
ശിശുക്ഷേമ സമിതിയിൽ കുട്ടിക്ക് ക്രൂര പീഡനമേറ്റ സംഭവം മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്. കുറ്റത്തിന് പരമാവധി ശിക്ഷയാണ് പ്രതികൾക്ക് ലഭിക്കേണ്ടത്. ശിശുക്കളെ ഉപദ്രവിക്കുന്നവർ ഒരു തരത്തിലുള്ള മാപ്പും അർഹിക്കുന്നില്ല. പ്രത്യേക പരിശീലനം ലഭിക്കാത്തവരെ കുട്ടികളെ നോക്കാൻ ഏൽപ്പിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. നിഷ്‌കളങ്കതയുടെ കാണപ്പെട്ട രൂപങ്ങളാണ് ശിശുക്കൾ. അവർക്ക് കരയാനും ചിരിക്കാനുമല്ലാതെ മറ്റൊന്നും കഴിയില്ല. അങ്ങനെയുള്ളവരെ സംരക്ഷിക്കാൻ കരാർ നിയമനത്തിലല്ല ആയകളെ നിയോഗിക്കേണ്ടത്. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ആയമാരായി എത്തുന്നവർ രാഷ്ട്രീയ സ്വാധീനത്തിലൂടെ നിയമിക്കപ്പെടുന്നവരാണ്. ഇതാണ് ആദ്യം നിറുത്തലാക്കേണ്ടത്. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് രണ്ടര വയസുള്ള പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചത്. ഈ സംഭവത്തിൽ കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും താത്‌കാലിക ജീവനക്കാരാണ്.
അജിത എന്ന ആയയാണ് കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റ് രണ്ടുപേരായ സിന്ധുവും മഹേശ്വരിയും കുഞ്ഞിന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേൽപ്പിച്ചതായും അന്വേഷണത്തിൽ ബോദ്ധ്യമായിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്‌സോ, ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അച്ഛനും അമ്മയും നഷ്ടപ്പെട്ട് അനാഥയായ ഈ കുഞ്ഞിനെ പത്തുദിവസം മുമ്പാണ് ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. കുഞ്ഞുങ്ങളെ മർദ്ദിക്കുന്ന സംഭവങ്ങൾ മുമ്പും സമിതിയിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതൊന്നും പുറംലോകമറിയാതെ മൂടിവയ്ക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളതെന്ന് കരുതണം. കുഞ്ഞുങ്ങളെ മർദ്ദിച്ച സംഭവത്തിൽ മഹേശ്വരി എന്ന ആയയെ മുൻപ് ജില്ലയ്ക്കു പുറത്തേക്ക് സ്ഥലംമാറ്റിയിരുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് അവർ തിരികെയെത്തിയത്. കുട്ടികളെ മർദ്ദിക്കുന്നവരെ സ്ഥലംമാറ്റുകയല്ല പറഞ്ഞുവിടുകയാണ് വേണ്ടത്. അതിനു കഴിവില്ലാത്ത നടത്തിപ്പുകാർ എന്തു ശിശുക്ഷേമമാണ് അവിടെ ചെയ്യുന്നത്?
വിദേശ രാജ്യങ്ങളിലും മറ്റും ഏറ്റവും വൈദഗ്ദ്ധ്യമുള്ളവരെയും പരിശീലനം സിദ്ധിച്ചവരെയുമാണ് ഇത്തരം കേന്ദ്രങ്ങളിൽ നിയോഗിക്കുന്നത്. ഇവിടെയാകട്ടെ, ഭരണകക്ഷികളിൽ പിടിപാടുള്ള ആർക്കും അവിടെ കടന്നുകൂടാം. പരാതികളുണ്ടായാൽപ്പോലും പലപ്പോഴും അത് ഒതുക്കിത്തീർക്കുന്നതിൽ മാത്രമാണ് ഭരണസമിതി സാമർത്ഥ്യം കാണിക്കുന്നത്. അതേസമയം, സമിതിയിലെ എല്ലാ ആയമാരും ഒരുപോലെയാണെന്ന് ചിത്രീകരിക്കുന്നതും ശരിയല്ല. കുട്ടികളെ നല്ലപോലെ, അവരാൽ കഴിയുംവിധം നോക്കുന്നവരാണ് ഭൂരിപക്ഷവും. ദിവസവേതനക്കാരാണ് ആയമാർ. നല്ല രാഷ്ട്രീയ പിന്തുണയുള്ളവരാണ് ആ ബലത്തിൽ മോശം പെരുമാറ്റങ്ങൾ നടത്തുന്നത്. ഇവർക്കെതിരെ കാര്യമായ അച്ചടക്ക നടപടിയൊന്നും ഉണ്ടാകാറില്ല. ഈ സംഭവം പുറത്തറിഞ്ഞതിനാലാണ് കേസുണ്ടായത്. കുട്ടികളോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തിനു വിധേയനായ വ്യക്തിയും ഭരണസമിതി അംഗമായിട്ടുണ്ട്. ഇത്തരക്കാർ ഭരിക്കുമ്പോൾ ക്രൂരമായ സംഭവങ്ങൾ ആവർത്തിച്ചില്ലെങ്കിലേ അതിശയിക്കാനുള്ളൂ.
ശിശുക്ഷേമ സമിതിയിൽ ജോലിസമയം പുതുക്കി ക്രമീകരിച്ചതിനെത്തുടർന്ന് ജീവനക്കാർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് പറയപ്പെടുന്നു. 24 മണിക്കൂറായിരുന്ന ജോലിസമയം ഒൻപതു മണിക്കൂറായി ചുരുക്കിയപ്പോൾ വേതനത്തിൽ കുറവുണ്ടായതാണ് അതൃപ്തിക്കു കാരണം. ലഭിച്ചുകൊണ്ടിരിക്കുന്ന വേതനത്തിനകത്തു നിന്നാണ് ഓരോരുത്തരും ജീവിതം ചിട്ടപ്പെടുത്തുന്നത്. ഒരു സുപ്രഭാതത്തിൽ അതിൽ കുറവു വന്നാൽ സ്വാഭാവികമായും അതൃപ്തിയുണ്ടാകും. അതിന്റെ ദേഷ്യവും തീർക്കപ്പെടുന്നത് അന്തേവാസികളുടെ മേലായിരിക്കും. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി കാണാനും ക്രമീകരിക്കാനുമുള്ള ഭരണസമിതിയുടെ കഴിവില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. ഇപ്പോൾ ഒരു സംഭവം ഉണ്ടായതുകൊണ്ട് ചില നടപടികൾ എടുത്ത് കണ്ണിൽ പൊടിയിട്ടതുകൊണ്ടു മാത്രം തീരുന്നതല്ല അവിടത്തെ ഗുരുതരമായ പോരായ്‌മകൾ. സർക്കാർ തലത്തിൽ വിശദമായ അന്വേഷണവും പഠനവും നടത്തി പരിഹാരം തേടേണ്ടതുണ്ട്. അതല്ലെങ്കിൽ ഉയർന്ന കോടതികൾക്ക് സ്വന്തം നിലയിൽ ഇടപെട്ട് മാറ്റങ്ങൾ വരുത്താവുന്നതുമാണ്. എന്തായാലും ഒരു ശുദ്ധികലശം ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |