പത്തനംതിട്ട: മെഴുവേലി സഹകരണ ബാങ്ക് കവർച്ചാക്കേസിൽ നാലുപ്രതികൾക്ക് രണ്ടുവർഷവും ഏഴ് മാസവും കഠിന തടവും 7.10ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ഒന്നാംപ്രതി മെഴുവേലി ആലക്കോട് പുത്തൻ പറമ്പിൽ വീട്ടിൽ വിനു, രണ്ടാംപ്രതി ഓമല്ലൂർ വാഴമുട്ടം പുന്തല പുത്തൻവീട്ടിൽ സുരേഷ് കുമാർ, നാലാംപ്രതി എടത്വ ആനപ്പറമ്പാൽ തെക്കുംമുറി നേത്യാര് പറമ്പിൽ സുധീഷ്, അഞ്ചാംപ്രതി തലവടി ചൂട്ടുമാലി പുത്തൻപറമ്പിൽ ഗിരീഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
മോഷണ മുതൽ വാങ്ങിയ ഏഴാം പ്രതി താമരക്കുളം പാണ്ടശ്ശേരിയിൽ ബിജു രാമകൃഷ്ണന് ഒന്നര വർഷം തടവും വിധിച്ചു. 10000 രൂപ പിഴയുമൊടുക്കണം. ആറാംപ്രതി കൃഷ്ണപുരം കാപ്പിൽ കിഴക്കുമുറി മരങ്ങാട്ട് വടക്കേതിൽ വീട്ടിൽ കിഷോർ (ഹാരിജോൺ), എട്ടാംപ്രതി മലയാലപ്പുഴ താഴം പൊതിപ്പാട് പുളിമൂട്ടിൽ വീട്ടിൽ മനു (മനോജ്) എന്നിവരെ വെറുതെവിട്ടു.
മൂന്നാംപ്രതി ഒളിവിലാണ്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ഡോ.ജോൺ വർഗീസാണ് ശിക്ഷ വിധിച്ചത്. ശിക്ഷ മൂന്നുവർഷത്തിൽ കുറവായതിനാൽ പ്രതികൾക്ക് ജില്ലാ കോടതിയെ സമീപിക്കാൻ ഒരുമാസത്തേക്ക് ജാമ്യം നൽകി. 2011 ഓഗസ്റ്റ് 21, 22 തീയതികളിലായി ബാങ്കിന്റെ ജനൽ പാളികളുടെ അഴികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി ഉള്ളിൽകടന്ന് 4,19,000 രൂപയും 562.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും ഉൾപ്പെടെ ഒരു കോടിയുടെ മുതലുകൾ മോഷ്ടിച്ചെന്നാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |