SignIn
Kerala Kaumudi Online
Friday, 19 June 2026 10.48 AM IST

പ്രാർത്ഥനകൾ സഫലം, അബിഗേൽ സാറയെ കണ്ടെത്തി; കേരളത്തിന്റെ മകൾ സുരക്ഷിത

READ ENGLISH VERSION

abigel-sara

കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കുന്ന വിവരങ്ങൾ. കുട്ടിയെ സിറ്റി പൊലീസ് കമ്മിഷണർ ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കുഞ്ഞിനെ മൈതാനത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ പൊലീസ് തുടരുകയാണ്. അബിഗേലിനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം മാതാപിതാക്കൾക്ക് കൈമാറും.

അജ്ഞാതർ തട്ടികൊണ്ടു പോയി 20 മണിക്കൂറുകൾ പിന്നിടുമ്പോഴാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സഹോദരനൊപ്പം ട്യൂഷന് പോവുകയായിരുന്ന ആറു വയസുകാരി അബിഗേലിനെ സ്ത്രീ ഉൾപ്പെട്ട അജ്ഞാത സംഘമാണ് തട്ടികൊണ്ടുപോയത്. അബിഗേലിന്റെ സഹോദരൻ ജോനാഥനെയും മുഖംമൂടി സംഘം കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറി രക്ഷപ്പെട്ടു. രാത്രി 7.45ന് അഞ്ച് ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ ഫോൺ കോളെത്തി. പാരിപ്പള്ളി കുളമടയിലെ കടയിലെത്തി ഉടമയായ ഗിരിജയുടെ ഫോൺ വാങ്ങി വിളിക്കുകയായിരുന്നു. ഓട്ടോയിലാണ് സ്ത്രീയും പുരുഷനും എത്തിയതെന്ന് അവർ പറഞ്ഞു. കടയിൽ നിന്ന് ബിസ്‌ക്കറ്റും റസ്‌കും തേങ്ങയും വാങ്ങിയാണ് മടങ്ങിയത്.അതിന് ശേഷം പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് രണ്ടാമതും അമ്മയുടെ ഫോണിലേക്ക് സ്ത്രീയുടെ വിളിവന്നു. കുഞ്ഞ് ഞങ്ങളുടെ കൈയിൽ സുരക്ഷിതയാണെന്ന് അറിയിച്ചു. ഇപ്പോൾ പണം തന്നാൽ കുട്ടിയെ തിരികെ നൽകുമോയെന്ന് ചോദിച്ചപ്പോൾ രാവിലെ പത്ത് മണിക്ക് നൽകാനാണ് ബോസിന്റെ നിർദ്ദേശമെന്നായിരുന്നു മറുപടി. രാവിലെ 10ന് പത്തുലക്ഷം അറേഞ്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോൺ കട്ടായി.


പൂയപ്പള്ളി കാറ്റാടിമുക്കിന് സമീപം ഓട്ടുമല റെജി ഭവനിൽ റെജി ജോണിന്റെയും സിജിയുടെയും ഇളയ മകളാണ് അബിഗേൽ. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിലെ ഡയാലിസിസ് ഇൻചാർജ്ജാണ് റെജി. സിജി കൊട്ടിയം കിംസിലെ നഴ്സും.


വ്യാജ നമ്പർ വച്ച വെള്ള ഹോണ്ട കാറിലെത്തിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്‌കൂൾ വിട്ട ശേഷം ഒന്നാം ക്ലാസുകാരി അബിഗേലും മൂന്നാം ക്ലാസുകാരൻ ജോനാഥനും നൂറ് മീറ്ററപ്പുറമുള്ള ട്യൂഷൻ വീട്ടിലേക്ക് പോവുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ കാർ കുട്ടികൾക്ക് അരികിൽ നിറുത്തി. കാറിൽ നിന്നിറങ്ങിയ ഒരാൾ അമ്മയ്ക്ക് കൊടുക്കെന്ന് പറഞ്ഞ്ഒരു പേപ്പർ അബിഗേലിന് നേരെ നീട്ടിയ ശേഷം പെട്ടെന്ന് കാറിലേക്ക് വലിച്ച് കയറ്റി. ജോനാഥനെ പിടിച്ചപ്പോൾ കൈയിലുണ്ടായിരുന്ന കമ്പ് ഉപയോഗിച്ച് അടിച്ച് രക്ഷപ്പെട്ടു. കാർ അതിവേഗത്തിൽ ഓടിച്ചുപോയി. ഓയൂർപാരിപ്പള്ളി റൂട്ടിലേക്കാണ് കാർ പോയത്. ജോനാഥൻ ഉറക്കെ കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. വീട്ടിൽ റെജിയുടെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടുകാർ ഉടൻ പൊലീസിൽ അറിയിച്ചു. പൊലീസ് സംസ്ഥാനത്തെയും തമിഴ്നാട്ടിലെയും എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും വിവരം കൈമാറി. നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടയിലാണ് ആശ്വസകരമായ വാർത്ത എത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ABIGEL SARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY