SignIn
Kerala Kaumudi Online
Monday, 19 October 2026 1.41 AM IST

പണത്തിന് മീതെ പരുന്തും, അങ്ങാടി വാണിഭവും

a

'രാമനാണ്ടാലും രാവണനാണ്ടാലും കോരന് കുമ്പിളിൽ കഞ്ഞി'.സമ്പന്നന് സ്വർണത്തളികയിൽ പാൽപ്പായസം. പണക്കാരന് ഒരു നീതി, പാവപ്പെട്ടവന് മറ്റൊരു നീതി. കുറ്റാന്വേഷണത്തിൽ രാജ്യത്തെ എറ്റവും മികച്ച സേനയെന്ന് പേരുകേട്ട കേരള പൊലീസിന്റെ മറ്റൊരു മുഖമാണ് കൊച്ചിയിൽ കണ്ടത്. നിരപരാധികൾ ഉൾപ്പെടെയുള്ള പാവങ്ങളെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ച് ജീവച്ഛവങ്ങളാക്കുകയും പുറത്തിറങ്ങുമ്പോൾ മനംനൊന്ത് ആത്മഹത്യയിലേക്ക് വരെ

നയിക്കുകയും ചെയ്യും. പണവും സ്വാധീന ശേഷിയുമുള്ളയാളാണ് പ്രതിയെങ്കിൽ പൊലീസ് സ്റ്റേഷനിൽപോലും വി.ഐ.പി പരിഗണന.അവിടെ നിയമവും ചട്ടങ്ങളും കാറ്റിൽപ്പറക്കും.

കേരള പൊലീസിലെ എല്ലാവരും അത്തരക്കാരാണെന്നല്ല.സാധാരണക്കാരോട് മാന്യമായി പെരുമാറുകയും,നീതി നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുമുണ്ട്. പക്ഷേ, മണിക്കിലുക്കത്തിന് മുന്നിൽ കണ്ണ് മഞ്ഞളിക്കുകയും,കവാത്ത് മറക്കുകയും

ചെയ്യുന്നവരാണ് ഏറെയും. പൊലീസിന്റെ ഇരട്ടമുഖം കണ്ട് മന:സാക്ഷി മരവിക്കാത്ത മലയാളികളാകെ മൂക്കത്ത് വിരൽ വച്ചത് കഴിഞ്ഞ ദിവസമാണ്.എറണാകുളം നെടുമ്പാശേരിയിൽ നടന്ന മിനി കൂപ്പർ അപകടത്തിൽ. സ്കൂട്ടറിൽ സഞ്ചരിച്ച പാവപ്പെട്ട മൂന്ന് വിദ്യാർത്ഥികളുടെ വിലപ്പെട്ട ജീവനാണ് മദ്യപിച്ച് ലക്കുകെട്ട് ആഡംബര കാറിൽ

പറന്നെത്തിയ സമ്പന്ന പുത്രന്റെ വിളയാട്ടത്തിൽ നടുറോഡിൽ പൊലിഞ്ഞത്.

പ്രഥമദൃഷ്ട്യാ കുറ്റക്കാരനായ പ്രതി കോടീശ്വര പുത്രനാണെന്ന് കേട്ടപ്പോൾതന്നെ പലരും നിനച്ചു,​ മുകളിലൂടെ പരുന്തും പറക്കില്ല.എയർപോർട്ട് റോഡിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു കോളേജ് കുമാരനായ സുഹൈൽ സജീവെന്ന 19കാരൻ കാട്ടിയ പണത്തിന്റെ ഹുങ്കിൽ കൗമാരം പിന്നിടാത്ത ഗോപിക,ദേവിക,ഇയാസ് എന്നിവരുടെയും കുടുംബങ്ങളുടെയും ജീവിത സ്വപ്നങ്ങൾ ഇല്ലാതായത്. 'എയർപോർട്ട് റോഡിൽ വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താണ്

കുഴപ്പം?.ആളുകൾ മരിച്ചതിന്റെ കേസൊക്കെ വാപ്പ നോക്കിക്കോളും'. തന്റെ കാറിടിച്ച് കൺമുന്നിൽ മൂന്ന് ചെറുപ്പക്കാരുടെ ജീവൻ പിടഞ്ഞമരുമ്പോൾ, ആ ഭാഗത്തേക്ക് തിരിഞ്ഞു പോലും നോക്കാതെ സുഹൈൽ അവിടെ ഓടിക്കൂടി ചോദ്യം ചെയ്തവരോട് തട്ടിക്കയറുകയായിരുന്നു.

നേരം പുലരും മുമ്പ് ജനങ്ങൾ ആശങ്കപ്പെട്ടതുതന്നെ നടന്നു. പുലർച്ചെ രണ്ടോടെ നടന്ന അപകടത്തിൽ പൊലീസ് കേസെടുത്തതും, സുഹൈൽ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ ആശുപത്രിയിലെത്തിച്ച് രക്തസാമ്പിൾ പരിശോധനയ്ക്ക് കൊടുത്തതും മണിക്കൂറുകൾ വൈകി.ഒടുവിൽ, പൊലീസ് സമർപ്പിച്ച എഫ്.ഐ.ആറിൽ പ്രതി 'അജ്ഞാതൻ'. പ്രതിയുടെ പേരിറയില്ലായിരുന്നുവത്രെ.

ഹെൽമെറ്റില്ലാതെ ടൂ വീലറിൽ പോകുന്നയാളെ പോലും തടഞ്ഞുനിറുത്തി ജാതകം വരെ ചോദിച്ച് പിഴയീടാക്കുന്ന പൊലീസ് എന്തുകൊണ്ട് സുഹൈലിനോട് പേര് ചോദിച്ചില്ല?.

കാറുടമയെ തിരിച്ചറിയാൻ ബുക്കും പേപ്പറും പരിശോധിച്ചില്ല?.അമ്മൂമ്മയുടെ മുഖത്ത് തിളച്ച വെള്ളമൊഴിച്ചതിന് ഒരാഴ്ചമുമ്പ് കോടതി റിമാൻഡ് ചെയ്ത 18കാരിയെ പാർപ്പിച്ചത് ജയിലിൽ. മദ്യപിച്ച് അമിത വേഗതയിൽ ഓടിച്ച കാറിടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതിയായ 19കാരനെ കൊണ്ടുപോയത് ജയിലിലേക്കല്ല.18നും 21നും മദ്ധ്യേ പ്രായക്കാരായ വിചാരണത്തടവുകാരെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്കൂളിൽ.

അത് റിമാൻഡ് പ്രതികൾക്കുള്ളതല്ല. അവിടെ പാർപ്പിച്ചത് കോടതി ഉത്തരവാണെന്ന് വാദിക്കാമെങ്കിലും,എഫ്.ഐ.ആറിൽ അതിനുള്ള സാഹചര്യം ഒരുക്കിയത് പൊലീസല്ലേ?.മിനി കൂപ്പറിൽ നേരത്തേ 218 കിലോമീറ്റർ വേഗതയിൽ ഓടിച്ച് 'സാഹസം' കാട്ടിയ സുഹൈലിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞിട്ടും ട്രാഫിക് നിയമപാലകരുടെയും എ.ഐ ക്യാമറകളുടെയും കണ്ണിൽപ്പെട്ടില്ല!. അപകട ദിവസം സുഹൃത്തുക്കളുമൊത്ത് 150 കിലോമീറ്റർ വേഗതയിൽ കൊച്ചി നഗരത്തിലൂടെ കുതിച്ചു പാഞ്ഞിട്ടും കാണേണ്ടവർ‌ കണ്ണടച്ചു. ദേശീയ പാതയിലൂടെ 80 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിച്ചാൽ തന്നെ പണി കിട്ടുന്ന നാടാണ്.

കാർ യാത്രയ്ക്കിടെ സുഹൈലും കൂട്ടരും ഇടയ്ക്ക് പൂസാവാൻ വൈറ്റിലയിലെയും, പാലാരിവട്ടത്തെയും ഇടപ്പള്ളിയിലെയും ബാറുകളിൽ കയറിയെന്നാണ് കണ്ടെത്തൽ. രാത്രി 2 മണിക്ക് ചായ കുടിക്കാൻ ഒരു യുവാവിനൊപ്പം രണ്ട് പെൺകുട്ടികൾ പോയതാണ് കുറ്റമെന്ന് ചില 'സദാചാര സംരക്ഷകർ '.അതും അവരുടെ ചിതയിലെ തീ കെടും മുമ്പ്. തൃക്കാക്കരയിലെ ക്രാഫ്റ്റ്സ് ഉത്പന്ന വിൽപ്പന കേന്ദ്രത്തിലെ താത്കാലിക ജോലിക്കൊപ്പം, കൊച്ചിയിൽ ഉപരി പഠനവും നടത്തുകയായിരുന്നു മൂന്ന് പേരുമെന്ന് അറിയുമ്പോഴാണ് ഈ ചോദ്യം അസംബന്ധമാവുന്നത്.

മരിച്ചവരുടെ ജാതിയും മതവും തെരഞ്ഞ് വിമർശിക്കാനും ചില കുബുദ്ധികൾ ശ്രമിച്ചു. സാമൂഹ്യ,വാർത്താ മാദ്ധ്യമങ്ങളുടെ ജാഗ്രതയും പൊതുജന വികാരവും കണ്ടാവാം, അൽപ്പം വൈകിയെങ്കിലും പൊലീസും ഭരണാധികാരികളും ഉണർന്നു. കാറിന്റെ അമിത വേഗതയും,പ്രതിയുടെ രക്തത്തിൽ അഞ്ചിരട്ടിയിലേറെ അധികം അളവിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതും പൊലീസ് റിമാന്റ് റിപ്പോർട്ടിൽ ചേർത്തു. പ്രോസിക്യൂഷനും ശക്തമായി എതിർത്തതോടെയാണ് സുഹൈൽ ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളിയത്.23 വയസ് തികയാത്ത പ്രതികൾക്ക് മദ്യം നൽകിയ മൂന്ന് ബാറുകളുടെയും ലൈസൻസ് എക്സൈസ് സസ്പെൻഡ് ചെയ്തതും നല്ല കാര്യം. കേസ് തുടങ്ങിയിട്ടേയുള്ളൂ. പൊലീസിന്റെ തിരക്കഥയിൽ ഇനി എന്തൊക്കെ ട്വിസ്റ്റ് സംഭവിക്കുമെന്ന് കണ്ടറിയാം!

റഷ്യയിൽ മഴ പെയ്യുന്നതിന് കേരളത്തിൽ കുട പിടിക്കുന്നതെന്തിന്?,പണ്ട് കമ്മ്യൂണിസ്റ്റുകാരോട് കോൺഗ്രസുകാർ കളിയാക്കി ചോദിച്ചിരുന്നു.പക്ഷേ, മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്.ഐ.ആർ ഇട്ട് കേസെടുക്കാൻ വൈകിയതിന്റെ പേരിൽ പോര് കോൺഗ്രസിലാണ്.കേസിൽ ഇ.ഡിയുടെ ആവശ്യപ്രകാരം എഫ്.ഐ.ആർ ഇട്ട് വിജിലൻസ് അന്വേഷണത്തിന് വിടാൻ സതീശൻ സർക്കാർ മുതിരാത്തത് രണ്ടുകാരണം കൊണ്ടാണ്.

ഒന്ന്,ബി.ജെ.പിയുമായി ഡീലെന്ന ആരോപണമുയരും. രണ്ട്,കരിമണൽ കമ്പനിയിൽനിന്ന് 'സംഭാവന' വാങ്ങിയവരിൽ കോൺഗ്രസ്, ലീഗ് നേതാക്കളും ഉൾപ്പെടും.അതിനാലാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്.

പക്ഷേ, ഹൈക്കോടതി അത് റദ്ദാക്കി.എഫ്.ഐ.ആർ ഫയൽ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടു.അതിനെതിരെ പിണറായി സമർപ്പിച്ച ഹ‌ർജിയെ സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ പിന്താങ്ങിയതാണ് കോൺഗ്രസിലെ ചില യുവ സിംഹങ്ങളെ ചൊടിപ്പിച്ചത്.അന്തരിച്ച ഉമ്മൻ ചാണ്ടിക്ക് പിണറായി സർക്കാർ നൽകാതിരുന്ന നീതി എന്തിന് പിണറായിക്ക് ഈ സർക്കാർ

നൽകുന്നുവെന്നാണ് മാത്യു കുഴൽനാടന്റെ ചോദ്യം. പിണറായിയുടെ ഭരണ കാലത്തെ 'എന്തൊക്കെയാണ് മറക്കേണ്ട'തെന്ന് സി.ആർ.മഹേഷ് എം.എൽ.എയ്ക്ക് സംശയം.പിണറായി സർക്കാരാണോ ഇപ്പോഴും കേരളം ഭരിക്കുന്നതെന്ന 'സംശയത്തിൽ' ചില തീവ്ര കോൺഗ്രസുകാർ. 'പിള്ളേർ ഇത്രയൊക്കെ അറിഞ്ഞാൽ മതി' എന്ന ഭാവത്തിൽ

വി.ഡി.സതീശനും,രമേശ് ചെന്നിത്തലയും.'ആടറിയുന്നുണ്ടോ അങ്ങാടി വാണിഭം'!

(വിദുരരുടെ ഫോൺ: 9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION