SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

മാല പൊട്ടിച്ച് കടന്ന കള്ളനെ 60കാരൻ പിന്തുടർന്ന് പിടികൂടി

akhil-

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം ഇടറോഡിൽ രാത്രി സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടക്കാൻ ശ്രമിച്ച മോഷ്ടാവിനെ 60കാരൻ പിന്തുടർന്ന് പിടികൂടി. വഴിയോരത്തെ കുറ്റിക്കാടുകൾക്കും ചതുപ്പിനും ഇടയിൽ മറഞ്ഞ കള്ളൻ ദൂരെ ഒളിപ്പിച്ച ബൈക്കിൽ രക്ഷപ്പെടാൻ എത്തിയപ്പോഴാണ് കയ്യോടെ പിടിയിലായത്.

ഇടക്കൊച്ചി കൃഷ്ണപിള്ള വായനശാല റോഡ് പുത്തൻ കൂട്ടുങ്കൽ വീട്ടിൽ അഖിൽ ഉണ്ണിയാണ് (28)മാല പൊട്ടിക്കൽ കേസിൽ അറസ്റ്റിലായത്. പൂണിത്തുറ ചമ്പക്കരയിൽ സുഹൃത്തിന്റെ പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങിയ തിരുവനന്തപുരം നെയ്യാറ്റിൻകര അതിയന്നൂർ കോട്ടുക്കോണം ചിത്തിര വീട്ടിൽ മുരുകന്റെ ഏഴ് പവൻ മാലയാണ് പൊട്ടിച്ചത്.

സാമൂഹ്യവിരുദ്ധ സംഘങ്ങളും മോഷ്ടാക്കളും വിഹരിക്കുന്ന എറണാകുളം സൗത്ത് വിവേകാനന്ദ റോഡിൽ തിങ്കളാഴ്ച രാത്രി 10 നായിരുന്നു സംഭവം. നാട്ടിലേക്ക് മടങ്ങാൻ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ മുരുകൻ ബസിൽ തിരക്കായതിനാൽ നാട്ടുകാരനായ മോഹനനൊപ്പം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോവുകയായിരുന്നു. ഈ സമയം കുറ്റിക്കാട്ടിൽ ബൈക്ക് ഒളിപ്പിച്ച ശേഷം, വൈദ്യുതി പോയ തക്കത്തിന് മുരുകനെയും മോഹനനെയും സമീപിച്ച അഖിൽ സൗഹൃദ സംഭാഷണം നടത്തി നടന്നു നീങ്ങവെയാണ് മാല പൊട്ടിച്ചത്. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം മുരുകന്റെ കയ്യിൽ കുരുങ്ങി.

പൊട്ടിച്ചെടുത്ത മാലയുമായി കടന്ന മോഷ്ടാവിന്റെ പിന്നാലെ മുരുകനും സുഹൃത്തും ഓടിയെങ്കിലും ഇയാൾ കുറ്റിക്കാടുകൾക്കിടയിൽ ഒളിച്ചു. അഞ്ച് മിനിറ്റ് കഴിഞ്ഞ് ബൈക്ക് എടുക്കാൻ എത്തിയപ്പോഴാണ് പിടികൂടിയത്. ബഹളം കേട്ട് പരിസരവാസികളും എത്തി. അഖിലിന്റെ കൂട്ടാളികളായ ചിലരും എത്തിയെങ്കിലും മുരുകൻ പൊലീസിനെ വിളിച്ചതോടെ പിന്തിരിഞ്ഞു. സെൻട്രൽ പൊലീസ് എത്തിയാണ് സ്റ്റേഷനിലേക്ക് കൊണ്ട് പോയത്. മാലയുടെ പൊട്ടിച്ചെടുത്ത ഭാഗം കണ്ടെത്താൻ ശ്രമം തുടരുന്നു. അഖിൽ ഉണ്ണി അടിപിടി കേസുകളിലും മദ്യപിച്ച് ബഹളമുണ്ടാക്കിയ കേസുകളിലും പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY