
കട്ടപ്പന: തിരുവോണദിനത്തിൽ നഗരത്തിൽ അവശനിലയിൽ കണ്ടെത്തുകയും പിന്നീട് ആശുപത്രിയിൽ മരിക്കുകയും ചെയ്ത യുവാവ് കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു. കേസിൽ മൂന്ന് പേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന സ്വദേശി കുഞ്ഞുമോനാണ് (മൊഴയൻ കുഞ്ചു- 45) കൊല്ലപ്പെട്ടത്. കട്ടപ്പന മുളകരമേട് ചെറുവള്ളിൽ റിനുമോൻ റെജി (29), കട്ടപ്പനയിൽ ബാർബർ ഷോപ്പ് നടത്തുന്ന കല്ലുകുന്ന് പീടികപ്പറമ്പിൽ പി.ടി. സുരേഷ്‌കുമാർ (54), മുളകരമേട് കുന്നേൽ ബാബു തങ്കപ്പൻ (67) എന്നിവരാണ് പിടിയിലായത്. നാലുപേരും സുഹൃത്തുക്കളാണ്. ഉത്രാടദിനത്തിൽ രാത്രി സുരേഷിന്റെ ബാർബർ ഷോപ്പിൽ നാല് പേരും ചേർന്ന് മദ്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ പ്രതികൾ കുഞ്ഞുമോനെ ക്രൂരമായി മർദിച്ചു. ചവിട്ടിവീഴ്ത്തിയ ശേഷം കുഞ്ഞുമോന്റെ നെഞ്ചിൽ തുടർച്ചയായി മർദിച്ചു. തുടർന്ന് കാലിൽ പിടിച്ച് കോൺക്രീറ്റ് പടികളിലൂടെ വലിച്ചിഴച്ച് റോഡരികിൽ തള്ളി. പടികളിൽ തലയിടിച്ചും ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൻ ഇഴഞ്ഞുനീങ്ങി സമീപത്തെ കടയുടെ വരാന്തയിൽ കിടന്നു. ഭൂരിഭാഗം ദിവസങ്ങളിലും കടകളുടെ വരാന്തകളിൽ ഇയാൾ കിടന്നുറങ്ങാറുള്ളതിനാൽ ആളുകൾ ഗൗനിച്ചില്ല. തിരുവോണദിനത്തിൽ രാവിലെയായിട്ടും ഇയാൾ എഴുന്നേറ്റ് പോകാത്തതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിച്ചു. കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായതിനാൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ പിറ്റേദിവസം മരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ എട്ട് വാരിയെല്ലുകൾക്ക് പൊട്ടലുള്ളതായും ആന്തരിക രക്തസ്രാവമുണ്ടായതായും കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ കുഞ്ഞുമോന് മർദനമേറ്റതായി വിവരം ലഭിച്ചു. ഇയാളെ പ്രതികൾ വലിച്ചിഴച്ച് കൊണ്ടുവരുന്നത് നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർ കണ്ടിരുന്നു. ഇദ്ദേഹത്തിന്റെ മൊഴിയാണ് വഴിത്തിരിവായത്. കുഞ്ഞുമോൻ മരിച്ചതറിഞ്ഞ് ഒളിവിൽ പോയ പ്രതികളെ അറസ്റ്റ് ചെയ്തു. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ മേൽനോട്ടത്തിൽ കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പനും സംഘവുമാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |