SignIn
Kerala Kaumudi Online
Friday, 09 October 2026 12.58 AM IST

മഡുറോയ്ക്കും ഭാര്യയ്‌ക്കുമെതിരെ വീണ്ടും ആരോപണം,​ പീഡനക്കുറ്റം കൂടി ചുമത്തി യുഎസ് ഭരണകൂടം

maduro-and-wife
മുൻ വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യ സീലിയ ഫ്‌ളോറസും

വാഷിംഗ്ടൺ: മുൻ വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കും ഭാര്യ സീലിയ ഫ്‌ളോറസിനുമെതിരെ പീഡനക്കുറ്റം കൂടി ചുമത്തി അമേരിക്ക. രാഷ്ട്രീയ എതിരാളികളെയും അമേരിക്കൻ പൗരന്മാരെയും പീഡിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. നേരത്തെ ചുമത്തിയിരുന്ന മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചന അടക്കമുള്ള കേസുകൾക്ക് പുറമെയാണ് പുതിയ കുറ്റം.

നേരത്തെ യുഎസ് നടത്തിയ ആരോപണങ്ങളും ഇരുവരും നിഷേധിച്ചിട്ടുണ്ട്. അധികാരത്തിൽ തുടരാൻ വേണ്ടി രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പീഡനം, അനധികൃത തടങ്കൽ, അക്രമം എന്നിവ ഉൾപ്പെടുന്ന സംവിധാനങ്ങൾ മഡുറോയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചെന്നാണ് യുഎസ് ഭരണകൂടം ആരോപിക്കുന്നത്. വൈദ്യുതാഘാതം ഏൽപ്പിക്കൽ, മർദനം, ശ്വാസംമുട്ടിക്കൽ തുടങ്ങിയ രീതികൾ ഉപയോഗിച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ യുഎസിന്റെ പുതിയ ആരോപണങ്ങൾ കോടതിയിൽ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

69കാരിയായ സീലിയ ഫ്‌ളോറസിനെ ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കാനിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. തടവിലായതിന് ശേഷം 11 കിലോയോളം ഭാരം കുറഞ്ഞതായും തലകറക്കം, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും അഭിഭാഷകർ അറിയിച്ചു. ന്യൂയോർക്കിലെ വസതിയിൽ 24 മണിക്കൂറും സുരക്ഷയൊരുക്കി താമസിപ്പിക്കാമെന്ന നിർദേശവും അഭിഭാഷകർ മുന്നോട്ടുവച്ചിട്ടുണ്ട്.

എന്നാൽ ഫ്‌ളോറസ് രക്ഷപ്പെടാൻ സാധ്യതയുള്ള വ്യക്തിയാണെന്നും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി കോടതി ഇവരുടെ ജാമ്യം എതിർത്തു. ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. മഡുറോയും ഫ്‌ളോറസും നിലവിൽ ബ്രൂക്‌ലിനിലെ ഒരു തടങ്കൽ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം ജൂണിൽ ഇരുവരെയും വിചാരണ ചെയ്യാനാണ് തീരുമാനം.

ജനുവരിയിൽ അമേരിക്കൻ സൈനിക നടപടി വഴിയാണ് മഡുറോയെയും ഭാര്യ സീലിയ ഫ്‌ളോറസിനെയും കാരക്കാസിൽ നിന്ന് പിടികൂടിയത്. അമേരിക്കയ്‌ക്കെതിരെ മയക്കുമരുന്ന് ഭീകരവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും നശീകരണ ഉപകരണങ്ങളും കൈവശം വയ്ക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നേരത്തെ ഇരുവർക്കുമെതിരെ ചുമത്തിയരുന്നത്.

English Summary

The United States has filed new torture charges against former Venezuelan President Nicolás Maduro and his wife, Cilia Flores, adding to their existing criminal case involving alleged drug-trafficking and firearms offenses.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TORTURE CHARGED, MADURO, USA, WORLDNEWS, VENEZUELAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360