
കോട്ടയം: വ്യാജരേഖകൾ ചമച്ച് ജില്ലാ സഹകരണ ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ നിന്ന് 4.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പ്രതികൾക്ക് രണ്ടു വർഷം വീതം തടവും പിഴയും. തൊടുപുഴ ഇടിവെട്ടി മലേപ്പറമ്പിൽ ഇസ്മായിൽ, കോടിക്കുളം തങ്ങേൽ രാമകൃഷ്ണൻ എന്നിവരെയാണ് കോട്ടയം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി എം.സി സനിത ശിക്ഷിച്ചത്.
ആകെ പിഴത്തുകയായ 4.50 ലക്ഷം രൂപ പരാതിക്കാരന് നഷ്ടപരിഹാരമായി നൽകണം. ഇസ്മത് എന്നയാളുടെ പേരിൽ വ്യാജമായി തയ്യാറാക്കിയ രണ്ട് മെയിൽ ട്രാൻസ്ഫർ ഫോമുകളും റേഷൻ കാർഡിന്റെ പകർപ്പും ഉപയോഗിച്ച് ബാങ്കിൽ സേവിംഗ്‌സ് അക്കൗണ്ട് തുറന്ന പ്രതികൾ 2002 ഡിസംബർ 24 ന് 3.75 ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റി. ഇതിൽ 1.75 ലക്ഷം രൂപ സ്ഥിരനിക്ഷേപമാക്കി. ബാക്കി തുക ചെക്കുകൾ വഴി പിൻവലിച്ചു. 2003 ജനുവരി 20 ന് മറ്റൊരു വ്യാജ ഫോം ഉപയോഗിച്ച് 2.50 ലക്ഷം രൂപ കൂടി അക്കൗണ്ടിലേക്ക് മാറ്റി പിൻവലിച്ചു.
ഫെബ്രുവരി 15 ന് സ്ഥിരനിക്ഷേപം അവസാനിപ്പിച്ച് ഒരു ലക്ഷം രൂപ കൂടി പിൻവലിക്കാനും ശ്രമിച്ചു. കോട്ടയം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് കോട്ടയം യൂണിറ്റാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ഇൻസ്‌പെക്ടർമാരായ ഉല്ലാസ് കുമാർ, വി.ഐ പൗലോസ്, സോണി ഉമ്മൻകോശി, കെ.എ രമേശൻ, വി.എസ് അനിൽകുമാർ, ഡിവൈ.എസ്.പി ടി.എൻ വിനോദ് കുമാർ എന്നിവരായിരുന്നു അന്വേഷണസംഘം. പ്രോസിക്യൂഷനായി അഡ്വ.പി.വിനോദ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |