SignIn
Kerala Kaumudi Online
Friday, 19 June 2026 10.57 AM IST

സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി, നഷ്ടപ്പെട്ടത് 50 ലക്ഷം രൂപ

READ ENGLISH VERSION
diogjeron-santan-nazareth

ബംഗളൂരു: സൈബ‌ർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. കർണാടക ബെലഗാവിയിലാണ് സംഭവം. ഖാനപൂരിലെ ബീഡി ഗ്രാമവാസികളായ ദിയോഗ്‌ജെറോൺ സാന്റൻ നസറെത്ത് (82), ഭാര്യ ഫ്ളാവിയാന (79) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ചയാണ് ഇരുവരെയും മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്. മഹാരാഷ്ട്ര സെക്രട്ടറിയേറ്റിൽ നിന്ന് വിരമിച്ചയാളാണ് ദിയോഗ്‌ജെറോൺ. ഇവർക്ക് മക്കളില്ല.

വീടിന് പുറത്തെ ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ദിയോഗ്‌ജെറോണിന്റെ മൃതദേഹം. കഴുത്തറുത്ത് മരിക്കുകയായിരുന്നു. കൈത്തണ്ടയിലും മുറിവുണ്ട്. വീടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലാണ് ഫ്ളാവിയാനയുടെ മൃതദേഹം കണ്ടെത്തിയത്. വിഷം കഴിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ദിയോഗ്‌ജെറോൺ എഴുതിയതായി കരുതപ്പെടുന്ന ഒരു കുറിപ്പ് കണ്ടെടുത്തു. മരണത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്നും ആരുടെയും കാരുണ്യത്തിൽ ജീവിക്കാൻ താത്‌പര്യമില്ലെന്നുമാണ് കത്തിൽ പറയുന്നത്.

സുമിത് ബീറ, അനിൽ യാദവ് എന്നിവരുടെ പേരുകൾ കത്തിൽ പരാമർശിക്കുന്നുണ്ട്. ന്യൂഡൽഹിയിൽ നിന്നുള്ള ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ ബീറ, ദിയോഗ്‌ജെറോണിന്റെ പേരിൽ ഒരു സിം കാർഡ് ആരോ എടുത്തുവെന്നും ഇതുപയോഗിച്ച് അധിക്ഷേപങ്ങളും അനധികൃത പരസ്യങ്ങളും ചെയ്യുന്നതായും അറിയിച്ചു. ശേഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരിൽ യാദവ് സംസാരിച്ചു. അനധികൃത സിം കാ‌ർഡ് ഉപയോഗത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ യാദവ്, ദിയോഗ്‌ജെറോണിന്റെ സമ്പത്തിന്റെയും സ്വത്തിന്റെയും വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. പിന്നാലെ 50 ലക്ഷം രൂപയും ഇവർക്ക് ദിയോഗ്‌ജെറോൺ കൈമാറി. പിന്നീടും പണമയക്കാൻ ഇവർ ആവശ്യപ്പെട്ടു. 7.15 ലക്ഷത്തിന് ഒരു സ്വർണ വായ്‌പ എടുത്തതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങിയതായും ഭാര്യയുടെ ആഭരണങ്ങൾ ഉപയോഗിച്ച് ഇത് അടച്ചുതീർക്കണമെന്നും കത്തിൽ ദിയോഗ്‌ജെറോൺ അഭ്യർത്ഥിച്ചിരുന്നു. മൃതദേഹം പഠനത്തിനായി നൽകണമെന്നും അദ്ദേഹം കത്തിൽ നിർദേശിക്കുന്നുണ്ട്.

സംഭവത്തിൽ ആത്മഹത്യാപ്രേരണയും സൈബർ തട്ടിപ്പും ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. ദിയോഗ്‌ജെറോണിന്റെ മൊബൈൽ ഫോൺ, ആത്മഹത്യയ്ക്ക് ഉപയോഗിച്ച കത്തി, ആത്മഹത്യാക്കുറിപ്പ് എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CYBER FRAUD, ELDERLY COUPLE, KARNATAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY