SignIn
Kerala Kaumudi Online
Monday, 07 September 2026 1.45 AM IST

ബാറിൽ സംഘർഷം: വെയിറ്ററെ ഫോർക്ക് കൊണ്ട് കുത്തി

police

കുളത്തൂർ: മദ്യപാനത്തിനിടെ ബില്ലുമായെത്തിയ ബാർ ജീവനക്കാരനെ മദ്യപസംഘം മർദ്ദിക്കുകയും ഫോർക്ക് ഉപയോഗിച്ച് കുത്തിപ്പരിക്കേല്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരനായ കണിയാപുരം മസ്താൻ മുക്ക് കൊച്ചു വടക്കതിൽ വീട്ടിൽ വിഷ്ണുവിനെ (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുളത്തൂർ ഗുരുനഗറിന് സമീപത്തെ 'അമിഗോസ്' ബാറിലാണ് സംഭവം. ബാറിലെ റൂഫ് ടോപ്പിൽ മദ്യപിച്ചിരുന്ന സംഘത്തോട് കഴിച്ച ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും ബില്ല് എടുക്കട്ടെ എന്ന് ചോദിച്ചതിൽ രോഷാകുലനായ പ്രതി വിഷ്ണുവിനെ അസഭ്യം പറഞ്ഞു മർദ്ദിക്കുകയും പ്ലേറ്റിലുണ്ടായിരുന്ന രണ്ട് ഫോർക്കുകൾ എടുത്ത് ആക്രമിക്കുകയായിരുന്നു.

ഫോർക്കുകൊണ്ട് വിഷ്ണുവിന്റെ കണ്ണിന് നേർക്ക് ആഞ്ഞു കുത്തിയത്. തടയാൻ ശ്രമിക്കുന്നതിനിടെ വലത് നെറ്റിയിൽ ഫോർക്ക് കൊണ്ട് ആഴത്തിൽ മുറിവേറ്റു. തുടർന്ന് നിലവിളിച്ചുകൊണ്ട് ഓടാൻ ശ്രമിച്ച വിഷ്ണുവിനെ തടഞ്ഞുനിറുത്തി നെഞ്ചിലും തലയിലും മർദ്ദിക്കുകയും വലതുകൈയിലെ ചൂണ്ടുവിരൽ കടിച്ചു മുറിക്കുകയുമായിരുന്നു. കണ്ണിന് നേരേയുള്ള കുത്ത് തടഞ്ഞില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്ന് തുമ്പ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു. ബാറുകളുടെ സമയം രാത്രി 12 വരെ നീട്ടിയതിന് ശേഷം മിക്കയിടത്തും ഇത്തരത്തിൽ അക്രമ സംഭവങ്ങൾ കൂടി വരുന്നതായി പരാതി ഉയർന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST, LATESTNEWS, CRIMENEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY