
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമേറ്റ ആഘാതം ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിയായി മാത്രം കാണാനാവില്ല. ട്രംപിന്റെ രാഷ്ട്രീയ പെരുമാറ്റം, ആഭ്യന്തര നയം, സാമ്പത്തിക മാനേജ്മെന്റ്, വിദേശനയ തീരുമാനങ്ങൾ എന്നിവയോടുള്ള ജനങ്ങളുടെ അതൃപ്തിയാണ് ഫലങ്ങളിൽ പ്രതിഫലിച്ചത്. അത് ജനപ്രതിനിധിസഭയിലും സെനറ്റിലും ഡെമോക്രാറ്റിക് പാർട്ടിക്ക് തുണയായി.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പരാജയത്തിന് പരസ്പരം ബന്ധപ്പെട്ട രണ്ട് പ്രധാന കാരണങ്ങളുണ്ട്. ട്രംപിന്റെ രാഷ്ട്രീയ നേതൃത്വത്തിനേറ്റ ജനവിശ്വാസ ശോഷണമാണ് പ്രധാനം. അദ്ദേഹത്തിന്റെ നയപരമായ തീരുമാനങ്ങൾ അമേരിക്കയിലും ലോകത്തുമുണ്ടാക്കിയ പ്രതികൂല പ്രത്യാഘാതങ്ങളും തിരിച്ചടിയായി.
ജനാധിപത്യ സ്ഥാപനങ്ങൾക്കെതിരായ ആവർത്തിച്ചുള്ള ആക്രമം, തിരഞ്ഞെടുപ്പുകളുടെ നിയമസാധുത ചോദ്യം ചെയ്യൽ, സ്വതന്ത്ര സ്ഥാപനങ്ങളുമായുള്ള ഏറ്റുമുട്ടൽ, ഭിന്നിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്താവനകൾ എന്നിവയും ട്രംപിന് തിരിച്ചടിയായി. ജനാധിപത്യ മൂല്യങ്ങളുടെയും ഭരണഘടനാപരമായ ഭരണത്തിന്റെയും നിയമവാഴ്ചയുടെയും ആഗോള വക്താവായാണ് അമേരിക്ക സ്വയം അവതരിപ്പിച്ചിട്ടുള്ളത്. അഴിമതി, താത്പര്യസംഘർഷം, ട്രംപിന്റെയും അനുയായികളുടെയും സാമ്പത്തിക താത്പര്യങ്ങൾക്ക് മുൻഗണന നൽകുകയാണെന്ന ധാരണ എന്നിവയും 'കപ്പലിലെ കള്ളനെ" പുറത്താക്കണമെന്ന വികാരത്തിന് കാരണമായി.
ട്രംപിന്റെ ആഭ്യന്തര, വിദേശനയ തീരുമാനങ്ങളും ജനങ്ങളുടെ അതൃപ്തി ശക്തമാക്കി. ഇറാനിലെ അമേരിക്കൻ ഇടപെടൽ, പ്രത്യാഘാതങ്ങൾ, സാമ്പത്തിക ചെലവുകൾ എന്നിവയെക്കുറിച്ചും ഗുരുതര ചോദ്യങ്ങൾ ഉയർത്തി. സംഘർഷം പശ്ചിമേഷ്യയിലെ സ്ഥിരതയ്ക്ക് ഭീഷണിയാകുകയും അന്താരാഷ്ട്ര അനിശ്ചിതത്വം വർദ്ധിപ്പിക്കുകയും ചെയ്തു. ആഗോള ഊർജവിതരണത്തെക്കുറിച്ചും ഇന്ധനവില വർധനവിനെക്കുറിച്ചും ആശങ്കയുണ്ടായി.
ട്രംപിന്റെ ഏകപക്ഷീയമായ താരിഫ് നയം സാമ്പത്തിക അസ്ഥിരത വർദ്ധിപ്പിച്ചു. അന്താരാഷ്ട്ര വ്യാപാര പങ്കാളികളുമായുള്ള ബന്ധം വഷളാക്കി. വ്യാപാര മേഖലയിലെ ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിച്ചു. ഇതോടെ അമേരിക്കൻ ഉപഭോക്താക്കളും വ്യാപാര സ്ഥാപനങ്ങളും സാമ്പത്തിക സമ്മർദ്ദത്തിലായി. കുടിയേറ്റ നയങ്ങൾ നടപ്പിലാക്കിയ രീതി, മാനുഷിക മൂല്യങ്ങൾ, ഭരണഘടനാപരമായ അവകാശങ്ങൾ, ദുർബല വിഭാഗങ്ങളോടുള്ള പെരുമാറ്റം എന്നിവയും വിവാദങ്ങളായി.
പ്രധാന പ്രശ്നം സാമ്പത്തികം
സാമ്പത്തിക പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ നിർണായക വിഷയമായി. ജീവിതച്ചെലവ്, ഇന്ധനത്തിന്റെയും ഡീസലിന്റെയും വില, കുടുംബങ്ങളുടെ ദൈനംദിന ചെലവ്, സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ സാധാരണക്കാരെ ബാധിച്ചു. ദൈനംദിന ജീവിതത്തിലെ സാമ്പത്തിക അനുഭവങ്ങളുടെ അടിസ്ഥാനമാക്കിയാണ് വോട്ടർമാർ ഭരണകൂടത്തിന്റെ പ്രകടനത്തെ വിലയിരുത്തിയത്. തിരഞ്ഞെടുപ്പിന് മുമ്പ് പ്യൂ റിസർച്ച് നടത്തിയ പഠനമനുസരിച്ച്, രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 84 ശതമാനം സമ്പദ് വ്യവസ്ഥയെ പ്രധാന വിഷയമായി കണക്കാക്കിയിരുന്നു.
ഉറച്ച അനുയായികൾ പിന്തുണ തുടർന്നെങ്കിലും സ്വതന്ത്ര വോട്ടർമാർ, മിതവാദികളായ റിപ്പബ്ലിക്കൻമാർ, യുവ വോട്ടർമാർ, ഹിസ്പാനിക് സമൂഹത്തിലെ ചില വിഭാഗങ്ങൾ എന്നിവരുടെ വിശ്വാസം നിലനിറുത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്കായില്ല. സാമ്പത്തിക അതൃപ്തി, അഴിമതി, ഇറാനുമായുള്ള സംഘർഷം എന്നിവയെ പ്രധാന വിഷയങ്ങളാക്കുന്നതിൽ ഡെമോക്രാറ്റുകൾ വിജയിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി ട്രംപിന്റെ വ്യക്തിപ്രഭാവത്തെയും രാഷ്ട്രീയ അജണ്ടയെയും കൂടുതൽ ആശ്രയിക്കുന്നതിന്റെ അപകടസാദ്ധ്യതയും ഈ പരാജയം വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ഇരുസഭകളിലെയും ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ട്രംപിന്റെ നിയമനിർമ്മാണ പദ്ധതികൾക്ക് വലിയ നിയന്ത്രണമുണ്ടാകും. അദ്ദേഹത്തിന്റെ ഭരണകൂടത്തിനെതിരായ കോൺഗ്രസിന്റെ പരിശോധനയും മേൽനോട്ടവും ശക്തമാകും.
യുദ്ധങ്ങളുടെ ഭാവി
യുദ്ധങ്ങൾ അവസാനിക്കുമോ എന്നതിൽ ഉറപ്പ് പറയാനാവില്ല. ട്രംപിന്റെ വിദേശനയ തീരുമാനങ്ങളിൽ അമേരിക്കൻ കോൺഗ്രസ് കൂടുതൽ നിയന്ത്രണങ്ങളും പരിശോധനകളും കൊണ്ടുവന്നേക്കാം. യുദ്ധനയങ്ങളിൽ വെടിനിറുത്തലിനും നയതന്ത്ര ചർച്ചകൾക്കും സമ്മർദ്ദമുണ്ടാകാം. എന്നാൽ പ്രസിഡന്റിന്റെ നിലപാട്, സൈനിക സാഹചര്യം, ബന്ധപ്പെട്ട രാജ്യങ്ങളുടെ നയതന്ത്ര സമീപനം എന്നിവയെ ആശ്രയിച്ചിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
ഇന്ത്യാ ബന്ധത്തിൽ മാറ്റമുണ്ടാകും
ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ഇന്ത്യ - അമേരിക്ക ബന്ധത്തിൽ ചില മാറ്റങ്ങളുണ്ടാക്കിയേക്കാം. പ്രത്യേകിച്ച് ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളുടെ എച്ച്1ബി വിസ, കുടിയേറ്റ നയം, പാകിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം, റഷ്യയുമായുള്ള ഇന്ത്യയുടെ പ്രതിരോധ ഊർജ സഹകരണം തുടങ്ങിയവയിൽ കൂടുതൽ ചർച്ചകളുണ്ടാകും. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ ഡെമോക്രാറ്റുകൾ ആശങ്ക പ്രകടിപ്പിച്ചേക്കാം. എന്നാൽ ഇന്തോപസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം ചെറുക്കുന്നതിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്ഥാനം അമേരിക്കയ്ക്ക് നിർണായകമാണ്. അതിനാൽ കോൺഗ്രസിലെ അധികാരമാറ്റം ട്രംപിന്റെ നയങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളും പരിശോധനകളും സൃഷ്ടിക്കുമെങ്കിലും ഇന്ത്യയോടുള്ള അടിസ്ഥാന വിദേശനയത്തിൽ വലിയ മാറ്റമുണ്ടായേക്കില്ല.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പുകൾ ജനാധിപത്യപരമായ ഉത്തരവാദിത്വത്തിന്റെയും സാമ്പത്തിക സുരക്ഷിതത്വത്തിന്റെയും സുതാര്യമായ ഭരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നു. രാഷ്ട്രീയ അധികാരം ഉത്തരവാദിത്വത്തോടെയും സുതാര്യതയോടെയും വിനിയോഗിക്കണമെന്നും ജനതാത്പര്യങ്ങൾക്ക് മുൻഗണന നൽകണമെന്നുമുള്ള സന്ദേശമാണ് തിരഞ്ഞെടുപ്പ് നൽകുന്നത്.
(ലേഖകൻ കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും
കാര്യവട്ടം ക്യാമ്പസ് ഡയറക്ടറുമാണ്. ഫോൺ: 9447145381 )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |