
ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം ഇന്ത്യൻ ഐ.ടി മേഖലയെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നു. ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പദ്ധതിയിൽ നിന്ന് എട്ട് കമ്പനികളെ വിലക്കിയ നടപടി തിരിച്ചടിയാകുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യ.
ഗ്രീൻ കാർഡിനായുള്ള കാത്തിരിപ്പ് പലപ്പോഴും വർഷങ്ങൾ നീളും. ഉയർന്ന വൈദഗ്ദ്ധ്യമുള്ള തൊഴിലുകൾക്കായുള്ള എച്ച് 1 ബി വിസയിലെത്തുന്നവർ അനുവദിച്ചിട്ടുള്ള കാലാവധി പൂർത്തിയാകും മുൻപ് കമ്പനികൾ മുഖേനയാണ് ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നത്. ഒട്ടേറെ ഇന്ത്യൻ ജീവനക്കാരുടെ അപേക്ഷ പരിഗണനയുടെ വിവിധ ഘട്ടങ്ങളിലിരിക്കെയാണ് ഒറ്റയടിക്ക് എട്ട് പ്രമുഖ ഐ.ടി കമ്പനികളെ പി.ഇ.ആർ.എം പദ്ധതിയിൽ നിന്ന് വിലക്കിയുള്ള ദൗർഭാഗ്യകരമായ നടപടി അമേരിക്കൻ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. മൈക്രോസോഫ്‌റ്റ്, അഡോബി, ക്യാപ്‌ജെമിനി, ടി.സി.എസ്, ഇൻഫോസിസ്, വിപ്രോ, എച്ച്.സി.എൽ, കോഗ്‌നിസന്റ് എന്നിവയെയാണ് വിലക്കിയത്. ഇതോടെ ഈ കമ്പനികളിലെ ജീവനക്കാരുടെ ഗ്രീൻ കാർഡ് അപേക്ഷകൾ പ്രതിസന്ധിയിലാകും. ഇന്ത്യയിൽ നിന്നുള്ള നൂറുകണക്കിന് ഐ.ടി പ്രൊഫഷണലുകൾ അമേരിക്കയിൽ ജോലി ചെയ്യുന്ന കമ്പനികളാണിവ.
കേന്ദ്ര സർക്കാരും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികളും ഇക്കാര്യം അമേരിക്കൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി ശക്തമായ ഇടപെടൽ നടത്തേണ്ട സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.
കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച് അമേരിക്കയിൽ നിലവിലുള്ള എച്ച് 1 ബി വിസക്കാരിൽ 71 ശതമാനവും ഇന്ത്യക്കാരാണ്. ഒരു വർഷം അനുവദിക്കുന്നത് 65,000 വിസകളാണ്. ഉയർന്ന ബിരുദമുള്ളവർക്കായി 20,000 കൂടി അനുവദിക്കും. ഇങ്ങനെ ആകെ വിസകളുടെ എണ്ണം 85,000 ആയി പരിമിതപ്പെടുത്തി. എച്ച് 1 ബി വിസയിൽ രണ്ടാം സ്ഥാനത്ത് ചൈനയാണ്. ജോലികൾ വിദേശികൾ തട്ടിയെടുക്കുന്നു എന്നുപറഞ്ഞ് സ്വദേശിവത്‌കരണത്തിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം വന്നത്. തീരുവ യുദ്ധം പോലെ ട്രംപ് ഭരണകൂടം കൈക്കൊള്ളുന്ന ഏകപക്ഷീയമായ ഭരണ നടപടികളുടെ ഭാഗമാണ് ഈ നടപടിയും. അടുത്തിടെ എച്ച് 1 ബി വിസയിലുണ്ടായ ഫീസ് വർദ്ധനവ് ഐ.ടി മേഖലയെ ദോഷകരമായി ബാധിച്ചിരുന്നു. ഗ്രീൻ കാർഡ് നടപടികൾ മരവിപ്പിച്ച യു.എസ് തീരുമാനത്തിനെതിരെ ഇന്ത്യൻ ഐ.ടി കമ്പനികളുടെ കൂട്ടായ്‌മകൾ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളുടെയും പൊതുവായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഈ നടപടി സഹായിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് വിമർശിച്ചു. അമേരിക്കയുടെ ഏതു രംഗത്തെയും വളർച്ചയിൽ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്ക് നിർണായകമാണ്. അതെല്ലാം ഒറ്റയടിക്ക് തള്ളിക്കളയുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
അതേസമയം ട്രംപ് ഭരണകൂടത്തിന്റെ ഈ നടപടി ദീർഘകാലത്തേക്ക് ഇന്ത്യയ്ക്ക് അവസരമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അതത്ര എളുപ്പം നടക്കുന്ന കാര്യമല്ല. അമേരിക്കയിൽ ജീവനക്കാരെ നേരിട്ട് വിന്യസിക്കുന്നതിന് പകരം ഇന്ത്യയിൽ നിന്ന് ഉയർന്ന മൂല്യമുള്ള സാങ്കേതിക സേവനങ്ങൾ ഉറപ്പാക്കാവുന്ന തലത്തിലേക്ക് ഈ കമ്പനികൾ മാറാൻ സമയമെടുക്കും. എ.ഐയുടെ സഹായത്തോടെ ചെറിയ ടീമുകൾക്ക് പോലും നമ്മുടെ നാട്ടിൽ ഇരുന്ന് സങ്കീർണമായ ആഗോളപദ്ധതികൾ കൈകാര്യം ചെയ്യാനാകും. അമേരിക്കൻ നിയന്ത്രണം കൂടുമ്പോൾ പ്രാദേശികനിയമനം വർദ്ധിപ്പിക്കാൻ ഐ.ടി കമ്പനികൾ നിർബന്ധിതരാകുന്നത് ഒരർത്ഥത്തിൽ ഇവിടെ തൊഴിൽസാദ്ധ്യതകൾ വർദ്ധിപ്പിച്ചേക്കാം. അമേരിക്കയുടെ ഈ നിയന്ത്രണം കാരണം വിലക്ക് വന്ന കമ്പനികളിൽ ജോലി ചെയ്‌തിരുന്നവർ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് ജോലി മാറുന്നതും പരിഗണിക്കേണ്ടി വരും. കമ്പനികളിലെ ജോലിക്കാരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണെങ്കിൽ അത്തരം കമ്പനികൾ അവരുടെ പ്രോജക്ടുകൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിർബന്ധിതമാകും. ഇത്തരം അവസരം പ്രയോജനപ്പെടുത്താനുള്ള ഭരണപരവും നിയമപരവുമായുള്ള നടപടികൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |