
ബാലരാമപുരം: നാല് വർഷത്തോളം പൊലീസിനെ വെട്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് നിശാന്ത് കവർന്നത് ഒന്നരക്കോടിയിലേറെ സ്വർണമെന്ന് നരുവാമൂട് പൊലീസ്. ഇന്നലെ സ്വന്തം നാട്ടിൽ ആദ്യം തെളിവെടുപ്പിനെത്തിച്ചപ്പോൾ നിശാന്തിനെ കാണാൻ നാട്ടുകാർ തടിച്ചുകൂടി. നവംബർ രണ്ടിന് നരുവാമൂട് സ്റ്റേഷനിൽ ഊരൂട്ടമ്പലം സ്വദേശിയായ രതീഷ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് നിശാന്ത് അഴിക്കുള്ളിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ നിശാന്തിനെ റസൽപുരം, മുടവൂർപ്പാറ ദിലീപ് റോഡ് എന്നിവിടങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. റസൽപുരത്ത് ശ്രീവേൽ ഫിനാൻസിലും ദിലീപ് റോഡിൽ സി.ബി.എസ് ഫൈനാൻസിലുമാണ് തെളിവെടുപ്പ് നടന്നത്.
ശ്രീവേൽ ഫിനാൻസിൽ നിശാന്തിന്റെ പേരിൽ 90 പവനും സഹോദരിയുടേയും ഭാര്യയുടെയും പേരിൽ 20 പവനോളവും പണയപ്പെടുത്തിയിരുന്നു. ഫൈനാസിലെ ലെഡ്ജർ പരിശോധിച്ചശേഷമാണ് 100 പവനോളം സ്വന്തം നാട്ടിലെ ഫിനാൻസിൽ തന്നെ നിശാന്ത് പണയം വച്ചതായി സ്ഥിരീകരിച്ചത്. ദിലീപ് റോഡിൽ സി.ബി.എസ് ഫൈനാസിൽ 45 പവനോളം പണയപ്പെടുത്തി. പ്രാഥമിക കണക്കെടുപ്പിൽ ഒന്നരക്കോടിയോളം സ്വർണം കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ മാറനല്ലൂർ,കാട്ടാക്കട,മലയിൻകീഴ്,ആര്യൻകോട് സ്റ്രേഷൻ പരിധിയിൽ കവർച്ച നടത്തിയിരുന്നു. നരുവാമൂട് എസ്.എച്ച്.ഒ കിരൺ ശശിധരൻ, എസ്.ഐ മാരായ രാജേഷ്, ബൈജു, ഹരിചന്ദ്രൻ, എസ്.സി.പി.ഒ ശ്രീകാന്ത്, ഹോംഗാർഡ് രമേശ് എന്നിവരുടെ നേത്യത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.
കൃത്യമായ പ്ലാനിംഗ്
റസൽപുരം ഫിനാൻസിലെ നാല് പവനൊഴിച്ച് ബാക്കിയുള്ള മുഴുവൻ പണയ ഉരുപ്പടികളും നിശാന്ത് തിരികെ എടുത്ത് വില്പന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. സ്വർണം വിറ്റ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇനിയുള്ള അന്വേഷണം ഫിനാൻസ് ഉടമയ്‌ക്ക് സംശയം വരാതിരിക്കാൻ നിരവധി തവണ സ്വർണം പണയപ്പെടുത്തുകയും തിരിച്ചെടുക്കുകയും ചെയ്തതായി സ്ഥീരീകരിച്ചിട്ടുണ്ട്. നിശാന്തിനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പ് നടത്തുന്നത്. തുടർദിവസങ്ങളിൽ മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ മോഷണങ്ങളിൽ തെളിവെടുപ്പ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |