
തൃശൂർ: വസ്ത്രവ്യാപാര ഉടമയുടെ വീട്ടിൽനിന്ന് 50 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന മോഷ്ടാക്കൾ പിടിയിൽ. ഒട്ടനവധി ക്രിമിനൽ കേസുകളിലെ പ്രതിയായ പട്ടിക്കാട് പാണഞ്ചേരി സ്വദേശി സന്തോഷ് (കൽക്കി സന്തോഷ്), പ്രതിയെ സഹായിച്ച കുറ്റത്തിന് മണലൂർ സ്വദേശിനി സജിത, കൊടുങ്ങല്ലൂർ സ്വദേശിനി അഖില എന്നിവരെയാണ് പേരാമംഗലം പൊലീസും സിറ്റി പൊലിസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സാഗോഗ് ടീമും തൃശൂർ എ.സി.പി സ്‌പെഷ്യൽ സ്‌കോഡും ചേർന്ന് പിടികൂടിയത്.
പറപ്പൂർ സെന്ററിൽ തുണിക്കട നടത്തുന്ന സക്കീറിന്റെ വീട്ടിൽ കഴിഞ്ഞ 20നായിരുന്നു മോഷണം നടന്നത്. മകളുടെ കല്യാണ ആവശ്യങ്ങൾക്കായി സൂക്ഷിച്ച 50 പവൻ സ്വർണ്ണാഭരണങ്ങളാണ് വീടിന്റെ പിറകുവശത്തെ വാതിൽ തകർത്ത് മോഷ്ടിച്ചത്.
ജില്ലയിലും പുറത്തും ഒട്ടനവധി മോഷണക്കേസുകളിലെ പ്രതിയാണ് സന്തോഷ്. കർണാടകയിലെ ഗോൾഡ് റോബറി കേസിലും ഇയാൾക്ക് ബന്ധമുണ്ട്. സിറ്റി സ്‌പെഷൽ ബ്രാഞ്ച് എ.സി.പി ബിജോയ്, എ.സി.പി രാജേഷ്, പേരാമംഗലം ഇൻസ്‌പെക്ടർ വിനോദ്, എസ്.ഐ അജ്മൽ, സിറ്റി സാഗോഗ് ടീം അംഗങ്ങളായ അസി. സബ് ഇൻസ്‌പെക്ടർ പി.കെ.പഴനി സ്വാമി, എസ്.സി.പി.ഒമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സി.പി.ഒമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, തൃശൂർ എ.സി.പി സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ സി.പി.ഒ ഹരീഷ്, ദീപക്, പേരാമംഗലം സ്റ്റേഷനിലെ എ.എസ്.ഐ ജയൻ, സി.പി.ഒ ഷിജിൻ, കിരൺ എന്നിവരുമാണ് ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |