
കൊച്ചി: വൈറ്റിലയിൽ വാഹനം തടഞ്ഞുനിർത്തി എം.ഡി.എം.എ പിടികൂടിയ കേസിൽ മുഖ്യപ്രതി വരുൺദേവിന്റെ രാഷ്ട്രീയ ബന്ധങ്ങൾ മറനീക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ കോട്ടയം ജില്ലയിലെ നേതാവുമായി പ്രതിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് എക്സൈസിന് കിട്ടിയ വിവരം. ഇതുവരെ കേസുകളിൽപ്പെടാത്ത വരുൺദേവ് കോട്ടയത്തെ ഒരു അഭിഭാഷകനുമായി പുലർത്തിവരുന്ന ബന്ധവും അന്വേഷണ പരിധിയിലാണ്. യുവനേതാവിനും അഭിഭാഷകനും മയക്കുമരുന്ന് കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്ന് പരിശോധിക്കും.
യുവ നേതാവുമായി വരുൺദേവ് പുലർത്തുന്ന സാമ്പത്തിക ബന്ധത്തിന് പ്രാഥമിക തെളിവുകൾ എക്സൈസിന് ലഭിച്ചു. ഇടപാടിനെ മയക്കുമരുന്നുമായി ബന്ധിപ്പിക്കാനുള്ള അന്വേഷണം തുടരുന്നു. നേതാവും അഭിഭാഷകനും വരുൺദേവും ഒരേ സംഘത്തിലെ കണ്ണികളാണെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവല്ല സ്വദേശിയായ വരുൺദേവ് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് അടിക്കടി ഡൽഹി, രാജസ്ഥാൻ, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ പോകുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഓരോ ഇടപാടിലും 50 ലക്ഷം രൂപയാണ് കേരളത്തിലെ വിറ്റുവരവ്. ഈ പണം എങ്ങോട്ടാണ് പോകുന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഇയാളുടെ ബാങ്ക് ഇടപാടുകളെപ്പറ്റി അന്വേഷണം തുടങ്ങി. ഓണക്കാലത്ത് ബാങ്കുകൾ അവധിയായതിനാൽ വിശദവിവരങ്ങൾ എക്സൈസിന് ലഭിച്ചിട്ടില്ല. ഡിജിറ്റൽ ഇടപാടുകൾ നടത്തുന്ന പതിവ് വരുൺദേവിനില്ലെന്നാണ് പ്രാഥമിക സൂചന.
ആഗസ്റ്റ് 22നാണ് കോട്ടയത്ത് നിന്ന് ജീപ്പിൽ വരുമ്പോൾ വൈറ്റിലയിൽ 232 ഗ്രാം എം.ഡി.എം.എയുമായി വരുൺദേവും വിപിനും പിടിയിലായത്. കൂട്ടാളികളായ സിദ്ദിക്കും ഫിനല മരിയയും 49 ഗ്രാം രാസലഹരിയുമായി പിടിയിലായതാണ് പ്രതികളിലേക്ക് നയിച്ചത്.
കേസിൽ വരുൺദേവ് ഉൾപ്പെടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ എക്സൈസ് അടുത്തദിവസങ്ങളിൽ കോടതിയെ സമീപിക്കും. എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ജോബിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് (എസ്.എ.ടി) കേസ് അന്വേഷിക്കുന്നത്. അതിനിടെ മാസങ്ങൾക്ക് മുമ്പ് തൃക്കാക്കര പൊലീസ് പിടികൂടിയ രാസലഹരി കൈമാറിയത് വരുൺദേവാണെന്ന് തിരിച്ചറിഞ്ഞു. ഇക്കാര്യം തൃക്കാക്കര പൊലീസിനെ അറിയിച്ചിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |