
കൊച്ചി: സ്നേഹിതയെ കൂട്ടിക്കൊണ്ട് വരാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയ 20കാരിയുടെ മൊബൈൽ ഫോൺ തട്ടിയെടുത്ത 18കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ഉത്തർദിനാജ് പൂര് സ്വദേശി ഇസ്തേഖറാണ് പിടിയിലായത്.
എറണാകുളം നോർത്ത് ശാസ്താ ടെമ്പിൾ റോഡിൽ ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. സമീപത്തെ ഹോസ്റ്റലിൽ താമസിക്കുന്ന റേഡിയോളജി വിദ്യാർത്ഥി കോട്ടയം എരുമേലി സ്വദേശി ആര്യയുടെ ഫോണാണ് തട്ടിയെടുത്തത്. നോർത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ വന്നിറങ്ങുമെന്ന് അറിയിച്ച സ്നേഹിതയോട് ഫോണിൽ സംസാരിച്ച് നീങ്ങവെയാണ് ഫോൺ തട്ടിയെടുത്തത്.
ഫോൺ തട്ടിപ്പറിക്കുന്നതിനിടെ ആര്യ നിലത്ത് വീണു. യുവതി ഒച്ചയുണ്ടാക്കിയതോടെ ഓടിയെത്തിയവരാണ് യുവാവിനെ പിടികൂടി നോർത്ത് പൊലീസിന് കൈമാറിയത്. ഫോൺ കൈവശമുണ്ടായിരുന്നു. പാലക്കാട് ഹോട്ടൽ തൊഴിലാളിയായിരുന്ന പ്രതി ജോലി നഷ്ടമായതിനെ തുടർന്നാണ് എറണാകുളത്ത് എത്തിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ മനോജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |