SignIn
Kerala Kaumudi Online
Saturday, 10 October 2026 1.40 AM IST

സമാധാനത്തിലെ നവനീതം

nobel

പേരിലെ നവനീതത്തിന് വെണ്ണയെന്നാണ് അർത്ഥമെങ്കിലും ഈ വർഷം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് തിര‌ഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ നിയമജ്ഞയും തമിഴ് വംശജയുമായ നവനീതം നവി പിള്ളയുടെ ജീവിതത്തിന് ചെറുപ്പംതൊട്ടെ പോരാട്ടത്തിന്റെ വജ്രമൂർച്ചയായിരുന്നു. വർണവിവേചനത്തിന്റെ ദീർഘചരിത്രം അസ്തിവാരമായുള്ള ദക്ഷിണാഫ്രിക്കയിൽ,​ ഇന്ത്യക്കാരും കറുത്തവർഗക്കാരും നേരിട്ട വിവേചനത്തിന്റെ കയ്പ് ആവോളം അനുഭവിച്ച ബാല്യം പക്ഷേ,​ നവനീതത്തിന്റെ മനസിൽ വിതച്ചത് നിരാശയല്ല,​ വംശീയ വിവേചനങ്ങളോട് പോരാടുവാനുള്ള കരുത്തിന്റെ വിത്തായിരുന്നു. ഹാർവാഡ് ലാ സ്കൂളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ നവനീതത്തിന്റെ വർണവിരുദ്ധ പോരാട്ടം അന്നേ തുടങ്ങിയതാണ്. ഹാർവാഡിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ആദ്യ ദക്ഷിണാഫ്രിക്കക്കാരി കൂടിയാണ് നവനീതം പിള്ള. ആ യാത്ര പിന്നീട് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ പദവിയിൽവരെ എത്തിയതും,​ ഏറ്റവുമൊടുവിൽ സമാധാന ദൗത്യങ്ങൾക്കുള്ള ലോകത്തിന്റെ കീർത്തിമുദ്ര‌യ്ക്ക് അർഹമായതും നവനീതം പിള്ളയ്ക്ക് കുടുംബവേരുകളുള്ള ഇന്ത്യയ്ക്കുകൂടി അഭിമാനം പകരുന്നതാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം തമിഴ്നാട്ടിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ നറ്റാൽ പ്രവിശ്യയിലേക്ക് കുടിയേറിയതായിരുന്നു നവനീതത്തിന്റെ മുത്തച്ഛനും കുടുംബവും. അപ്പാർത്തിഡ് ഭരണക്രമത്തിന്റെ ഉരുക്കുമുഷ്ടിയുടെ കാടത്തവും ക്രൂരതയും ആവോളം അനുഭവിച്ച അവരുടെ പിന്മുറക്കാരിയുടെ രക്തത്തിൽ വർണവിവേചനത്തിനെതിരായ പോരാട്ടം ചെറുപ്പത്തിലേ തിളച്ചുതുടങ്ങിയത് സ്വാഭാവികം. ബസ് ഡ്രൈവറായിരുന്ന അച്ഛന്റെ ചെറിയ വരുമാനത്തിൽ എട്ട് കുട്ടികൾ അടങ്ങിയ കുടുംബം ദാരി‌ദ്ര്യത്തെ അതിന്റെ എല്ലാ സങ്കടങ്ങളോടെയും അനുഭവിച്ചു. പക്ഷേ,​ പ്രയാസങ്ങളുടെ പ്രതിബന്ധങ്ങൾക്ക് തടുക്കാവുന്നതായിരുന്നില്ല നവനീതത്തിന്റെ ഉള്ളിലെ വിജ്ഞാനദാഹം. അത് നിയമത്തിന്റെയും ഏകതയുടെയും വഴികളിലൂടെ പിൻതിരിഞ്ഞുനോക്കാതെ സഞ്ചരിച്ചു. 1967ൽ നറ്റാൽ പ്രവിശ്യയിൽ സ്വന്തം നിയമസ്ഥാപനം ആരംഭിച്ച ആദ്യവനിതയായി.

നെൽസൺ മണ്ടേലയുടെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരുടെ അപ്പാ‌ർത്തിഡ് വിരുദ്ധ പോരാട്ടങ്ങൾക്ക് നവനീതം നിയമസഹായം നല്കി. അപ്പാർത്തിഡ് കാടത്തത്തിന്റെ ഇരുണ്ട യുഗത്തിന് ജനാധിപത്യത്തിലൂടെ അറുതി വരുത്തിയ മണ്ടേല 1994ൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ആയതിനു പിന്നാലെ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ വെള്ളക്കാരിയല്ലാത്ത ആദ്യ വനിതാ ജഡ്ജിയായി നിയമിച്ചത് നവനീതം പിള്ളയെയായിരുന്നു. ആ വർഷംതന്നെ റുവാണ്ടയ്ക്കുള്ള ഐക്യരാഷ്ട്ര സംഘടനയുടെ രാജ്യാന്തര ക്രിമിനൽ ട്രൈബ്യൂണൽ അദ്ധ്യക്ഷയും അതിനുശേഷം രാജ്യാന്തര ക്രിമിനൽ കോടതി ജഡ്ജിയുമായി. 2008ൽ യു.എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ പദവിയിൽ അവരോധിതയായി. 2014വരെ ആ പദവിയിൽ തുടർന്നു. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ ഇക്വാലിറ്റി നൗവിന്റെ സഹസ്ഥാപക കൂടിയായി.

2021ൽ നവനീതം അദ്ധ്യക്ഷയായ യു.എൻ കമ്മിഷനാണ് ഗാസയിലെ പലസ്തീനികൾക്കുനേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയുടെ ക്രൂരചിത്രം പുറത്തുവിട്ടത്. ഇസ്രയേൽ ആ റിപ്പോർട്ട് തള്ളിയെങ്കിലും ലോകത്തിനു മുന്നിൽ അതൊരു നടുക്കം ബാക്കിവയ്ക്കുന്നതായി. 1994ൽ മണ്ടേലയും ഫ്രെഡറിക് വില്യം ഡി ക്ളെർക്കും സമാധാന നോബൽ പങ്കിട്ടതിനുശേഷം ദക്ഷിണാഫ്രിക്കയിലേക്കു ചെല്ലുന്നത് അതേ ശബ്ദത്തിന്റെ പിന്മുറക്കാരിയിലേക്കാണ് എന്ന പ്രത്യേകതയുമുണ്ട്. നിയമജ്ഞ എന്നനിലയിൽ വഹിച്ച ഓരോ പദവിയിലും വംശീയ വിവേചനത്തിനും ലിംഗവിവേചനത്തിനുമെതിരെ മൂർച്ചയോടെ സംസാരിക്കുകയും,​ ലോകസമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി മുഴക്കമായിത്തീരുകയും ചെയ്ത നവനീതത്തിന്റെ നോബൽ ബഹുമതി,​ വിവേചനങ്ങളുടെ പുതിയ വാർത്തകൾ ലോകമെങ്ങും നിന്ന് വന്നുകൊണ്ടിരുന്ന കാലത്ത് ആ പോരാട്ടം ഏറ്റെടുക്കാൻ പുതിയ തലമുറയ്ക്കു കൂടി പ്രചോദനമാകുന്നതാണ്. നിയമത്തിന് മനുഷ്യനീതിയുടെ മുഖം പകർന്ന പ്രതിഭയുടെ ലോകശബ്ദം ഇന്ത്യയുടേതു കൂടിയാണ് എന്നതിൽ അഭിമാനിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NOBEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION