
കേരളത്തിന്റെ അഭിമാന സർവീസ് എന്ന് ഭരണാധികാരികൾ വിശേഷിപ്പിച്ച കെ.എ.എസ് പരീക്ഷയുടെ നടത്തിപ്പിലും പി.എസ്.സി ക്രമക്കേട് കാട്ടിയെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതാണ്. കെ.എ.എസിന് പുറമേ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പരീക്ഷകളിൽ തട്ടിപ്പ് നടന്നതായാണ് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ. പ്ളാനിംഗ് ബോർഡ് ചീഫ് നിയമനത്തിൽ സ്വന്തം പാർട്ടിക്കാർക്ക് വേണ്ടി പി.എസ്.സി കാട്ടിയ കേട്ടുകേൾവിയില്ലാത്ത തിരിമറികൾ അന്വേഷണ സംഘത്തിന് മാത്രമല്ല ഇപ്പോൾ നാട്ടുകാർക്കാകെ ഏതാണ്ട് ബോദ്ധ്യമായിട്ടുണ്ട്. 58 മാർക്കിന്റെ ഉത്തരം മൂല്യനിർണയം നടത്താത്തത് പ്രത്യക്ഷ അഴിമതിയല്ലേ എന്ന് ചോദിച്ചുകൊണ്ട് പി.എസ്.സിയോട് അന്വേഷണത്തിൽ സഹകരിക്കാത്തത് എന്തുകൊണ്ട് എന്ന് ആരാഞ്ഞിരിക്കുകയാണ് ഹൈക്കോടതി. 180 പരാതികളാണ് പി.എസ്.സിക്ക് എതിരെയുള്ളതെന്നും സമൻസ് നൽകിയിട്ടും ചെയർമാനടക്കം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെ അറിയിച്ചപ്പോഴാണ് ജസ്റ്റിസ് ബദറുദ്ദീൻ പി.എസ്.സിയെ രൂക്ഷമായി വിമർശിച്ചത്.
പ്രതിയായിട്ടല്ല ക്രൈംബ്രാഞ്ച് ബന്ധപ്പെട്ടവരെ വിളിപ്പിച്ചിരിക്കുന്നത്. വസ്തുതകൾ അറിയാവുന്നവർ എന്ന നിലയിലാണ്. അതിനാൽ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായി മൊഴി നൽകാൻ കോടതി വാക്കാൽ നിർദ്ദേശിക്കുകയും ചെയ്തു. മൂല്യനിർണയം നടത്താത്തത് ക്ളറിക്കൽ എറർ എന്ന മട്ടിലാണ് പി.എസ്.സി ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. അതൊരു ക്ളറിക്കൽ തെറ്റല്ല, മറിച്ച് സ്വന്തക്കാരെ കുടിയിരുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് വേണം സംശയിക്കേണ്ടത്. മറച്ചുവയ്ക്കാൻ ഒന്നുമില്ലെങ്കിൽ പിന്നെ അന്വേഷണസംഘം ആവശ്യപ്പെടുന്ന വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് മടിക്കേണ്ട കാര്യമില്ലല്ലോ. ഭരണഘടനാ സ്ഥാപനമായതുകൊണ്ട് തങ്ങൾ കൂടിയവരാണെന്നും അതിനാൽ ഇങ്ങോട്ടുവന്ന് ഞങ്ങളെ കാണണമെന്നും ആഗ്രഹിക്കുന്നത് സത്യത്തിന്റെയും ധാർമ്മികതയുടെയും ബലമുണ്ടെങ്കിൽ നല്ലതാണ്. അതില്ലാതെ, ഭരണഘടനാ വിരുദ്ധമായ ക്രമക്കേടുകൾ ചെയ്തിട്ട് ബലം പിടിച്ചിരിക്കുന്നത് അപഹാസ്യമാണ്.
ഐ.ജി അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് കെ.എ.എസ് ഉൾപ്പെടെയുള്ള മൂന്ന് പരീക്ഷകളുടെ ചോദ്യപേപ്പർ പോലും പുറത്തുപോയന്നതടക്കം സംശയിക്കുന്നത്. ഇത്തരം സർവീസുകളിൽ അന്നത്തെ ഭരണകക്ഷിയുമായി ബന്ധമുള്ള ചിലർ കയറിപ്പറ്റിയതായും മനസിലാക്കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. കെ.എ.എസ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് തെളിഞ്ഞാൽ ആ പരീക്ഷയുടെ നടത്തിപ്പ് പി.എസ്.സിയിൽ നിന്ന് എടുത്തുമാറ്റാനുള്ള നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അതിനായി യു.പി.എസ്.സി മാതൃകയിൽ പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കണം. സർക്കാരിന്റെ ഉന്നത പദവികളിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിയിൽ നിന്ന് മാറ്റി ഈ ബോർഡിന്റെ കീഴിലാക്കുന്നതും പരിഗണിക്കാവുന്നതാണ്. ജുഡിഷ്യൽ സർവീസിലെ നിയമനങ്ങൾ ഹൈക്കോടതി നേരിട്ടാണ് നടത്തുന്നത്.
അതുപോലെ പി.എസ്.സിക്ക് ഇത്രയും കൂടുതൽ അംഗങ്ങൾ ആവശ്യമുണ്ടോ എന്നും ആലോചിക്കേണ്ടതാണ്. ഭാരിച്ച ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി നാട്ടിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ പറ്റിക്കുന്നത് അത്ര സുഖകരമായ ഏർപ്പാടല്ല. ഭരണഘടനാ സ്ഥാപനമെന്ന ലേബൽ അട്ടിമറി നടത്താനുള്ള മറയാക്കി ആരും മാറ്റരുത്. അങ്ങനെ മാറ്റിയാൽ അതിനെതിരെ യുവജനങ്ങളുടെ രൂക്ഷമായ പ്രതിഷേധം ഇന്നല്ലെങ്കിൽ നാളെ ഉയർന്നുവരും. അത്തരം പല പ്രതിഷേധങ്ങളും ഇന്ത്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ പി.എസ്.സി ചെയർമാനും ബന്ധപ്പെട്ട അംഗങ്ങളും അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ചെന്ന് അറിയാവുന്ന വിവരങ്ങൾ പറഞ്ഞുകൊടുക്കുന്നതാണ് ഉചിതം. കെ.എ.എസ് പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞാൽ അതിന് ഉത്തരവാദികളായവർ മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടതാണ്. അതിനാൽ പഴുതടച്ച അന്വേഷണമാണ് അക്കാര്യത്തിൽ ഉറപ്പാക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |