.എഫ് പെൻഷൻ അധികാരികൾ നടത്തുന്നത്. ഈ നീക്കത്തിന്റെ ഭാഗമാണ് പ്രോറേറ്റാ സ്രമ്പദായം തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. ഉയർന്ന പെൻഷൻ അനുവദിക്കുന്നത് ഇ.പി.എഫ്.ഒയ്ക്ക് കടുത്ത സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്നുള്ള വാദങ്ങൾ പൊള്ളയാണെന്ന് വ്യക്തമാക്കി ഇ.പി.എഫ്.ഒയുടെതന്നെ 2024-25ലെ വാർഷിക റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്.
പെൻഷൻ ഫണ്ടിന്റെ ആകെ മൂല്യം ആദ്യമായി 10 ലക്ഷം കോടി രൂപ കടന്നതായി പറയുന്ന റിപ്പോർട്ടിൽ പെൻഷൻ ചെലവുകൾക്കായി ഈ വരുമാനത്തിന്റെ അഞ്ചിൽ ഒന്നുപോലും ചെലവഴിക്കേണ്ടി വരുന്നില്ലെന്ന് വ്യക്തമാണ്. പെൻഷൻ ഫണ്ടിൽ അതാത് വർഷം ലഭിക്കുന്ന പലിശ വരുമാനത്തിന്റെ ഒരു അംശം കൊണ്ടുതന്നെ പെൻഷൻ നൽകാൻ ഇ.പി.എഫ്.ഒയ്ക്ക് കഴിയുന്നുണ്ട്. 2024-25ൽ ലഭിച്ച പലിശ വരുമാനം 64374.77 കോടിയാണ്. എന്നാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങൾക്കുമായി ആകെ വിതരണം ചെയ്തത് 27963.76 കോടി മാത്രം. പലിശ വരുമാനത്തിന്റെ 43.46ശതമാനം.
പി.എഫ് പെൻഷൻ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ മാറ്റങ്ങൾ പെൻഷൻ ആക്ടിൽ അടിയന്തരമായി കൊണ്ടു വരണം. മനുഷ്യത്വപരമായ സമീപനം ഇക്കാര്യത്തിലുണ്ടാകണം. ജീവിക്കാൻ മതിയായ വേതനമെങ്കിലും പെൻഷൻ തുകയായി നൽകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |