
തിരുവനന്തപുരം: വഴിത്തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സഹോദരിക്കും മക്കൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. കടകംപ്പള്ളി വില്ലേജിൽ വെട്ടുകാട് വാർഡിൽ ഓൾ സെയിന്റസ് ഈന്തിവിളാകത്ത് സാബുവിനെ ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് സഹോദരിക്കും മക്കൾക്കും ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്.ഓൾ സെയിന്റ്സ് ഈന്തിവിളാകത്ത് താമസക്കാരിയായ സതീദേവി (50) അവരുടെ മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവർക്കാണ് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ഏഴാം അഡിഷണൽ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി.
2021 ഒക്ടോബർ 25നാണ് കേസിനാസ്പദമായ സംഭവം. കൊല്ലപ്പെട്ട സാബുവിനെ പ്രതികൾ കമ്പിപാര, ഇടിവള മുതലായ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.ഗുരുതര പരിക്കുകളേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സാബു 2021 ഡിസംബർ 31 ന് മരണപ്പെടുകയായിരുന്നു.
മരണപ്പെട്ട സാബുവിന്റെ സഹോദരി സതീദേവി മക്കളായ നിധീഷ്,ര തീഷ് എന്നിവരെ ജീവപര്യന്തം കഠിന തടവിനും, എട്ട് വർഷം കഠിന തടവിനും, മൂന്ന് പ്രതികളും ചേർന്ന് 3.5 ലക്ഷം പിഴ ഒടുക്കാനും കോടതി ഉത്തരവിൽ പറയുന്നു. വലിയതുറ പൊലീസ് ഇൻസ്പെക്ടറായ ആർ.പ്രകാശ്, സതികുമാർ എന്നിവർ അന്വേഷിച്ചാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി 43 സാക്ഷികളേയും 60 രേഖകളും ഹാജരാക്കി വിസ്തരിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വേണി.കെ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |