SignIn
Kerala Kaumudi Online
Monday, 05 October 2026 2.06 PM IST

ക്യാമ്പസ് ആത്മഹത്യ തടയാൻ സമിതി

READ ENGLISH VERSION
campus

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇടയ്ക്കിടെ നടക്കുന്ന വിദ്യാർത്ഥികളുടെ ആത്മഹത്യ അവസാനിപ്പിച്ചേ മതിയാവൂ എന്ന സുപ്രീംകോടതിയുടെ നിരീക്ഷണം സ്വാഗതാർഹമാണ്. ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നടക്കുന്ന ഓരോ ആത്മഹത്യയും രാജ്യത്തെ ഒന്നടങ്കം നടുക്കുന്നവയാണ്. ജാതീയമായ വിവേചനവും അതുമൂലമുള്ള അപകർഷതാ ബോധവും ആത്മഹത്യയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. കഴുത്തറുപ്പൻ മത്സരത്തിലൂടെ ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കിടയിൽ നടക്കുന്ന മത്സരം സാധാരണ കുട്ടികൾക്ക് പലപ്പോഴും താങ്ങാൻ കഴിഞ്ഞെന്നുവരില്ല. ക്യാമ്പസിലായാലും ഹോസ്റ്റലിലായാലും അവർ നിരന്തരം വിവേചനം നേരിട്ടുകൊണ്ടിരിക്കും. ഇളം മനസുകൾ ഇതിൽ വീണുപോകും.

ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സർവകലാശാലാ ക്യാമ്പസുകൾ എന്നിവിടങ്ങളിലാണ് കുട്ടികളുടെ ആത്മഹത്യകൾ അധികവും നടക്കുന്നത്. കുട്ടികൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് കേൾക്കാനും പരിഹാരം കണ്ടുപിടിക്കാനും ചുമതലയുള്ള അധികൃതർ പിന്തുടരുന്ന നിസംഗ സമീപനമാകും പലപ്പോഴും ആത്മഹത്യാ മുനമ്പിലേക്ക് കുട്ടികളെ നയിക്കുന്നത്. സഹപാഠികളെ ഒറ്റപ്പെടുത്തി, അവരെ ആവോളം ദ്രോഹിക്കുന്ന ഒരു സംഘം എപ്പോഴും ഏതു കലാലയങ്ങളിലും കാണും. കേരളത്തിൽ പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർത്ഥൻ എന്ന കുട്ടി നേരിട്ട പീഡനങ്ങളെക്കുറിച്ച് ഇന്ന് മലയാളികൾക്കെല്ലാം അറിയാം. പിടിച്ചുനിൽക്കാൻ തീരെ കഴിയാതെ വന്നപ്പോഴാണ് അയാൾ ആത്മഹത്യ മോചനമാർഗമായി തിരഞ്ഞെടുത്തത്. വിദ്യാർത്ഥി സംഘടനയും അദ്ധ്യാപകരും ഹോസ്റ്റൽ വാർഡനും, എന്തിന് സർക്കാർ തന്നെയും അക്രമികളുടെ വശത്തായിരുന്നു. അതുകൊണ്ടുതന്നെ സിദ്ധാർത്ഥന്റെ രക്ഷിതാക്കൾ നീതിക്കായി ഇന്നും അലയുന്നു.

ഉന്നത സ്ഥാപനങ്ങളിൽ കുട്ടികളെ ജീവനെടുക്കാൻ പ്രേരിപ്പിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നതിന് സുപ്രീംകോടതി കഴിഞ്ഞ ദിവസം പത്തംഗ ദേശീയ ദൗത്യസേനയെ നിയമിച്ചത് പുതിയൊരു കാൽവയ്പായി കരുതാം. ജാതി വിവേചനത്തിനു പുറമെ റാഗിംഗുമായി ബന്ധപ്പെട്ട ക്രൂര പീഡനമുറകൾ, ലൈംഗികാതിക്രമം, പഠനഭാരം തുടങ്ങിയവയും ആത്മഹത്യയിലേക്കു നയിക്കുന്ന കാരണങ്ങളായി കോടതി കണ്ടെത്തിയിട്ടുണ്ട്. റിട്ട. സുപ്രീംകോടതി ജഡ്‌ജി രവീന്ദ്ര ഭട്ടിന്റെ അദ്ധ്യക്ഷതയിലുള്ള ദൗത്യസേന നാലുമാസത്തിനകം ഇടക്കാല റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി ഐ.ഐ.ടിയിലെ പട്ടികവിഭാഗത്തിൽപ്പെട്ട രണ്ടു കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ദൗത്യസേന രൂപീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഇടപെടൽ ഉണ്ടായത്. ശക്തമായ നടപടികളിലൂടെ മാത്രമേ ഈ ദുഷ്‌പ്രവണത ക്യാമ്പസുകളിൽ തടയാനാവൂ എന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു.

വർഷങ്ങൾക്കു മുമ്പ് ഹൈദരാബാദിലെ കേന്ദ്ര സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യവ്യാപകമായ പ്രതിഷേധത്തിനും ചർച്ചകൾക്കും കാരണമായിരുന്നു. ഈ സംഭവത്തിനു ശേഷവും നിരവധി ഉന്നത കലാലയങ്ങളിൽ വിവിധ കാരണങ്ങളാൽ കുട്ടികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്. ആത്മഹത്യയ്ക്ക് പ്രധാന കാരണം ക്യാമ്പസുകളിലെ ജാതിവിവേചനവും റാഗിംഗുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ്. നിയുക്ത ദേശീയ ദൗത്യസേനയ്ക്ക് ഈ പ്രശ്നങ്ങൾ എങ്ങനെയെല്ലാം കൈകാര്യം ചെയ്യാനാകുമെന്ന് റിപ്പോർട്ട് പുറത്തുവന്നാലേ അറിയാനാവൂ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന കുട്ടികളുടെ മനസാണ് ആദ്യം മാറേണ്ടത്. അതിനു തക്കവിധം അവരെ പാകപ്പെടുത്തിയെടുക്കണം. താഴ്‌ന്ന ക്ളാസ് തൊട്ടേ അതിനുള്ള വിദ്യാഭ്യാസവും സംസ്കാരവും അവർക്ക് പകർന്നു നൽകണം. വിദ്യാഭ്യാസ പരിഷ്കരണത്തിൽ ഈ വിഷയത്തിന് പ്രത്യേക ഊന്നൽ നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION