
കൊളോണിയൽ കാലഘട്ടത്തിലെ നിർബന്ധിത തൊഴിൽ മുതൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം വരെ നീളുന്ന പോരാട്ടങ്ങളുടെ കഥ പറയാനുണ്ട് സമാധാന നോബൽ പുരസ്കാരം നേടിയ നവനീതം നവി പിള്ള എന്ന നിയമ വിദഗ്ദ്ധയ്ക്ക്. അഭിഭാഷകയിൽ നിന്ന് ലോകം അറിയുന്ന ന്യായാധിപയിലേക്കുള്ള നവിയുടെ യാത്രയിൽ ദശാബ്ദങ്ങൾ പഴക്കമുള്ള വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു.
1890കളിലാണ് നവിയുടെ പൂർവ്വികർ തമിഴ്നാട്ടിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്കെത്തിയത്. കരിമ്പിൻ തോട്ടങ്ങളിലും മറ്റും ജോലി ചെയ്യാൻ കരാർ വ്യവസ്ഥയിൽ എത്തിയ ആയിരക്കണക്കിന് ദരിദ്ര തൊഴിലാളികളിൽപ്പെട്ടവരായിരുന്നു അവർ. നറ്റാൽ പ്രവിശ്യയിലെ തോട്ടങ്ങളിൽ കഠിന സാഹചര്യങ്ങളിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത അവരുടെ കുടുംബം പതിയെ ആ മണ്ണിന്റെ മക്കളായി മാറി. അങ്ങനെ നറ്റാലിൽ വേരുറപ്പിച്ചവരാണ് നവിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ.
1941 സെപ്തംബർ 23ന് നാരായൺസാമി നായിഡുവിന്റെയും ശാന്തമ്മ നായിഡുവിന്റെയും എട്ടു മക്കളിൽ അഞ്ചാമത്തെയാളായി ഡർബനിലെ ക്ലെയർവുഡിലാണ് നവിയുടെ ജനനം. നവിയുടെ അച്ഛൻ ബസ് ഡ്രൈവറായിരുന്നു. കുടുംബം പുലർത്താൻ മത്സ്യബന്ധനമടക്കം പല തൊഴിലുകൾക്കും അദ്ദേഹം പോയി. ദരിദ്ര സാഹചര്യത്തിൽ ജീവിച്ച അവർ ഹിന്ദു മൂല്യങ്ങൾ ശക്തമായി പിന്തുടർന്നു. മക്കളെ ആൺ, പെൺ വ്യത്യാസമില്ലാതെ സമത്വത്തോടെ വളർത്താൻ അവർ ശ്രദ്ധിച്ചു.
നവി ഇന്ന് ലോകത്തിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നുണ്ടെങ്കിൽ, വർഷങ്ങൾക്ക് മുമ്പ് അവരുടെ അച്ഛനും അമ്മയുമെടുത്ത ധീര നിലപാടാണ് അതിനു കാരണം. തങ്ങളുടെ ആൺമക്കൾക്ക് ലഭിക്കുന്ന അതേ വിദ്യാഭ്യാസം തന്നെ പെൺമക്കൾക്കും നൽകുമെന്ന നിലപാടിൽ അവർ ഉറച്ചുനിന്നു. വർണ്ണ വിവേചന വ്യവസ്ഥയ്ക്ക് കീഴിൽ, ഇന്ത്യൻ വംശജർ തിങ്ങിപ്പാർത്ത, ദാരിദ്ര്യവും വേർതിരിവും നിറഞ്ഞ പ്രദേശത്താണ് കുടുംബം ജീവിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ അനുവദിക്കാതെ പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചുവിടുന്ന കാലം. സ്കൂളിൽ നവിയുടെ കൂട്ടുകാരികൾ മിക്കവരും വിവാഹിതരായി.
ഇതൊന്നും വകവയ്ക്കാതെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനുള്ള ഓട്ടപ്പാച്ചിലിലായിരുന്നു നവിയുടെ അച്ഛനും അമ്മയും. മുതിർന്ന മക്കൾ ഉപയോഗിച്ച നോട്ട്ബുക്കിലെ ബാക്കി വന്ന പേജുകൾ കീറിയെടുത്ത് തുന്നിച്ചേർത്ത് ഇളയ മക്കൾക്ക് നൽകുന്ന പതിവ് ശാന്തമ്മയ്ക്കുണ്ടായിരുന്നു. പുസ്തകങ്ങൾ വാങ്ങാനുള്ള പണം ഇല്ലാത്തതാണ് കാരണം. എല്ലാം കണ്ടുംകേട്ടും വളർന്ന നവി, മിടുക്കിയായി പഠിച്ചു. നറ്റാൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് അവളെ സഹായിക്കാൻ ക്ലെയർവുഡിലെ ഇന്ത്യൻ വംശജർ പണം സമാഹരിച്ചുനൽകി.
അഞ്ചാം വയസിൽ
കോടതിയിൽ
വെറും അഞ്ച് വയസുള്ളപ്പോൾ 'നിയമം' നവിയുടെ അസ്ഥിയിൽ എഴുതിച്ചേർക്കപ്പെട്ടു. അമ്മ നൽകിയ 5 പൗണ്ട് തന്റെ കൈയിൽ നിന്ന് മോഷണം പോയതിനെ തുടർന്ന് കുഞ്ഞു നവിക്ക് കോടതിയിൽ മൊഴി നൽകേണ്ടി വന്നു. മോഷ്ടാവിനെ കണ്ടെത്തിയെങ്കിലും പിതാവിന്റെ ഒരുമാസത്തെ ശമ്പളമായ ആ തുക തിരികെ കിട്ടിയില്ല.
പിന്നീട് കറുത്ത വംശജർക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന്റെ കാരണങ്ങൾ തേടി നവി യാത്ര തുടങ്ങി. സ്കൂളിൽ ഇതുസംബന്ധിച്ച ഉപന്യാസങ്ങൾ എഴുതി മെഡലുകൾ വാങ്ങി. പഠന കാലത്ത് വെള്ളക്കാരുടെ മക്കൾക്ക് ലഭിച്ച പരിഗണനകൾ നവിക്കും കറുത്ത വംശജരായ സുഹൃത്തുക്കൾക്കും ലഭിച്ചില്ല. പാഠപുസ്തകങ്ങൾ മുതൽ ലൈബ്രറികളിൽ വരെ വേർതിരിവ് പ്രകടമായിരുന്നു.
പ്രതിസന്ധികൾ തരണം ചെയ്ത് നിയമബിരുദം നേടിയ നവിയെത്തിയത് ഹാർവാഡ് ലാ സ്കൂളിലേക്കാണ്. വിദേശ വിദ്യാർത്ഥി പദ്ധതി വഴിയായിരുന്നു പ്രവേശനം. എൽഎൽ.എമ്മും ഡോക്ടറേറ്റും നേടി. ഹാർവാഡ് ലാ സ്കൂളിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ദക്ഷിണാഫ്രിക്കനാണ് നവി.
നിയമത്തിന്റെ മുഖം
1967: നറ്റാൽ പ്രവിശ്യയിൽ നിയമ പ്രാക്ടീസ് തുടങ്ങി. നെൽസൺ മണ്ടേല അടക്കം വർണ്ണവിവേചന വിരുദ്ധ ആക്ടിവിസ്റ്റുകൾക്ക് പ്രതിരോധം തീർത്തു. രാഷ്ട്രീയ തടവുകാർ നേരിട്ട ക്രൂരതകൾ പുറത്തെത്തിച്ചു.
1995: ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ജഡ്ജിയായി മണ്ടേല നിയമിച്ചു. പിന്നീട് അന്താരാഷ്ട്ര ക്രിമിനൽ കോടതി അടക്കം വിവിധ അന്താരാഷ്ട്ര ജുഡിഷ്യൽ സംവിധാനങ്ങളുടെ ഭാഗമായി. ബലാത്സംഗത്തെ വംശഹത്യയുടെ ഘടകമായി നിയമപരമായി നിർവചിക്കുന്നതിൽ നിർണായ പങ്കുവഹിച്ചു (അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ ഫോർ റുവാണ്ടയുടെ ഭാഗമായിരിക്ക).
2008- 2014: യു.എൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറായിരിക്കെ ആധുനിക അടിമത്തം, മനുഷ്യക്കടത്ത്, അവകാശ ലംഘനം എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചു
ദത്തുപുത്രിമാരുടെ അമ്മ
രണ്ട് ദത്തുപുത്രിമാരുടെ അമ്മയാണ് നവി. നിയമ പഠനത്തിനിടെ കണ്ടുമുട്ടിയ ഇന്ത്യൻ വംശജനായ ഗാബി പിള്ളയായിരുന്നു ഭർത്താവ്. മൂന്ന് പതിറ്റാണ്ടോളം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ ഗാബിയും നവിയും വേർപിരിഞ്ഞു. 1990കളുടെ അവസാനം ഗാബി അന്തരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |