
മലയാളികളുടെ ചുണ്ടുകളിൽ ഇന്നും ഒഴുകി നടക്കുന്ന അത്യനേകം പാട്ടുകൾക്ക് ഈണം പകർന്ന ദേവരാജൻ മാസ്റ്റർ എന്ന സംഗീതശില്പിയുടെ ജന്മശതാബ്ദി വർഷത്തിലേക്ക് കടക്കുകയാണ്. ഇക്കഴിഞ്ഞ സെപ്തംബർ 27ന് അദ്ദേഹത്തിന്റെ 99-ാം ജന്മദിനമായിരുന്നു
പരവൂർ ജി.ദേവരാജൻ. വ്യത്യസ്തവും മനോഹരങ്ങളുമായ ഈണങ്ങളുടെ കുലപതി. ഇന്ത്യയിൽ ജീവിച്ചിരുന്ന സംഗീത സംവിധായകരുടെ ഏറ്റവും മുൻനിരയിലുണ്ടായിരുന്ന വ്യക്തിപ്രഭാവം. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളക്കൂറായ കെ.പി.എ.സിയുടെ നാടകങ്ങൾക്ക് ഗാനങ്ങളിലൂടെ അവിസ്മരണീയമായ ജനപിന്തുണ നേടിക്കൊടുത്തവരിൽ പ്രധാനി. ദേവരാജൻ മാസ്റ്റർ ശരിക്കും ഒരു പ്രതിഭാസമായിരുന്നു. മലയാളികളുടെ ചുണ്ടുകളിൽ ഇന്നും ഒഴുകി നടക്കുന്ന അത്യനേകം പാട്ടുകൾക്ക് ഈണം പകർന്ന മഹാനായ മനുഷ്യൻ.
'പൊന്നരിവാൾ അമ്പിളി'യിൽ തുടങ്ങി അനേകം നാടക- ലളിത-ചലച്ചിത്ര ഗാനങ്ങളിലൂടെ മലയാളിക്ക് സ്വന്തമായ ഒരു സംഗീതലോകത്തിന്റെ പാത സൃഷ്ടിച്ചെടുത്ത സംഗീത സംവിധായകൻ. അന്ന് വരെ മലയാളി കേട്ട തമിഴ്, ഹിന്ദി ഈണങ്ങൾക്കനുസരിച്ചുള്ള മലയാള ഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്വന്തം ഈണത്തിൽ ഗാനങ്ങൾ സൃഷ്ടിച്ചു അദ്ദേഹം. ചില്ലിമുളം കാടുകളിൽ, അമ്പിളി അമ്മാവാ താമരക്കുമ്പിളിൽ എന്തൊണ്ട്, മാരിവില്ലിൻ തേന്മലരേ, വള്ളിക്കുടിലിൻ ഉള്ളിലിരിക്കും പുള്ളിക്കുയിലെ പാടൂ, ശർക്കര പന്തലിൽ തേന്മഴ പൊഴിയും,മധുരിക്കും ഓർമ്മകളെ തുടങ്ങി സുന്ദര ഗാനങ്ങളുടെ മധുരിക്കുന്ന ഓർമ്മകൾ നിറഞ്ഞ ഒരു സാഗരം തന്നെ സൃഷ്ടിച്ചു മലയാളികൾക്കായി അദ്ദേഹം.
1952ൽ കെ.പി.എ.സിയിൽ തുടങ്ങിയ സംഗീത സപര്യ 2000ത്തിലും കെ.പി.എ.സിയുടെ ഗാനത്തിന് അവാർഡ് നേടിക്കൊടുത്തുകൊണ്ട് സംഗീതത്തിന്റെ അക്ഷയപാത്രമാണ് ദേവരാഗങ്ങളുടെ രാജശില്പി എന്ന് വീണ്ടും തെളിയിച്ചു. ദേവരാജൻ മാസ്റ്റർ എന്ന സംഗീതശില്പിയുടെ ജന്മശതാബ്ദി വർഷത്തിലേക്ക് കടക്കുകയാണ് നമ്മൾ. ഇക്കഴിഞ്ഞ സെപ്തംബർ 27ന് അദ്ദേഹത്തിന്റെ 99-ാം ജന്മദിനമായിരുന്നു. സംഗീതസംവിധാന രംഗത്ത് അതുല്യരായ ശിഷ്യഗണങ്ങളുള്ള സംഗീതജ്ഞൻ ഒരുപക്ഷേ മാസ്റ്റർ മാത്രം.
എം.കെ. അർജ്ജുനൻ, ജോൺസൻ, ഔസേപ്പച്ചൻ, സംഗീത സംവിധാനത്തിനുള്ള ദേശീയ അവാർഡും ഏറ്റവും കൂടുതൽ സംസ്ഥാന അവാർഡുകളും നേടിയിട്ടുള്ള എം.ജയചന്ദ്രൻ വരെയുള്ളവരെ നോക്കിയാൽ മനസിലാകും അദ്ദേഹത്തിന്റെ കളരിയിലെ പരിശീലനത്തിന്റെ പ്രത്യേകത. ഇളയരാജ പറയും അദ്ദേഹം റെക്കോഡിംഗിൽ പിന്തുടരുന്നത് ദേവരാജ ശൈലി ആണെന്ന്. ആ കളരിയിലാണ് താൻ പഠിച്ചത് എന്ന് പറയുവാൻ ഒരു മടിയും കാട്ടാറില്ല തമിഴിലെ മുടിചൂടാമന്നൻ.
ഒരു രചയിതാവിന്റെ ഒപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങൾ (വയലാറിനൊപ്പം), ഒരു ഗായകന് ഏറ്റവും കൂടുതൽ ഗാനങ്ങൾ (യേശുദാസ്), ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ രാഗങ്ങളിൽ പാട്ടുകൾ സൃഷ്‌ടിച്ച ആൾ (90ന് മുകളിൽ രാഗങ്ങൾ), ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച ആൾ (317 പുറത്തിറങ്ങിയ ചിത്രങ്ങൾ), പുറത്തിറങ്ങാത്ത ചിത്രങ്ങൾ വേറെ. ഏറ്റവും കൂടുതൽ ഗായകർ പാടിയിട്ടുള്ളതും അദ്ദേഹത്തിന്റെ കീഴിലാണ്.
യേശുദാസിന്റെ ആദ്യത്തെ രണ്ട് ദേശീയ അവാർഡുകളും ദേവരാജഗീതികൾക്കായിരുന്നു (മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, പദ്മതീർത്ഥമേ ഉണരൂ).
പി. ജയചന്ദ്രന്റെ ഏക ദേശീയ അവാർഡും ദേവരാജൻ മാസ്റ്ററുടെ ഗാനത്തിന് (ശിവശങ്കര സർവ്വ ശരണ്യ വിഭോ). പി.സുശീലയ്ക്ക് മലയാളത്തിൽ രണ്ട് സംസ്ഥാന അവാർഡുകൾ ആണുള്ളത്. രണ്ടും ദേവസംഗീതത്തിൽ പിറന്ന ഗാനങ്ങൾക്ക് (പൂന്തേനരുവി, പൂവുകൾക്ക് പുണ്യകാലം).
പി.മാധുരിക്ക് കിട്ടിയ രണ്ട് സംസ്ഥാന അവാർഡുകളും ദേവരാഗങ്ങൾക്കായിരുന്നു.
മലയാളത്തിലെ ആദ്യത്തെ രാഗമാലിക 'തുഞ്ചൻ പറമ്പിലെ തത്തേ '. കൂടാതെ 'ഷഡ്‌കാല പല്ലവി ' എന്ന പേരിൽ ഗോവിന്ദ മാരാർ ആറു കാലത്തിൽ പാടിയത് എങ്ങനെ ആകും എന്നതിന് തന്റേതായ ഒരു സംഗീത നിർവചനം സൃഷ്ടിച്ചു ഈ സംഗീത ഗുരു. സംഗീതത്തിനായി രണ്ട് പുസ്തകങ്ങൾ രചിച്ചു. സംഗീതശാസ്ത്ര നവസുധ എന്ന ഗ്രന്ഥം സംഗീത വിദ്യാർത്ഥികൾക്ക് ഒരു മുതൽക്കൂട്ടാണ്.
ബലികുടീരങ്ങളെ, കുട്ടനാടൻ പുഞ്ചയിലെ, ഹരിവരാസനം, നിത്യ വിശുദ്ധയാം കന്യാമറിയമേ, കണികാണും നേരം, കേരളം കേരളം, മലയാളഭാഷതൻ, കുരിശു ചുമന്നവനെ, പ്രാണനാഥൻ എനിക്ക് നൽകിയ,കസ്തൂരിതൈലമിട്ട് മുടി മിനുക്കി, പാപ്പീ അപ്പച്ചാ, വണ്ടീ വണ്ടീ നിന്നെപ്പോലെ, ഉദയഗിരി ചുവന്നു, സന്യാസിനി, ചക്രവർത്തിനി നിനക്ക് ഞാനെന്റെ, ഉല്ലാസ പൂത്തിരികൾ കണ്ണിലണിഞ്ഞവളെ എന്നിങ്ങനെ ഏതു സന്ദർഭത്തിനും, താളത്തിനും, കാലത്തിനും ചേർന്ന പാട്ടുകൾ എത്രയാണീ സംഗീത മാന്ത്രികൻ സൃഷ്ടിച്ചത്.
കേരളം ഒരു പത്മാ ബഹുമതിപോലും അദ്ദേഹത്തിന് നേടിക്കൊടുത്തില്ല. അപേക്ഷിച്ചതായി പോലുമറിവില്ല. മാസ്റ്ററുടെ ശതാബ്ദി വർഷത്തിൽ നമുക്ക് ആഗ്രഹിക്കാം:
'വരിക ഗന്ധർവ്വ ഗായകാ വീണ്ടും,
വരിക കാതോർത്ത് നിൽക്കുന്നു കാലം,
തരിക ഞങ്ങൾ തൻ കൈകളിലേക്കാ
മധുര നാദ വിലോലമാം വീണ'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |