
വലപ്പാട്: കാർ വേഗം കുറച്ച് ഓടിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവിനെയും കുടുംബത്തെയും ആക്രമിക്കുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. വലപ്പാട് കഴിമ്പ്രം സ്വദേശികളായ നെടിയിരിപ്പിൽ വീട്ടിൽ ശ്രീഹരി ചന്ദ് (26), വലിയകത്ത് വീട്ടിൽ അനന്തകൃഷ്ണൻ (28) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കും. ഈ മാസം 26ന് വൈകിട്ട് 7.45ഓടെ കഴിമ്പ്രം സ്‌കൂളിന് കിഴക്കുവശത്തുള്ള റോഡിലായിരുന്നു സംഭവം. വെങ്കിടങ്ങ് സ്വദേശിനി ഇടക്കാട്ടുതറ വീട്ടിൽ ആബിദ (46)യും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആബിദയുടെ മകൻ തൻസിൽ ഓടിച്ചിരുന്ന കാർ മഴ കാരണം വേഗം കുറച്ച് ഓടിച്ചതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പരാതി. കാറിലുണ്ടായിരുന്ന ആബിദയെയും രണ്ട് മക്കളെയും മരുമകളെയും മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയെയും ആക്രമിച്ചു. കാറിന് ഏകദേശം 20,000 രൂപയുടെ നാശനഷ്ടവും വരുത്തിയെന്നാണ് കേസ്. അറസ്റ്റിലായ അനന്തകൃഷ്ണൻ വലപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുമാണ്. വലപ്പാട് പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ മൗഷമി, അമൽരാജ്, ഉണ്ണി, സാബു, എ.എസ്.ഐ പ്രജീഷ്, എസ്.സി.പി.ഒമാരായ റഷീദ്, സോഷി, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |