SignIn
Kerala Kaumudi Online
Friday, 25 September 2026 3.01 AM IST

മലേഷ്യയിൽ യുവാവ് മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

vaishnav

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് സ്വദേശിയായ യുവാവ് മലേഷ്യയിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം. വൈഷ്ണവിന്റെ മരണവുമായി ബന്ധപ്പെട്ട് (20) മാതാവ് വാമനപുരം കോട്ടുകുന്നം ചരുവിള വീട്ടിൽ ഷിനിയാണ് വെഞ്ഞാറമൂട് പൊലിസിൽ പരാതി നൽകിയത്.


വൈഷ്ണവ് മലേഷ്യയിൽ കപ്പലിൽ എബിൾ സീമാനായി ജോലി ചെയ്യുകയായിരുന്നു. സെപ്തംബർ 18ന് ഉച്ചയ്ക്ക് മലേഷ്യൻ നമ്പറിൽ നിന്ന് ഷീനയ്ക്ക് ഒരു ഫോൺ കാൾ ലഭിച്ചു. കപ്പലിലെ ക്രെയിൻ ബക്കറ്റ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വൈഷ്ണവിനെ ഹോസ്പിറ്റലിൽ എത്തിച്ചെന്നും തലച്ചോറിലുണ്ടായ രക്തസ്രാവവും തലയ്‌ക്കേറ്റ ഗുരുതര പരിക്കും കാരണം മരിച്ചെന്നുമാണ് അറിയിച്ചത്. തുടർന്ന് മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി നോർക്കയ്ക്കും മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലും കുടുംബവും നിവേദനം നൽകി.

എന്നാൽ മലേഷ്യയിൽ നിന്ന് ലഭിച്ച പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ നെഞ്ചിലും വയറ്റിലുമുള്ള ഗുരുതരമായ ക്ഷതങ്ങളാണ് മരണകാരണമായി പറയുന്നത്. ഇതാണ് സംശയത്തിന് കാരണം. അപകടസമയത്ത് ക്രെയിൻ പ്രവർത്തിപ്പിച്ചിരുന്ന വ്യക്തിക്ക് ക്രെയിൻ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് മലേഷ്യൻ പൊലീസിന്റെ രേഖകൾ വ്യക്തമാക്കുന്നു. മരണത്തിന്റെ യഥാർത്ഥകാരണം കണ്ടെത്താനായി മൃതദേഹം നാട്ടിലെത്തിച്ചശേഷം പോസ്റ്റ്മോർട്ടം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.


റിക്രൂട്ട്‌മെന്റ് ഏജൻസിക്കെതിരെയും ആരോപണം

ജയ്പൂരിലെ 'സിദ്ധി വിനായക് പ്രൊഫഷണൽ അക്കാഡമി പ്രൈവറ്റ് ലിമിറ്റഡ്' എന്ന സ്ഥാപനത്തിലാണ് വൈഷ്ണവ് മാരി ടൈം കോഴ്‌സിൽ ചേർന്നത്. അംഗീകാരമില്ലാതെയാണ് സ്ഥാപനം കോഴ്‌സുകൾ നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. ഹ്രസ്വകാല കോഴ്സ് സംഘടിപ്പിച്ച ശേഷം ഷിപ്പിംഗ് മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ച് വ്യാജമായി നാവിക രേഖകൾ സംഘടിപ്പിച്ചു നൽകിയെന്നാണ് പരാതി. മലേഷ്യൻ ഇമിഗ്രേഷൻ രേഖയുടെ മറവിൽ ഇന്ത്യൻ റിക്രൂട്ട്മെന്റ് ഏജന്റുമാരുമായും ഷിപ്പിംഗ് ആൻഡ് ഫോർവേഡിംഗ് ഏജൻസികളുമായും ഒത്തുകളിച്ച് മകനെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിക്കുകയായിരുന്നു. മാരിടൈം ഇൻഷ്വറൻസ് തട്ടിപ്പിന് ആസൂത്രിതമായി ഉണ്ടാക്കിയ അപകടമാണോ ഇതെന്ന് സംശയിക്കുന്നതായും പരാതിയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CASEDAIRY, LATESTNEWS, MALASIA, MYSTERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY