
കാസർകോട്: വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിൽ സ്വദേശി ശ്രീജിത്തിനെയാണ് (42) അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്‌തത്. വിവാഹബന്ധം വേർപെടുത്തിയ 39 കാരി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ബന്ധം സ്ഥാപിച്ച ശേഷം യുവാവ് പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് 39കാരി നൽകിയിരിക്കുന്ന പരാതി. മലയോരത്ത് യുവതിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും ശ്രീജിത്തിന്റെ നിർബന്ധത്തിൽ വിറ്റിരുന്നു. ഈ തുകയ്‌ക്ക് മറ്റൊരിടത്ത് സ്ഥലം വാങ്ങി. ബാക്കി വന്ന തുക ശ്രീജിത്ത് കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ പുതിയതായി വാങ്ങിയ വീടും സ്ഥലവും പണയം വച്ചും ഇയാൾ പണം വാങ്ങി. തുടർന്നാണ് ബന്ധത്തിൽനിന്ന് പിന്മാറിയതെന്നും പരാതിയിൽ പറയുന്നു.
വിവാഹിതനായ ശ്രീജിത്ത് നേരത്തെയും വിവാഹബന്ധം വേർപെടുത്തി കഴിയുന്ന സ്‌ത്രീകളുമായി ബന്ധംസ്ഥാപിക്കുകയും പണം തട്ടുകയും ചെയ്‌തിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. വിവാഹബന്ധം വേർപെടുത്തിയ പരപ്പ സ്വദേശിയുടെ വീട്ടിൽ വിവാഹാഭ്യർത്ഥനയുമായി ശ്രീജിത്ത് എത്തിയിരുന്നതായും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |