
ആഗോള- ആഭ്യന്തര തലങ്ങളിലെ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ നീണ്ട ഇടവേളയ്ക്കുശേഷം റിപ്പോ നിരക്ക് വർദ്ധിപ്പിക്കാനുള്ള റിസർവ് ബാങ്കിന്റെ തീരുമാനം രാജ്യത്ത് ഒട്ടേറെ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടനൽകുന്നതാണ്. ആർ.ബി.ഐ വായ്‌പാ നിരക്ക് ഉയർത്തിയതോടെ സ്വാഭാവികമായും വാണിജ്യ ബാങ്കുകളും പലിശ നിരക്കുകൾ വർദ്ധിപ്പിക്കാൻ നിർബന്ധിതരാകും. ഇത് ബാങ്കുകളിൽ നിന്ന് വായ്പ എടുത്തിട്ടുള്ളവർക്ക് തിരിച്ചടിയാകും. ഭവന വായ്‌പ, വാഹന വായ്പ, വ്യക്തിഗത വായ്‌പ എന്നിവ എടുത്തിട്ടുള്ളവരുടെ ഇ.എം.ഐ വർദ്ധിക്കാനും വായ്‌പാകാലാവധി നീളാനും വരെ ഇതിടയാക്കും. പുതിയ വായ്പ എടുക്കാൻ ശ്രമിക്കുന്നവർക്കും അധിക ബാദ്ധ്യത സൃഷ്ടിക്കും. ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള എം.പി.സി എന്ന പണനയ സമിതിയാണ് റിപ്പോ നിരക്ക് കാൽശതമാനം ഉയർത്തി 5.50 ശതമാനമാക്കി നിശ്ചയിച്ചിരിക്കുന്നത്.
2023 ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് റിപ്പോ നിരക്കിൽ ഉയർന്ന മാറ്റം വരുത്തിയിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷവും തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിപ്പും ഇന്ത്യയെപ്പോലെ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായാണ് റിസർവ് ബാങ്കിന്റെ പുതിയ തീരുമാനം. കാലാവസ്ഥാ വ്യതിയാനവും എൽനിനോ പ്രതിഭാസവും കാർഷിക ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. അങ്ങനെ വന്നാൽ വരുംമാസങ്ങളിൽ ഭക്ഷണസാധനങ്ങളുടെ വിലക്കയറ്റത്തിനും തുടർന്ന് പണപ്പെരുപ്പത്തിനും ഇത് കാരണമാകുമെന്ന് ആർ.ബി.ഐ കണക്കുകൂട്ടുന്നു. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ നേരിടുന്ന സമ്മർദ്ദവും പലിശ നിരക്ക് ഉയർത്താൻ കാരണമായിട്ടുണ്ട്.
അതേസമയം പലിശ നിരക്ക് കൂടുന്നത് സ്ഥിരനിക്ഷേപകർക്ക് ഗുണകരമാകും. ഫിക്സഡ് ഡെപ്പോസിറ്റായി കൂടുതലും പണം നിക്ഷേപിക്കുന്നത് ഉയർന്ന സാമ്പത്തിക നിലവാരം പുലർത്തുന്ന മദ്ധ്യവർഗക്കാരും പ്രവാസികളുമാണ്. പലിശ നിരക്ക് കൂട്ടുന്നത് പലവിധത്തിലുള്ള സാമ്പത്തിക തിരിച്ചടികൾക്കും ഇടയാക്കുമെങ്കിലും രാജ്യത്തിന്റെ ജി.ഡി.പി വളർച്ചാ നിരക്കിനെ അതു ബാധിക്കില്ലെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. നടപ്പ് സാമ്പത്തിക വർഷത്തെ (2026- 27) ആകെ ജി.ഡി.പി വളർച്ചാ പ്രവചനം 6.7 ശതമാനത്തിൽ നിന്ന് 7.1 ശതമാനമായി ആർ.ബി.ഐ ഉയർത്തിയിട്ടുണ്ട്. ലോകമാകെ സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും ഇന്ത്യ കഴിഞ്ഞ ക്വാർട്ടറിൽ ജി.ഡി.പി വളർച്ചയിൽ വൻ കുതിപ്പ് നേടിയിരുന്നു. പലിശ ഉയരുന്ന സാഹചര്യത്തിൽ ഇ.എം.ഐയിലും മറ്റും വരുന്ന മാറ്റം വരുമാനം വർദ്ധിക്കാത്ത പശ്ചാത്തലത്തിൽ സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റ് തകിടം മറിയാൻ ഇടയാക്കുമെന്നതിൽ സംശയിക്കേണ്ടതില്ല.
വർഷങ്ങൾക്ക് ശേഷം അടിസ്ഥാന പലിശ നിരക്ക് ഉയർത്തിയതിന്റെ പ്രതിഫലനം ഓഹരി വിപണിയിലും ദൃശ്യമായിരിക്കുന്നു. ഓഹരി വിപണിയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
അതേസമയം ബാങ്കിംഗ് ഓഹരികളുടെ ഡിമാന്റ് ഉയരുകയും ചെയ്തു. പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനിയും റിപ്പോ നിരക്ക് കൂട്ടുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. പണപ്പെരുപ്പം നടപ്പ് പാദത്തിൽ 6 ശതമാനത്തിലെത്തും. എന്നാലും അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാകില്ലെന്നാണ് എം.പി.സിയുടെ വിലയിരുത്തൽ. കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്ന ഭരണപരമായ നടപടികൾ കേന്ദ്ര സർക്കാരിൽ നിന്ന് ഇനിയും ഉണ്ടാകേണ്ടത് ആവശ്യമാണ്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അത് അനിവാര്യമാണ്. അതോടൊപ്പം തന്നെ രാജ്യത്തെ ഉൗർജ്ജ ഉത്പാദന ചെലവുകൾ കുറയ്ക്കുന്നതിനാവശ്യമായ സോളാർ, ഹൈഡ്രജൻ, ഇലക്ട്രിക് മേഖലകളിൽ പുതിയ ഉണർവ് സൃഷ്ടിക്കാനുള്ള പ്രഖ്യാപനങ്ങളും നടപടികളും ഉണ്ടാകേണ്ടത് ഇറക്കുമതി അധിഷ്ഠിത പണപ്പെരുപ്പ സാദ്ധ്യത കുറയ്ക്കാൻ ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |